ലോകത്ത് പലവിധം ഉദ്ഘാടനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പാലം തുറക്കൽ, റോഡ് ഉദ്ഘാടനം, വിമാനത്താവളം, ആശുപത്രി, സ്കൂൾ—എല്ലാം കണ്ടിട്ടുണ്ട്. പക്ഷേ ലോകചരിത്രത്തിൽ ആദ്യമായി ഒരു പാറ പൊട്ടിക്കലിന്റെ ഉദ്ഘാടനം മലയാളിക്ക് കാണേണ്ടി വന്നത് ഈ നാടിലാണ്.

സാധാരണയായി പാറ പൊട്ടിക്കുന്നത് തൊഴിലാളികൾ; പക്ഷേ ഇവിടെ അത് ഉദ്ഘാടനം ചെയ്യുന്നത് തന്നെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ആ കാഴ്ച കണ്ടപ്പോൾ ചിലർക്കെങ്കിലും മനസ്സിൽ ലഡ്ഡു പൊട്ടിയിരിക്കാം; മറ്റുചിലർക്ക് സംശയം മാത്രം പൊട്ടിയിരിക്കും.

പാറ പൊട്ടിക്കുന്നത് തന്നെ ഒരു വലിയ പദ്ധതിയുടെ ആദ്യഘട്ടമാണെന്ന് പറഞ്ഞാൽ ആരും വാദിക്കില്ല. പക്ഷേ അതിന് പോലും ഒരു വേദി, ക്യാമറ, ലൈവ് ടെലിക്കാസ്റ്റ്, കൈയടികൾ—ഇങ്ങനെ ഒക്കെയാണെങ്കിൽ കാര്യത്തിൽ അല്പം വിചിത്രത തോന്നും. ലോകത്തിലെ പല രാജ്യങ്ങളിലും ടണലുകൾ പണിതിട്ടുണ്ട്; പക്ഷേ അവിടെയൊന്നും മുഖ്യമന്ത്രിമാർ ആദ്യ പാറ പൊട്ടിക്കാൻ എത്തി തിരിക്ക് തീ കൊളുത്തിയിട്ടല്ല . അതിനാൽ കേരളം വീണ്ടും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചുവെന്ന് പറയാം.

ഇത് കണ്ടപ്പോൾ ചിലർക്കൊരു സംശയം തോന്നി: ആരാണ് ഈ ഉപദേശങ്ങൾ കൊടുക്കുന്നത്? ആരാണ് ഈ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്? രാഷ്ട്രീയത്തിൽ വിജയവും തോൽവിയും വരും പോകും; പക്ഷേ നേതാവിനെ തന്നെ ഒരു പ്രഹസനമായി മാറ്റുന്ന രീതിയിൽ പരിപാടികൾ ഒരുക്കുന്നത് എന്തിനാണെന്നതാണ് ചോദ്യം. നല്ല പദ്ധതിയുണ്ടെങ്കിൽ അത് പൂർത്തിയാകുമ്പോഴാണ് ജനങ്ങൾ കൈയടിക്കുക; പാറ പൊട്ടിക്കുമ്പോൾ അല്ല.

ഇതെല്ലാം കണ്ടപ്പോൾ പഴയ കഥ ഓർമ്മ വരുന്നു. രാജാവ് നഗ്നനായി നടക്കുമ്പോൾ അരമനയിലെ എല്ലാവരും കൈയടിച്ചു കൊണ്ടിരുന്നു. “എത്ര മനോഹരമായ വസ്ത്രം!” എന്ന് പറഞ്ഞു കൊണ്ടും. ഒടുവിൽ ഒരു കുട്ടി മാത്രം സത്യം പറഞ്ഞു: “രാജാവിന് വസ്ത്രം ഒന്നുമില്ല .രാജാവ് നഗ്നനാണ് ” രാഷ്ട്രീയത്തിലും പലപ്പോഴും അങ്ങനെയാണ്. സത്യം പറയാൻ ആരും മുന്നോട്ട് വരാത്തപ്പോൾ നാടകങ്ങൾ തുടരും.

അതിനാൽ പ്രശ്നം പാറ പൊട്ടിച്ചതല്ല; അതിനെ ചരിത്രമായി അവതരിപ്പിക്കുന്ന രീതിയാണ്. ഒരു സംസ്ഥാനത്തിന്റെ നേതാവിന് ചുറ്റുമുള്ളവർ സത്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കേണ്ടവരാണ്, കൈയടി മാത്രം ചെയ്യുന്നവരല്ല. അല്ലെങ്കിൽ നാളെ വീണ്ടും പുതിയൊരു ചരിത്രം ഉണ്ടാകും—പാറ പൊട്ടിച്ചതിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ, ഒരിക്കൽ പൊടി വീഴുന്നതിന്റെ ഉദ്ഘാടനവും കാണേണ്ടി വരുമോ എന്ന് കന്നാസും കടലാസും പേടിച്ച് നിൽക്കുകയാണ്.

പാറപൊട്ടിയപ്പോൾ ചീളുകൾ പതിക്കാഞ്ഞത് മലയാളിയുടെ പുണ്യം !!

എല്ലാം പുക !! പുകമറകൾ !!

കന്നാസും കടലാസും