പിണറായി 3.0 എന്ന മഹാസ്വപ്നത്തിന്റെ മഹാഭാരതം കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദം എന്താണെന്ന് ചോദിച്ചാൽ, ചിലർ പറയും വിലക്കയറ്റം, ചിലർ പറയും തൊഴിൽക്ഷാമം. പക്ഷേ സോഷ്യൽ മീഡിയ തുറന്നാൽ കേൾക്കുന്നത് ഒറ്റമന്ത്രം — “പിണറായി 3.0”.
അത് ഒരു ഭരണപരിപാടിയോ, തെരഞ്ഞെടുപ്പ് പ്രഖ്യാപനമോ, അതോ രാഷ്ട്രീയ ജാതകക്കുറിപ്പോ എന്നറിയാൻ ജനങ്ങൾ ഗോവിന്ദന്റെ ജാഥക്കായി കാത്തുനിൽക്കുന്നു . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ പടക്കം പൊട്ടിക്കുന്നത് പോലെയാണ് ഈ മൂന്നാം ഊഴത്തിന്റെ വിളംബരങ്ങൾ. കന്നാസും കടലാസും ഇത് കേട്ട് അന്തംവിട്ടിരിക്കുകയാണ്.
അയ്യരിൽ അയ്യരായ സാക്ഷാൽ മയിലാടുംതുറൈ അയ്യർ കഴിഞ്ഞ ദിവസം പ്രവചിച്ചു കളഞ്ഞു; പിണറായിയുടെ മൂന്നാം വരവ് ഉറപ്പാണെന്ന്. ജ്യോതിഷവും രാഷ്ട്രീയവും തമ്മിലുള്ള ഇഴയടുപ്പം ഇത്രമേൽ വർദ്ധിച്ച കാലം വേറെയില്ലെന്ന് തോന്നിപ്പോകുന്നു. എന്തോ ഇവിടെ നിന്നോ നക്കാൻ കിട്ടിയതുപോലെയാണ് അങ്ങേരുടെ കേരളത്തിലേക്കുള്ള എത്തിനോട്ടം . പഴയ കളിക്കൂട്ടുകാരിയെയോ അതിലുള്ള പുന്നാരമകനെയോ ഒളിച്ചുകാണുവാൻ വന്നതായിരിക്കും .
പൗരപ്രമുഖനായ യൂസഫലി സാഹിബും മോശമാക്കിയില്ല. വികസനത്തിന്റെ വിമാനം പറത്താൻ പിണറായി തന്നെ വേണമെന്ന് അദ്ദേഹം വിധിയെഴുതിക്കഴിഞ്ഞു. ലുലു മാളിലെ തിരക്ക് പോലെ പിണറായിയുടെ മൂന്നാം വരവിനും തിരക്ക് കൂടുമെന്നാണ് സാഹിബിന്റെ ലൈൻ. തൃശൂർക്കാരനായ, കോൺഗ്രസ്സ് അനുഭാവിയായ യുസഫലിക്കാനെ പിന്നെ രാഷ്ട്രീയവും കച്ചവടവും നമ്മളായിട്ട് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ . എല്ലാറ്റിലും ഒരു ട്രോൾ മണം ഇല്ലാതെയില്ല .ബുദ്ധിയുള്ളവനെ ട്രോളാൻ പഠിപ്പിക്കേണ്ട കാര്യവുമില്ലല്ലോ . ആയതിനാൽ അക്കാര്യത്തിൽ വേവലാതിപ്പെടേണ്ട .
വടകരയിലെ പാർലമെന്റ് അംഗമായ ടീച്ചറമ്മയ്ക്ക് പക്ഷെ കാര്യങ്ങൾ അത്ര പന്തിയല്ല. മനസ്സില്ലാ മനസ്സോടെയാണെങ്കിലും പിണറായിയുടെ മൂന്നാം പതിപ്പ് എന്ന് ടീച്ചർക്കും പറയേണ്ടി വരുന്നുണ്ട്. വടകരയിലെ കാറ്റിൽ പഴയ ടീച്ചർ പ്രഭാവം കുറഞ്ഞു തുടങ്ങിയോ എന്നൊരു സംശയം ബാക്കി. ടീച്ചറമ്മക്ക് ലേശം ബുദ്ധിയുണ്ടെന്ന് തോന്നുന്നതിനാൽ അടുത്ത പ്രതിപക്ഷ നേതാവിന്റെ കസേരയാണ് ലക്‌ഷ്യം , അതിനായുള്ള ട്രെയിനിങ് ആണ് ഈയിടെ കാണിച്ചുകൂട്ടുന്ന ഓരോരോ കോപ്രായങ്ങൾ . അല്ലെങ്കിൽ അയ്യപ്പൻറെ സ്വർണ്ണം കട്ടെടുത്ത വിഷയത്തിൽ ന്യായീകരണ തൊഴിലാളി വേഷം കെട്ടില്ലായിരുന്നുവല്ലോ . എന്തായാലും മറ്റുള്ള സംസ്ഥാനങ്ങളിൽ ഓണത്തിന് പെൻഷൻ ഇല്ലെന്ന് ആശ്വസിക്കാം !!
സന്ദേശത്തിലെ ശങ്കരാടിയുടെ ഇളയച്ഛന്റെ മകൻ എന്ന ഖ്യാതിയുള്ള ഗോവിന്ദൻ മാഷാണ് ഇതിന്റെ പ്രധാന വക്താവ്. അതായത്, വസ്തുനിഷ്ഠമായ സാഹചര്യങ്ങൾ വിശകലനം ചെയ്താൽ എന്ന് തുടങ്ങുന്ന മാഷിന്റെ ക്ലാസ്സുകളിൽ പിണറായിയുടെ മൂന്നാം ഊഴം ഒരു അനിവാര്യതയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ശ്രീലങ്കയിലെ രാജപക്ഷെ ഭരണകൂടത്തെ ജോതിഷത്തിലൂടെ പറഞ്ഞുപറ്റിച്ച് ഭരണം പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിച്ച അതേ ജോത്സ്യൻ തന്നെയാണ് ഗോവിന്ദന്റെ സാരോപദേശകൻ . എന്തൊക്കെയോ ചതി കണ്ണൂർ ലോബി പിണറായിക്കെതിരെ കളിക്കുന്നുണ്ട് എന്നാണ് തോന്നുന്നത് , അല്ലാതെ ഗോവിന്ദനും പിആർ ടീമും ഇങ്ങനെ ഓരോന്ന് പടച്ചുവിടില്ല . അതുറപ്പ് !! കേരളാ കോൺഗ്രസ് റോ വിഭാഗവും ജോ വിഭാഗവും ഇപ്പോൾ പകൽ കിനാവ് കാണുകയാണ്. ആര് വന്നാലും പോയാലും പിണറായിയുടെ കൂടെ നിന്നാൽ കുറച്ചു സീറ്റും മന്ത്രിസ്ഥാനവും ഉറപ്പിക്കാമെന്ന് അവർക്ക് നന്നായറിയാം. മൂന്നാം ഊഴം വന്നാൽ തങ്ങൾക്കും ലോട്ടറി അടിച്ചല്ലോ എന്നാണവർ ചിന്തിക്കുന്നത്. പക്ഷെ ജോസ്‌മോൻറെ മനസ്സിൽ ഇപ്പോഴും പൈലോ പൈലോ എന്ന് തന്നെയാണ് . അദ്ദേഹത്തിന്റെ ശരീര ഭാഷയിലും മുഖഭാവത്തിലും നിഴലിക്കുന്നുണ്ട് . പിആർ പണം വാങ്ങി പിണറായിയെ വെളുപ്പിക്കുവാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള അഗസ്റ്റിൻ സഹോദരന്മാർ റോഷി അഗസ്റ്റിനെ ,അഗസ്റ്റിൻ എന്ന പേരിൽ ഒതുക്കി നിർത്തിയതാണോ എന്ന സംശയം ഇല്ലാതില്ല . എന്തോ ഒരു അബദ്ധം റോഷിയുടെ വകുപ്പിൽ നടന്നത് പിണറായിയുടെ കയ്യിൽ ഉണ്ടെന്നാണ് ഇടുക്കിയിലെ ഒറിജിനൽ അച്ചായന്മാരുടെ വെള്ളമടി സദസ്സിലെ സംസാരം!
