പാബ്ലോ എസ്കോബാറും 'മെഡേയീൻ സീവീക്കോ'യും

കൊളംബിയയിൽ എൺപതുകളുടെ അവസാനം വരെ ഒരു ന്യൂസ് പേപ്പറുണ്ടായിരുന്നു, പേര് "മെഡേയീൻ സീവീക്കോ" (Medellín Cívico). ലോകത്തെല്ലായിടത്തും ഉള്ളതുപോലെ മാധ്യമരംഗം നന്നാക്കാനിറങ്ങിയവരായിരുന്നു അവർ. പക്ഷെ അതിന്റെ അണിയറയിൽ ഉണ്ടായിരുന്നത് ലോകം വിറപ്പിച്ച കൊളംബിയൻ ഡ്രഗ് മാഫിയാത്തലവൻ പാബ്ലോ എസ്കോബാർ ആയിരുന്നു. അയാൾ സ്വന്തം അമ്മാവനെക്കൊണ്ട് സ്ഥാപിപ്പിച്ച പേപ്പറായിരുന്നു അത്. സ്വയം വെള്ളപൂശാനും, തനിക്കെതിരെ നടപടികൾ എടുക്കുന്ന സർക്കാരിനെ കടന്നാക്രമിക്കാനും, വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് മയക്കുമരുന്ന് സാമ്രാജ്യത്തിന് ജനകീയ പരിവേഷം തീർക്കാനുമുള്ള ആസൂത്രിത നീക്കമായിരുന്നു അത്. ടെലിവിഷനിലും ഒരു പ്രാദേശിക പരിപാടി സ്പോൺസർ ചെയ്ത് ഇതേ തന്ത്രം അയാൾ പയറ്റിയിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ അയാൾ കൊല്ലപ്പെട്ടതോടെ ഈ മാധ്യമ നാടകങ്ങളെല്ലാം അപ്രത്യക്ഷമായി.

മാഫിയകളും കൾട്ടുകളും പയറ്റുന്ന ആയുധം

മെക്സിക്കോയിലെ മയക്കുമരുന്ന് കാർട്ടലുകളും ഇറ്റലിയിലെ മാഫിയാ സംഘങ്ങളും സ്ഥിരമായി പയറ്റിയിരുന്ന തന്ത്രമാണ് മാധ്യമസ്ഥാപനങ്ങൾ സ്വന്തമായി നടത്തുക എന്നത്. തങ്ങളുടെ ക്രൂരകൃത്യങ്ങൾ മറയ്ക്കാനും എതിരാളികളെ ഇല്ലാതാക്കാനും പൊതുബോധത്തെ സ്വാധീനിക്കാനുമാണ് അവർ മാധ്യമങ്ങളെ ഉപയോഗിച്ചത്. ഇതിനു സമാനമായ അജണ്ടകളോടെ തന്നെയാണ് രാഷ്ട്രീയ പാർട്ടികളും മത-കൾട്ടുകളും മാധ്യമസ്ഥാപനങ്ങളെ തങ്ങളുടെ കുടക്കീഴിൽ നിർത്തുന്നത്.

കേരളത്തിലെ ക്രിമിനൽ മാധ്യമവൽക്കരണം

ദൗർഭാഗ്യവശാൽ കേരളത്തിലും അത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവർ നടത്തുന്ന മാധ്യമ സ്ഥാപനങ്ങൾ ഉയർന്നുവന്നു എന്നത് നമ്മുടെ സമൂഹത്തിനു സംഭവിച്ച വലിയ അപചയത്തിന്റെ തെളിവാണ്. മുഖ്യധാരയിൽ മാത്രമല്ല, യൂട്യൂബ് അടക്കമുള്ള ഡിജിറ്റൽ ഇടങ്ങളിലും ഇതിന്റെ അതിവ്യാപനം പ്രകടമാണ്. യുവാക്കൾക്ക് വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഇല്ലാത്ത സാഹചര്യം മുതലെടുത്ത് ഇത്തരം സ്ഥാപനങ്ങൾ വളർന്നു പന്തലിക്കുകയാണ് ചെയ്യുന്നത്.

പൊതുബോധം സംരക്ഷിക്കാൻ കർശന ഇടപെടൽ അനിവാര്യം

ഈ നാടിന്റെ പബ്ലിക് മൊറാലിറ്റിയും മൂല്യബോധവുമാണ് ഇത്തരം സ്ഥാപനങ്ങൾ തകർത്തെറിയുന്നത്. ജേണലിസത്തിന്റെ മറവിൽ ശുദ്ധ തട്ടിപ്പും ക്രിമിനലിസവും നടത്തുന്ന ഇത്തരം മാധ്യമ സംവിധാനങ്ങളെ സർക്കാർ നിയമപരമായി തന്നെ ഏതു വിധേനയും പൂട്ടിക്കെട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സോഷ്യൽ അക്ഷരങ്ങൾ : പ്രമോദ് കുമാർ