'ചെറ്റത്തര'ത്തിന്റെ രാഷ്ട്രീയ നിഘണ്ടു
കന്നാസ്: എടാ കടലാസേ, ഈ നാട്ടിൽ എന്തുണ്ടായിട്ടും എന്ത് കാര്യം? നാടുനീളെ വികസനത്തിന്റെ പരസ്യ ബോർഡുകൾ അലക്കി വെളുപ്പിച്ചു വെച്ചിട്ടുണ്ടല്ലോ. എന്നിട്ടെന്താ, മാറ്റം വല്ലതും ഉണ്ടോ?
കടലാസ്: എന്ത് മാറ്റം വരാനാ കന്നാസേ? ജാത്യാലുള്ളത് തൂത്താൽ പോകില്ല എന്ന് കേട്ടിട്ടില്ലേ? അലക്കിത്തേച്ച മുണ്ടും മടക്കിക്കുത്തി നടന്നാലും ഉള്ളിലുള്ള 'ഭാഷാപ്രയോഗങ്ങൾ' പുറത്തുചാടാൻ വലിയ താമസമൊന്നും വേണ്ട. ഇത്തവണത്തെ ഐറ്റം കണ്ടില്ലേ നീ?
കന്നാസ്: ഓ... ആ 'ചെറ്റത്തരം' പ്രയോഗം അല്ലേ? അത് പിന്നെ നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു ശീലമല്ലേടാ. ഓരോ ഇലക്ഷൻ വരുമ്പോഴും മലയാളം ഡിക്ഷണറിയിലേക്ക് അദ്ദേഹം ഓരോ മുന്തിയ ഇനം വാക്കുകൾ സംഭാവന ചെയ്യും. 'നികൃഷ്ട ജീവി' യിൽ തുടങ്ങി 'കുലംകുത്തി' യും 'പരനാറി' യും കഴിഞ്ഞ് ഇപ്പോഴിതാ 'ചെറ്റത്തര' ത്തിൽ എത്തി നിൽക്കുന്നു.
കടലാസ്: അതാണ് കൗതുകം! ഇത്തവണ ഈ പ്രയോഗം ചെന്നു കൊണ്ടിരിക്കുന്നത് ആർക്കാണെന്നാ നീ നോക്കുന്നത്? കേരളത്തിൽ ഇന്നുള്ളതിൽ വെച്ച് ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് നേതാവാണെന്ന് ജനം പറയുന്ന ആൾക്കെതിരെയാ ഈ 'ചെറ്റത്തരം' ചാർത്തിക്കൊടുത്തിരിക്കുന്നത്. സ്വന്തം പാർട്ടിക്കാരെ പോലും ഇങ്ങനെ അലക്കി വെളുപ്പിക്കാൻ ഇദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെയുണ്ട്.
കന്നാസ്: അത് ശരിയാ. ചാനലുകാരും ഇത് ആഘോഷിക്കുകയല്ലേ. പത്തു കൊല്ലത്തെ ഭരണനേട്ടം എന്താണെന്ന് ചോദിച്ചാൽ, വികസനത്തിന് പകരം ഈ പറഞ്ഞ 'ചെറ്റത്തരങ്ങൾ' നിരത്തി വെക്കേണ്ടി വരുമോ എന്നാണ് എന്റെ സംശയം. രാവിലെ തൊട്ട് വൈകുന്നേരം വരെ ചാനലുകളിൽ ഈ ഒരൊറ്റ വാക്കിനെ ചൊല്ലിയുള്ള കടിപിടിയാണല്ലോ.
കടലാസ്: സത്യം. പക്ഷേ ഒന്ന് ആലോചിച്ചു നോക്കിയേ, രാഷ്ട്രീയ എതിരാളികളെ നേരിടാൻ ആശയങ്ങൾ തീർന്നുപോകുമ്പോഴാണല്ലോ ഇത്തരം തറ പ്രയോഗങ്ങൾ പുറത്തെടുക്കുന്നത്. പരസ്യ ബോർഡുകളിൽ പടം വെച്ചാൽ മാത്രം പോരാ, നാവിൽ കുറച്ച് മര്യാദ കൂടി ഉണ്ടാവണം. ഇതിപ്പോ അടുത്ത സീസണിൽ ഇതിലും വലിയ എന്ത് വാക്കാണ് കേൾക്കേണ്ടി വരിക എന്നോർക്കുമ്പോഴാ ഒരു പേടി!