സംഗീതത്തിലെ ജയവിജയന്മാരെപ്പോലെ രാഷ്ട്രീയത്തിലെ ജയരാജന്മാരും പിണറായിയുടെ മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ്. കണ്ണൂരിലെ പടക്കുതിരകൾക്ക് ഇനിയും വിശ്രമിക്കാൻ സമയമായിട്ടില്ലെന്ന് സാരം. കണ്ണൂരിലെ പഴയ പടക്കുതിരകൾക്ക് മരുമോൻ ഭരണം വരുമെന്ന ഭീതിയിൽ അവരെക്കൊണ്ടാകാവുന്ന വിക്രിയകൾ ചെയ്തുകൂട്ടുന്നുണ്ട് . ബാലൻ സഖാവ് പിണറായിയുടെ മകൾ വീണയുടെ വിഷയം കുത്തിപ്പൊക്കാൻ മാത്യു കുഴൽ നാടന്റെ വായിൽ വിരലിട്ട് പ്രകോപിക്കുന്നത് കാണുമ്പോൾ അരിഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാക്കാം . തങ്ങളുടെ മക്കളെല്ലാം കൊക്കൈൻ കേസിൽ അഗ്രഹാരയിലും , പാർട്ടിക്ക് വേണ്ടി പടക്കം കയ്യിൽ വെച്ച് പൊട്ടിച്ചുകൊണ്ട് നടക്കുമ്പോൾ സഖാവിന്റെ മകൾ മകനോടോത്ത് വിഴിഞ്ഞം തുറമുഖ മീറ്റിംഗിൽ പങ്കെടുക്കുന്നത് കാണുമ്പോളുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ !!!
സോഷ്യൽ മീഡിയയിലെ സൈബർ പോരാളികളായ ഷാജിയും സജിനും ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളിലാണ്. പിണറായിയുടെ മൂന്നാം വരവിനെ കുറിച്ച് കുറിപ്പുകൾ എഴുതിയും പോസ്റ്ററുകൾ ഉണ്ടാക്കിയും അവർ കീബോർഡുകൾ തകർക്കുകയാണ്. പോരാളി ഷാജിയുടെ അണ്ഡം കീറിയത് കാഫിർ സ്‌ക്രീൻ ഷോട്ട് വിഷയത്തിലായിരുന്നു . ഇക്കഴിഞ്ഞ രണ്ടു സർക്കാരുകളെയും ഈ പൊസിഷനിൽ എത്തിക്കുവാൻ അഹോരാത്രം ഭയപ്പാടില്ലാതെ പോരാടിയ പോരാളി ഷാജിക്ക് ഉമ്മൻചാണ്ടിയുടെ പ്രാക്ക് കിട്ടിയിട്ടുണ്ടോ എന്ന് സംശയമില്ലാതെയില്ല . സരിത കേസിൽ ആ മനുഷ്യനെ പച്ചക്ക് തിന്നിരുന്ന ഷാജിയാണ് പിണറായി ഒന്നിനും രണ്ടിനും കരണഭൂതരായത് എന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരതാമസക്കാർക്ക് നന്നായറിയാം . !!
