കേരളം എന്ന നന്മയുള്ള നാടിന് ഒരിക്കൽ ഒരു അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു — പരശുരാമൻ. പുരാണകഥ പ്രകാരം കടലിൽ നിന്ന് പരശുരാമൻ മഴു എറിഞ്ഞ് കരഭൂമി ഉണ്ടാക്കിയ ആ മഹർഷിയാണ് കേരളത്തിന്റെ പിതാവ് എന്ന് നാം പഠിച്ചു. എന്നാൽ കാലം മാറിയപ്പോൾ കേരളത്തിനും കഥകൾ മാറി.

ഇപ്പോൾ ആ നാടിന് പുതിയൊരു അച്ഛനും കിട്ടിയെന്നാണല്ലോ പുതിയ വാർത്ത. എന്തെന്നാൽ, ‘കേരള’ എന്ന പേരിൽ ഒരു ‘o’ കൂട്ടി ‘കേരളം’ ആക്കിയത് താനാണെന്ന് പറഞ്ഞ് മറ്റൊരാൾ രംഗത്തെത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ പത്ത് വർഷത്തെ വലിയ നേട്ടം എന്താണെന്ന് ചോദിച്ചാൽ പലർക്കും പറയാൻ ബുദ്ധിമുട്ടാണ്. റോഡോ പാലമോ വ്യവസായമോ ഒന്നും പറയാനില്ലെങ്കിൽ പോലും ഒരു കാര്യം പറയാം — കേരള എന്നത് കേരളം ആയി!

ആ ഒരു ‘o’ മാത്രമാണ് ഈ പത്ത് വർഷത്തിനിടെ കേരളത്തിന് കിട്ടിയ ഏറ്റവും വലിയ വികസനമെന്ന് പറഞ്ഞാൽ തെറ്റില്ല. നൂറുകണക്കിന് പദ്ധതികൾ പറയുന്നതിന് പകരം, ഒറ്റ അക്ഷരം കൂട്ടിയതിന്റെ കഥയാണ് ഇപ്പോൾ കേൾക്കുന്നത്.

ഇത് കേട്ടപ്പോൾ മലയാളികൾക്കും അല്പം ആശയക്കുഴപ്പം തോന്നിയിട്ടുണ്ട്. ഇതുവരെ നാം കരുതിയത് കേരളം എന്ന നാടിന് അച്ഛൻ പരശുരാമനാണെന്നാണ്. പക്ഷേ ഇപ്പോൾ പുതിയ അവകാശി എത്തിയതോടെ കാര്യങ്ങൾ അല്പം കുഴഞ്ഞുപോയി.

കടലിൽ നിന്ന് ഭൂമി ഉണ്ടാക്കിയവനൊരു അച്ഛൻ; പേരിൽ ‘o’ കൂട്ടിയവനൊരു അച്ഛൻ. ഇപ്പോൾ ആ പേര് അനുവദിച്ചത് മൂന്നാമത് ഒരച്ഛനും കൂടി . അങ്ങനെ നോക്കിയാൽ കേരളത്തിന് ഇപ്പോൾ മൂന്നച്ഛന്മാർ ആയി.

പേരിൽ ഒരു അക്ഷരം കൂട്ടുന്നത് കൊണ്ട് ഒരു നാട് മാറുമോ എന്ന ചോദ്യവും ചിലർ ചോദിക്കുന്നു. മലയാളികളുടെ ജീവിതം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം — ഇവയിൽ എന്തെങ്കിലും വലിയ മാറ്റം സംഭവിച്ചോ എന്ന് ആരെങ്കിലും അന്വേഷിച്ചാൽ മറുപടി കണ്ടെത്താൻ ബുദ്ധിമുട്ടാകും. എന്നാൽ രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒരു അക്ഷരവും വലിയ നേട്ടമായി മാറുന്ന കാലമാണിത്.

അവസാനം മലയാളികൾ ചിരിക്കുകയാണ്. കാരണം കേരളം എന്ന നാടിന് കിട്ടിയ ഏറ്റവും വലിയ വികസനം ഒരു ‘o' ആണെങ്കിൽ, ഇനി ഭാവിയിൽ മറ്റൊരു അക്ഷരം കൂടി കിട്ടിയാൽ അതും ഒരുപാട് വലിയ നേട്ടമായി പ്രഖ്യാപിക്കുമോ എന്നതാണ് അവരുടെ സംശയം.

എന്തായാലും, പുരാണങ്ങളിൽ പറഞ്ഞതുപോലെ കേരളം കടലിൽ നിന്ന് ഉണ്ടാക്കിയതല്ല; ചിലപ്പോൾ അക്ഷരങ്ങളിൽ നിന്നാണ് ഇപ്പോൾ കേരളം പിറക്കുന്നത് എന്നൊരു പുതിയ കഥ കൂടി എഴുതപ്പെടുകയാണ്. പരശുരാമൻ ഇതൊന്നും അറിയുന്നില്ലല്ലോ ല്ലേ ല്ലേ !!

വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :