നമ്മുടെ 'മുഖ്യസ്ഥൻ' പിണറായി വിജയൻ നമ്മുടെ മലയാളത്തിലെ സമ്പൂർണ്ണ അഭിനേതാവായ മോഹൻലാലിനെ അഭിമുഖ സംഭാഷണം ചെയ്തത് മുഴുവൻ കുത്തിയിരുന്ന് കേട്ടു . കാരണം അതെ കുറിച്ച് നല്ലത് എഴുതുവാനും അല്ലെങ്കിൽ കുറ്റങ്ങൾ കണ്ടുപിടിക്കാനും നമ്മൾ മുഴുവൻ ക്ഷമയോടെ കേൾക്കണമല്ലോ . നമ്മൾ എത്രത്തോളം ഉയരത്തിൽ പറന്നാലും സമ്മാനം വാങ്ങുവാൻ താഴേക്ക് ഇറങ്ങിവരണം എന്നതിന്റെ ഉത്തമോദാഹരണമാണ് ആ അഭിമുഖത്തിൽ നിന്നും മനസ്സിലാകുന്നത് .

ചെയ്തുപോയ തെറ്റുകൾ അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ ജനങ്ങളിൽ ആഴത്തിൽ പതിച്ചിട്ടുണ്ട് എന്നതും ഇനിയും അതുപോലെയൊക്കെ ചെയ്തുകൂട്ടിയാൽ ജനത്തിന് ഇപ്പോഴുള്ള വെറുപ്പ് ഇരട്ടിയാകും എന്ന തിരിച്ചറിവാണ് അതിലെ ഓരോരോ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും . ദാസനേയും വിജയനേയും അദ്ദേഹത്തിന് ഇഷ്ടമുള്ളത് കൊണ്ട് കൂടുതൽ വിമർശിക്കുവാൻ ശ്രമിക്കുന്നില്ല . എന്നാലും മനസ്സിൽ തോന്നിയത് ഇവിടെ കുറിക്കുന്നു .

ആ അഭിമുഖം കൊണ്ട് മലയാള നിഘണ്ടുവിലേക്ക് ഒരു പുതിയ വാക്ക് വീണുകിട്ടി . ' മുഖ്യസ്ഥൻ ' എന്ന ആ വാക്ക് അധികമാരും കേൾക്കാത്ത വാക്ക് തന്നെ എന്ന് കരുതുന്നു . ‘കരുതൽ ‘ എന്ന വാക്കിനെ മോഹൻലാലിനെ കൊണ്ട് രണ്ടുമൂന്നു തവണ പറയിപ്പിച്ചു എന്നതിൽ തിരക്കഥ തയ്യാറാക്കിയവർക്ക് അഭിമാനിക്കാം . കഴിഞ്ഞ തവണ ആ ഒരൊറ്റ വാക്കിനാലാണ് മലയാളി തെറ്റിദ്ധരിച്ചുകൊണ്ട് തുടർഭരണം ഏൽപ്പിച്ചു കൊടുത്തത് .

ഇത്തവണ മൂന്നാം തുടർഭരണത്തിനു വേണ്ടിയല്ല ഈ അഭിമുഖം എന്ന് നമ്മുക്ക് മനസ്സിലാക്കാം . ഭരണം പോയാലും, മരണാനന്തരവും എകെജി പോലെ , ഇ എം എസ് പോലെ , നായനാർ പോലെ , കരുണാകരൻ പോലെ , ഉമ്മൻ‌ചാണ്ടി പോലെ ഒരു നല്ല മരണാനന്തര ബഹുമതിയും ആദരവും തനിക്കും ലഭിക്കണമേ എന്ന് പറയാതെ പറയുന്നതാണ് പല വിഷയങ്ങളിലും .

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ , നിന്റെ മക്കളിൽ ഞാനാണ് ഭ്രാന്തൻ .. പന്ത്രണ്ട് രാശിയും നീറ്റുമമ്മേ , ആ മക്കളിൽ ഞാനാണനാഥൻ ...ഇവിടെ പതിനാലു മക്കൾക്ക് ജന്മം നൽകി, അവരിൽ മൂന്നു പേർ മാത്രമാണ് ജീവിതത്തിലേക്ക് പിടിച്ചുനിന്നത്; ആ മൂവരിൽ ഏറ്റവും ഇളയവൻ പിന്നീട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാറി. ഇത് അത്ഭുതത്തിന്റെ കഥയല്ല, നഷ്ടങ്ങൾക്കിടയിൽ നിന്ന് ഉയർന്നുവന്ന ധൈര്യത്തിന്റെ ചരിത്രമാണ്.

ഓരോ മരണവും അമ്മയുടെ ഹൃദയത്തിൽ പതിഞ്ഞ നിശ്ശബ്ദ വിലാപമായപ്പോൾ, അവശേഷിച്ച ജീവനുകൾ അമ്മയുടെ പ്രതീക്ഷകളായി വളർന്നു. ഏറ്റവും ഇളയവൻ അധികാരത്തിലെത്തിയത് ഭാഗ്യത്തിന്റെ കണക്ക് മാത്രമല്ല; വേദനകൾ കടന്നുപോയ വീട്ടിൽ നിന്ന് പൊതുജീവിതത്തിലേക്ക് പടർന്ന ഒരു ദൃഢനിശ്ചയത്തിന്റെ തെളിവാണ്—നഷ്ടങ്ങളെ തോൽപ്പിച്ച് നിലകൊള്ളുന്ന മനുഷ്യശക്തിയുടെ ഓർമ്മപ്പെടുത്തൽ. ഒരു ഇളയ മകനുണ്ടാകുന്ന എല്ലാ വാശികളും ഏകാധിപത്യ സ്വഭാവവും താനെന്ന ഭാവവും ആ മകനിൽ ഉണ്ടായിരുന്നു .

അച്ഛന് വലിയ പ്രാധാന്യം കൊടുത്തില്ലെങ്കിലും 'അമ്മ ആലക്കാട്ട് കല്യാണിക്ക് ഏറെ പ്രാധാന്യം ആ അഭിമുഖത്തിൽ നിഴലിച്ചിരുന്നു . ലാലേട്ടന്റെ 'അമ്മ ഈയിടെ മരണപ്പെട്ടതുകൊണ്ടോ അല്ലെങ്കിൽ മകൾ വീണക്കുവേണ്ടി പിണറായി കുറെ കാര്യങ്ങൾ സഹിക്കുന്നു എന്ന കുറ്റപ്പെടുത്തലുകൾ മറയ്ക്കുവാനോ എന്നറിയില്ല . അമ്മമാർക്ക് വേണ്ടി കുറെ നേരം അവർ സമയം ചിലവഴിച്ചിരുന്നു എന്നതിൽ എല്ലാ അമ്മമാർക്കും ആശ്വസിക്കാം . സഖാവ് ടിപി യുടെ അമ്മയ്ക്കും പാർട്ടിക്കുവേണ്ടിയും പാർട്ടിക്ക് എതിരായും രക്തസാക്ഷികളായ നൂറു കണക്കിന് മക്കളുടെ അമ്മമാർക്കും ഈ അഭിമുഖം കാണുമ്പോൾ മനസ്സിലെ പുത്രദുഃഖം എല്ലാം താനേ ഇല്ലാതായിക്കൊള്ളും . കൂത്തുപറമ്പിലെ ആ പുഷ്പന്റെ അമ്മയെയും ബാക്കിയുള്ള അഞ്ചുപേരുടെ അമ്മമാരെയും ഈ അഭിമുഖം കാണിക്കാൻ മറക്കരുത് .

അഞ്ചാം ക്‌ളാസും എട്ടാം ക്‌ളാസും മാത്രമേ പ്രതിപാദിച്ചുള്ളൂ . ഭാഗ്യത്തിന് ബ്രണ്ണൻ കഥകൾ പറഞ്ഞതുമില്ല ലാലേട്ടൻ മനപ്പൂർവം ചോദിച്ചതുമില്ല. തിരക്കഥാകൃത്ത് ബുദ്ധിയുള്ളവനായതുകൊണ്ടാകാം . ഫുട്‍ബോൾ ഇഷ്ടമാണ് എന്നത് നല്ല കാര്യം തന്നെ . മെസ്സിക്കും ഫുട്‍ബോൾ ആണല്ലോ പ്രിയം . പക്ഷെ ഓലമടലിന്റെ അടിഭാഗം ബാറ്റ് ആക്കി മാറ്റി ബോൾ ബാഡ്മിന്റൺ കളി എങ്ങനെയെന്ന് ഒന്നുകൂടി വിശദീകരിക്കാമായിരുന്നു . ക്രിക്കറ്റ് നമ്മൾ ഒക്കെ അങ്ങനെ കളിച്ചിട്ടുണ്ട് . പക്ഷെ ബോൾ ബാഡ്മിന്റൺ കളി മനസ്സിലായില്ല .

അതുപോലെ എത്ര ഉയരത്തിൽ എത്തിയാലും ലളിത ജീവിതമാണ് ഇഷ്ടമെന്ന് റോഡിലൂടെ വരിവരിയായി പോകുന്ന കറുത്ത കാറുകൾ ചീറിപ്പാഞ്ഞു പോകുന്നത് കാണുമ്പോൾ മലയാളിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ . നാടകം കളിച്ചിട്ടില്ലെങ്കിലും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട് , ഏറ്റവും ഇഷ്ടം ജാലവിദ്യ തന്നെയാണ് , അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു .

തമാശ പറയുന്ന കൂട്ടുകാർ ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല . കാരണം ഇപി ജയരാജനും പി ബാലനും എംവി ഗോവിന്ദനും ഒക്കെ തമാശയല്ലാതെ വേറെ എന്താണ് പറയുന്നത് . വലിയ ലൈബ്രറി ഉള്ളത് കൊണ്ട് ടോൾസ്‌റ്റോയിയുടെ അന്നകരിനീന വായിച്ചതിനാൽ വായനയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കുവാൻ സാധിച്ചു . അദ്ദേഹം ചിരിക്കാത്തതുംഗൗരവമുള്ള മുഖഭാവങ്ങളും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള ദേഷ്യം എതിരാളികൾ അദ്ദേഹത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം .

തന്നെകുറിച്ചു എന്ത് വർത്തവന്നാലും മറ്റുള്ള നേതാക്കന്മാരെ പോലെ വാർത്ത പടച്ചുവിട്ടവരെ വിളിച്ചു ചോദിക്കാറില്ല . അതെന്തെങ്കിലുമൊക്കെ അവർ പറയട്ടെ എന്നാണ് ചിന്തിക്കാറുള്ളത് എങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ ഒരു ദിവസം ഒരു ഷോ മാത്രമേ കളിപ്പിച്ചുള്ളൂ , അതുപോലെ രാമലീലയും പരമാവധി റിലീസ് ആവാതിരിക്കുവാൻ ശ്രമിച്ചിരുന്നു എന്നത് എന്റെ അണികൾ എന്നോടും പാർട്ടിയോടും ഉള്ള ആരാധന കൊണ്ട് മാത്രമാണ് .

വീട്ടിലെത്തിയാൽ പേരക്കുട്ടിയെ കണ്ടാൽ വീട്ടിലെ ഒരാളായി മാറുമെങ്കിലും ഈ ദിവസങ്ങളിൽ ലേശം പ്രയാസമുണ്ടത്രെ . അത് എന്തായിരിക്കും എന്നത് ശബരിമല അയ്യപ്പസ്വാമിക്കേ അറിയൂ . അതുകൊണ്ടായിരിക്കാം രാമായണവും കൃഷ്ണനാട്ടവും ജന്മനക്ഷത്രവും ജന്മസമയവും പ്രേതവും ഭൂതവും ഒക്കെ തിരക്കഥയിൽ കയറ്റിയത് അയ്യപ്പ കോപവും ഭക്തജനകോപവും കുറയ്ക്കുവാൻ ഉപകരിച്ചേക്കും .