മരംമുറി കേസിൽ ദേശീയ നേതാക്കളുടെ വരെ റിപ്പോർട്ട് തേടിയ റിപ്പോർട്ടർ ചാനൽ ഇപ്പോൾ പിണറായിയുടെ മൂന്നാം ഊഴത്തിനായി തൊള്ള തുറക്കുകയാണ്. ചർച്ചകളിൽ ഈ മൂന്നാം പതിപ്പ് ഇല്ലാതെ അവർക്ക് ഒരു ഉറക്കവുമില്ല. പഴയ ജോസ് പ്രകാശ് , ബാലൻ കെ നായർ സിനിമകളെ ഓർമ്മിപ്പിക്കുന്ന അഗസ്റ്റിൻ സഹോദരന്മാരുടെ കഥകൾ കേട്ടാൽ ഷാജി കൈലാസ് - രഞ്ജിപണിക്കർ വരെ ഞെട്ടിപ്പോകും . കൈകെട്ടിയുള്ള ആ ഇരുത്തം കണ്ടാൽ അറിയാം പ്രതിരോധത്തിൽ ആയെന്ന് !!. ഈ പിണറായി ഒന്നിനും രണ്ടിനും മാത്രമാണ് രാഷ്ട്രീയ സിനിമാക്കാരെയും സാഹിത്യ നായകരെയും പഴുപ്പിക്കാൻ അട്ടപ്പുറത്ത് വെച്ചിരിക്കുന്നത് . സിനിമാലക്കാരില്ല , കോമഡി സ്റ്റാറുകളില്ല എല്ലാവരും അണ്ണാക്കിൽ പിണ്ണാക്ക് തള്ളി വെച്ചിരിക്കുകയാണ് . ആ അയ്യപ്പൻറെ സ്വർണ്ണം കട്ടത് മാത്രം മതി കുറെ മിമിക്രിക്കാർക്ക് ജീവിച്ചുപോകുവാനായിരുന്നേനെ . ആശ്വാസം മറിമായം മാത്രം !!
ആരോഗ്യരംഗത്തെ വെന്റിലേറ്ററിൽ കിടത്തിക്കൊണ്ട് വീണ മന്ത്രിയും പിണറായിയുടെ മൂന്നാം ഊഴം എന്ന കപ്പലിൽ തന്റെ പ്രതീക്ഷകൾ അർപ്പിക്കുന്നു. കപ്പിത്താൻ ഉണ്ടെങ്കിൽ കപ്പൽ മുങ്ങില്ലെന്ന വിശ്വാസത്തിലാണ് മന്ത്രി. പിണറായി വിജയന് സിനിമക്കാരെയും ചാനലുകാരെയും പണ്ടേ മുതൽ നല്ല ഇഷ്ടമായിരുന്നു . മമ്മുട്ടിയെയും ബ്രിട്ടാസിനെയും കൂടെ കൂട്ടിയത് മുതൽ ഒട്ടെറെ സിനിമാക്കാർക്ക് സീറ്റുകൾ കൊടുക്കുകയും അവരിൽ കുറേപേർ ജയിക്കുകയും തോൽക്കുകയും ചെയ്തിരുന്നു . അതുപോലെ സിനിമാക്കാർക്ക് ക്ലിഫ് ഹൗസിൽ ലഞ്ചും ഡിന്നറും ഒക്കെ ഒരുക്കുകയും മാറുന്ന മാറുന്ന സിനിമകൾ തിയറ്ററിൽ പോയി കാണുകയും ചെയ്തിരുന്നു . അക്കൂട്ടത്തിൽ പെട്ട അബദ്ധത്തിൽ ഒന്നാണ് ചാനലിൽ നിന്നും വീണുകിട്ടിയ വീണ മന്ത്രി . സഹിക്കുക സഖാവേ , സഹിക്കുക കേരളമേ !!
ക്ലിഫ് ഹൗസിലെ എയർ കണ്ടീഷൻ ചെയ്ത തണുത്ത മുറിയിലിരുന്ന് വീണ മോൾ പിണറായിയുടെ മൂന്നാം പതിപ്പിന്റെ രൂപരേഖ വരച്ചു കൂട്ടുകയാണ്. ഐടി കമ്പനികളുടെ ലാഭം പോലെ ഭരണവും ലാഭകരമാകുമോ എന്നാണ് നോക്കുന്നത്. വീണയെ സംബന്ധിച്ചിടത്തോളം സ്‌കൂളിലും കോളേജിലും ഒക്കെ പഠിച്ചപ്പോൾ എസ്എഫ്ഐ ക്കുവേണ്ടി മുദ്രാവാക്യം വിളിക്കാനോ ട്രാൻസ്‌പോർട്ട് ബസിന്റെ ചില്ലുകൾ പൊട്ടിക്കാനോ ഭാഗ്യമുണ്ടായിട്ടില്ല . കാരണം കോയമ്പത്തൂർ എട്ടുമടയിലെ അമൃത സ്വാശ്രയ കോളജ് പോലുള്ള സ്ഥാപനത്തിൽ ഒന്നും എസ്എഫ്ഐ ഇല്ലല്ലോ . അതിന്റെ വിഷമം മാറ്റുവാൻ ദൈവം അറിഞ്ഞുകൊടുത്തതാണ് എസ്എഫ്ഐഒ വേട്ട . 2015 ഇൽ വീട്ടിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോകേണ്ടിവന്ന ബിപിൻ ബാലചന്ദ്രന്റെ മനസ്സിന്റെ വേദനകൾ അനുഭവിച്ചേ മതിയാകൂ !!