അതുപോലെ പറഞ്ഞതിൽ നന്നായി തോന്നിയത് കുട്ടികളുടെ മൊബൈൽ , കമ്പ്യുട്ടർ പ്രേമവും അതിൽ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികളെയും കുറിച്ചാണ് . അത് വളരെ ശരിയായി തോന്നിയെങ്കിലും അതേ കുട്ടികൾ തന്നെ സ്‌കൂളിലും കോളേജിലും രാഷ്ട്രീയം കളിച്ചുകൊണ്ട് ജീവിതം തുലക്കുന്ന കാര്യങ്ങൾ അദ്ദേഹം മറന്നു . കൂടാതെ നാട്ടിൻ പുറങ്ങളിലും മറ്റും ഇന്ന് സുലഭമായി ലഭിക്കുന്ന മയക്കുമരുന്ന് , എംഡിഎംഎ പോലുള്ള സംഭവങ്ങൾ കൂടെ പ്രതിപാദിക്കാമായിരുന്നു .

സൽക്കാരം അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ് , അത് കണ്ണൂരുകാരുടെ ഒരു നല്ല ഗുണവുമാണ് . ചായ ഉണ്ടാക്കുന്ന കാര്യം ഒഴിവാക്കാമായിരുന്നു. ഡൽഹിയിലെ സ്നേഹിതൻ ചായ അടിക്കാരൻ ആയതുകൊണ്ടാണോ എന്ന് എതിരാളികൾ പറഞ്ഞു പറത്തിരുന്നാൽ മതിയാരുന്നു . ഭക്ഷണം കഴിക്കുന്നതിൽ ചില ശീലങ്ങളുണ്ട് എന്നത് സഖാവ് ദിവാകരൻ മുന്നേ ചൂര നെയ്മീൻ വിഷയത്തിൽ പ്രതിപാദിച്ചിരുന്നു . വീട്ടിലെ പഭക്ഷണം തന്നെയാണ് ഒട്ടുമിക്ക മലയാളികളുടെയും വീക്നെസ്സ് .

നിസ്സാരമായൊരു സംസാര സാഗരം അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് രാമായണം കേൾക്കുമ്പോൾ അന്നത്തെ ഭൂത പ്രേതാദികൾ എല്ലാം പേടിക്കാറുണ്ട് എന്നാണ് പറയേണ്ടിയിരുന്നത് .അതുകൊണ്ടായിരിക്കാം കാരണഭൂതൻ എന്ന പട്ടം ലഭിച്ചത് . വിഎസ്സും എംവിആറും ഗൗരിയമ്മയും ഇതൊക്കെ കാണാതെ പോയത് അവരുടെ നന്മ . തന്റെ ഗ്രാമത്തിൽ രാത്രിയായാൽ ഇരുട് ആണെന്നും വീട്ടിൽ ഇലെക്ട്രിസിറ്റി കണക്ഷൻ വന്നത് എംഎൽഎ ആയതിന് ശേഷം എന്നതിൽ വലിയ അത്ഭുതമൊന്നും കാണുന്നില്ല . കാരണം പാർട്ടി ഗ്രാമങ്ങളിൽ ഇപ്പോഴും ഇലക്ട്രിസിറ്റിയോ ഫോണോ ടിവിയോ ഒന്നും ഇല്ല . ആകെയുള്ളത് ദിനേശ് ബീഡിയും ദേശാഭിമാനിയും പരിപ്പുവടയും കട്ടൻ ചായയും മാത്രം .

വീട്ടിൽ എല്ലാവരും തീൻ മേശയിൽ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന പുതിയ അറിവ് നൽകുവാൻ ലാലേട്ടന്റെ ചോദ്യങ്ങളിലൂടെ സാധിച്ചതിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാം . കേരളത്തിൽ ബാക്കിയുള്ള എല്ലാ വീടുകളിലും പത്തുപേരുണ്ടെങ്കിൽ പത്ത് സ്ഥലങ്ങളിൽ ഇരുന്നാണല്ലോ കഴിക്കാറുള്ളത് . ഇതുവരെ കേൾക്കാതിരുന്ന വായനാശീലം ഇടക്കിടക്ക് പറയുന്നത് പ്രതിപക്ഷ നേതാവിനെ കേൾപ്പിക്കാനാണോ എന്നാരും സംശയിക്കാതിരിക്കട്ടെ .

ടിവി കാണാറുണ്ടെങ്കിലും കൈരളിയും റിപ്പോർട്ടറും മാറ്റി നിർത്തും . നല്ല മനുഷ്യർ , നുണ ഇഷ്ടമല്ലാത്തവർ അതൊന്നും കാണാൻ പാടില്ലല്ലോ . ഏറ്റവും ഇഷ്ടപ്പെട്ട യാത്ര സിംഗപ്പൂർ തന്നെ , യാത്രയിൽ കിട്ടുന്ന പോയിന്റുകൾ വെച്ചുള്ള യാത്ര , എത്രയെത്ര യാത്രകൾ ചെയ്താൽ മാത്രമേ ഇത്രേം പോയിന്റുകൾ കിട്ടുകയുള്ളൂ എന്ന് പാവം സഖാക്കൾക്ക് അറിയില്ലല്ലോ . സിംഗപ്പൂർ യാത്ര പോയത് ഫാരിസ് അബുബക്കർ ക്ഷണിച്ചിട്ട് അല്ല എന്ന് പറയാൻ പറഞ്ഞു .

ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും കഥാപാത്രവും അമൃതംഗമയ എന്ന സിനിമയും അതിലെ കഥാപാത്രവും ആണെന്നുള്ളത് തിരക്കഥ കൃത്തിന്റെ ഇഷ്ടമാണ് എന്നാണ് അറിയുവാൻ കഴിയുന്നത് . ഒരു സിനിമയുമായി ബന്ധപ്പെട്ട വേഷം ചെയ്യുകയാണെങ്കിൽ തിരഞ്ഞെടുക്കുക അമരീഷ് പുരി എന്ന് പറയിക്കാഞ്ഞത് നന്നായി . സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ ഒരു സത്യം പറയാതെ പറഞ്ഞു .

രജനീകാന്ത് സിനിമകൾ ആണ് പെരുത്ത് ഇഷ്ടം എന്നത് . കാരണം ‘മനിതൻ’ പോലുള്ള സിനിമകളിൽ തുടങ്ങുന്ന സമയം മുതൽ തീരും വരെ അടി , ഇടി , കുത്ത് കൂടാതെ സ്വന്തം ഷർട്ടിൽ മൊത്തം ബോംബുകൾ ഞാട്ടിയിട്ട് രജനീകാന്ത് പറന്നുകൊണ്ടാണ് കൈബോംബുകൾ എറിയുന്നത് . എതിരാളി എറിയുന്ന ബോംബുകൾ ഒരു പ്രത്യേക ആക്ഷനിൽ പിടിച്ചെടുത്ത് തിരിച്ചെറിയുന്നതും നമ്മുക്ക് കാണാം . ലോക്കപ്പിൽ വെച്ച് അടികിട്ടിയപ്പോൾ ആ ചോരപുരണ്ട ഷർട്ട് നിയമസഭയിൽ പ്രദർശിപ്പിച്ചുവെങ്കിലും ആ ഷർട്ട് ഇന്നില്ല . കാരണം അതിന്റെ ഉടമസ്ഥൻ തിരിച്ചു കൊണ്ടുപോയി കാണും .

ലോക്കപ്പ് മർദ്ദനത്തിൽ പെട്ട ഒരാൾക്ക് വേണ്ടി ഇവിടത്തെ പോലീസ് കേസെടുത്താൽ സമ്മതിക്കാൻ പാടില്ല . അതൊക്കെ സിബിഐക്ക് വിടണം എന്ന് പറയുവാൻ കാരണം ലാവ്‌ലിൻ കേസിലെ അനുഭവങ്ങൾ ആയിരിക്കാം അല്ലെ . വ്യക്തിപരമായ അധിക്ഷേപങ്ങൾ വരുമ്പോൾ മനസ്സ് ശുദ്ധമായതുകൊണ്ട് പതറാറില്ല എങ്കിലും മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും .

അപ്പോൾ പിന്നെ കുലംകുത്തി , പരനാറി , കടക്കൂ പുറത്ത് , എടോ ഗോപാലകൃഷ്ണ , നികൃഷ്ടജീവി എന്നൊക്കെ പറഞ്ഞാൽ എന്താ തെറ്റ് . തെറ്റു ചെയ്യാത്തവരായി ഈ ലോകത്ത് ആരുമില്ല ഗോപൂ എന്ന് പറഞ്ഞതുപോലെ ലോകത്ത് തെറ്റുകൾ ചെയ്തുകൂട്ടിയ ആരെങ്കിലും അത് സ്വമേധയാ സമ്മതിച്ചിട്ടുണ്ടോ ? . മനസ്സിൽ വേദനയുണ്ടാക്കിയ കോടിയേരിയുടെ വേർപാടിൽ മനം നൊന്തുകൊണ്ടാണ് അമേരിക്കയിലേക്ക് പോയതെന്നും ഓർക്കുന്നു .

ജീവിതത്തിൽ പൊതുവായ ഭയം എന്നത് ഇല്ല , എങ്കിൽ തന്നെ പാർട്ടിക്ക് കീഴ്പ്പെട്ട് ജീവിക്കുന്ന ആളായതുകൊണ്ട് പാർട്ടിയെ ഭയമാണ് . പാർട്ടി എന്നാൽ ഞാൻ ആയതുകൊണ്ട് എന്നെ തന്നെ ഭയം . പശ്ചാത്തപിച്ചത് കൂട്ടുകാരന്റെ മദ്യപാനത്തെ തുടർന്ന് ബന്ധം വിച്ഛേദിച്ചപ്പോൾ ആയിരുന്നു. അദ്ദേഹം മുഴുക്കുടിയനായി മാറി റോഡ്‌വക്കിൽ കാണപ്പെടുന്ന അവസ്ഥ . പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് വേണ്ടി ബാറുകളും ബിവറേജസ് ഔട്ടലെറ്റുകളും തുറന്നു കൊടുത്തപ്പോൾ ആ കുറ്റബോധവും പശ്ചാത്താപവും മറന്നു പോയി .

മക്കളാണ് ദൗർബല്യം എന്ന് മനസ്സിലാക്കിയ ശത്രു മക്കളെ തട്ടിക്കൊണ്ടുപോകും എന്ന് മനസിലാക്കിയപ്പോൾ ഒരാളെ അബുദാബിയിലേക്കും മറ്റൊരാളെ ബെംഗളുരുക്കിലേക്കും സിങ്കപ്പൂരിലേക്കുമൊക്കെ പറഞ്ഞയക്കാതെ ഞാൻ എന്ത് ചെയ്യണം ? . എന്നെ തളർത്താൻ ആർക്കും കഴിഞ്ഞിട്ടില്ല എങ്കിലും സിബിഐ കൊച്ചി കോടതിയിലേക്ക് രാജീവുമായി നടന്നു പോകുന്ന കാഴ്ച്ചയിൽ ലേശം തളർച്ച മുഖത്ത് നിഴലിച്ചിരുന്നില്ലേ ? ഏകാന്തത അനുഭവിച്ചിട്ടില്ലെങ്കിലും കുറെ പേരുടെ ജീവിതത്തിലേക്ക് ഏകാന്തതയെ കടത്തിവിടുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു .

മനുഷ്യനിർമ്മിതങ്ങളായ പ്രളയവും കോവിഡ് മഹാമാരിയും മനുഷ്യ നിർമ്മിത പിആർ വർക്കുകൾ കൊണ്ട് പരിഹരിക്കുവാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു . ജനങ്ങൾ നല്ലവരായതുകൊണ്ട് പറഞ്ഞതെല്ലാം അനുസരിച്ചു പാത്രം കൊട്ടലുകൾ വരെ ആ പാവങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു . ഫുട്‍ബോളിൽ അർജന്റീന - മെസ്സി എന്നിവരെക്കുറിച്ചുള്ള അഭിപ്രായം അവർ തന്നെ എപ്പോഴും ജയിക്കണം എന്ന അഭിപ്രായം ഇല്ലത്രെ .

ആരോഗ്യത്തെ കുറിച്ച് പറയുകയാണെങ്കിൽ ഭക്ഷണ ക്രമീകരണവും ആരോഗ്യ കേരളത്തിൽ നിന്നും മാറിനിന്നുകൊണ്ട് ‘മയോ ക്ലിനിക്കിൽ’ സന്ദർശനം നടത്തിയും ഒക്കെയാണ് പിടിച്ചുനിൽക്കുന്നത് . തലശ്ശേരിയിൽ പോകുവാൻ സ്നേഹിതന്റെ കയ്യിൽ നിന്നും ലേശം പണം വായ്‌പ വാങ്ങിയെങ്കിലും സ്നേഹിതന്റെ ഉപദേശ പ്രകാരം പിന്നീട് വായ്പ വാങ്ങൽ നിർത്തി . ഇപ്പോൾ ഇതിന്നായി കിഫ്‌ബി പോലുള്ള വായ്‌പകൾ എല്ലാം ചേർത്ത് ആറുലക്ഷം കോടി മാത്രേ വായ്‌പയുള്ളൂ .

പിണറായിയിലെ ഒരു ഗ്രാമത്തിൽ വീട്ടുമുറ്റത്ത് കളിച്ചുനടന്നിരുന്ന വിജയൻ എന്ന ബാലൻ ഇന്നിപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നു തിരിഞ്ഞു നോക്കുമ്പോൾ എന്ത് കാണുന്നു എന്ന ചോദ്യം , പണ്ട് കരുണാകരനോട് ഏഷ്യാനെറ്റ് ചോദിച്ചപ്പോൾ തിരിഞ്ഞു നോക്കിയത് പോലെ നോക്കിയിരുന്നെങ്കിൽ അവിടെ കാണാനായത് ഒരു ആനയും ആനയുടെ കൊമ്പുകളും മാത്രമാണ് . പിന്നെ കൂടുതൽ സമയം കൊടുത്തത് റോബിന് വേണ്ടിയായിരുന്നു . വേട്ടക്കാർക്ക് നായകളോട് ഇഷ്ടം എപ്പോഴും കൂടുതലായിരിക്കും എന്നാണ് കേട്ടറിവ് .

കാക്കയോടും കാക്കമാരോടും പണ്ടുമുതലേ സ്നേഹം മാത്രമായിരുന്നു എന്നും അറിയാം . കിണ്ടിയും പട്ടിയും നാണിയും പാമ്പും ഒക്കെ കേട്ടിരിക്കാം , എന്നാലും പാട്ട് പാടുവാൻ പറയുമ്പോൾ ലാലേട്ടന്റെ മുഖത്ത് ഒരു കളിയാക്കൽ ഭാവം ഉണ്ട് എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് മനപ്പൂർവ്വമല്ല .

'ഹൃദിസ്ഥമീശ്വരൻ ത്വക്‌ത - പ്രതിഷ്‌ഠം പതിഭം ഭജേ - കരസ്ത പായസം ത്വാക്ത - കോപ്പറസ്ത ഗളം പിമ്പേ ...'

ഇത് കേട്ടപ്പോൾ 'കല്ലും മുള്ളും കാലുകുത്താ' എന്ന ആപ്തവാക്യം ഓർമ്മയിൽ നിറച്ചുകൊണ്ട് ആ കലാപരിപാടി അവസാനിപ്പിച്ചു .

ഇനിയും നന്മയുള്ള അഭിമുഖങ്ങൾക്ക് കാത്തിരുന്നുകൊണ്ട് സഖാവ് ദാസനും

അടുത്തുതന്നെ മമ്മുട്ടിയേയും ആ സീറ്റിൽ പ്രതീക്ഷിച്ചുകൊണ്ട് സഖാവ് വിജയനും