ആറു ലക്ഷം കോടിയുടെ കടബാധ്യത തലയിലുണ്ടെങ്കിലും കൊട്ടാരക്കരക്കാരനായ ധനമന്ത്രി ബഡ്ജറ്റിൽ മൂന്നാം ഊഴം എന്ന മാന്ത്രിക വാക്ക് തിരുകിക്കയറ്റാൻ മറന്നില്ല. കടം വാങ്ങിയാണെങ്കിലും മൂന്നാം തവണയും വാഴാമല്ലോ! ഐഷ പോറ്റി എന്ന് കേൾക്കുമ്പോൾ തന്നെ ഉൾക്കിടിലം വരുന്ന ഇന്നത്തെ ധനമന്ത്രിക്ക് വീണുകിട്ടിയ സൗഭാഗ്യമാണ് ഈ കസേര . വളരെ മഹാരഥന്മാർ ഇരുന്ന ആ കസേരയിൽ ഇരുന്നുകൊണ്ട് ഇത്രേം അലമ്പ് ബഡ്ജറ്റുകൾ അവതരിപ്പിച്ച് തള്ളിമറിക്കുവാൻ ആ പാവപ്പെട്ടവനെ കൊണ്ട് മാത്രമേ സാധ്യമാകൂ . "കടമെടുത്ത് മുടിഞ്ഞാലും വേണ്ടില്ല, കിറ്റും പായസവും മുടങ്ങരുത് എന്നാണല്ലോ നമ്മുടെ ലൈൻ! ഇത്തവണത്തെ ബജറ്റും പതിവ് പോലെ തന്നെ—ജനത്തിന്റെ പോക്കറ്റിൽ കത്രിക വെക്കുമ്പോൾ ധനമന്ത്രിയുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രം !! ബജറ്റ് ഒരു 'മാന്ത്രിക വടി' പോലെയാണ്—പ്രഖ്യാപനങ്ങൾ വരും, പക്ഷേ പൈസ മാത്രം എവിടെപ്പോയെന്ന് ആർക്കും അറിയില്ല !!
പിണറായി മൂന്നാമന് വേണ്ടി ഏറ്റവുമധികം അയ്യപ്പനെ വിളിക്കുന്നത് മന്ത്രി വാസവനും , മുൻ മന്ത്രി കടകം പള്ളിയും മാത്രമാണ് . കാരണം ഇവർ രണ്ടുപേർക്കും ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി . ആഗോള അയ്യപ്പ സംഗമം എന്ന ആ പണ്ടാരമടങ്ങിയ പരിപാടി സംഘടിപ്പിക്കുവാൻ കള്ളൻ പ്രശാന്തിനെ അനുവദിക്കുവാൻ പാടില്ലായിരുന്നു . അന്ന് തുടങ്ങിയ ഗതികേടാണ് ഇന്നും ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങിക്കിടക്കുന്നത് . ഇതുപോലൊരു ഗതികേട് ജീവിതത്തിൽ ഉടലെടുക്കുമെന്ന് സ്വപ്നേപി നിരീച്ചു കാണില്ല . എന്നാലും എന്തൊരു ഗതികെട്ട കാലത്തിലൂടെ അവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത് . റോഡിൽ ഇറങ്ങിയാൽ ആ പാട്ട് , റീൽസ് തുറന്നാൽ ആ പാട്ട് , ഡ്രൈവറുടെ മൂളിപ്പാട്ടും അതുതന്നെ , വീട്ടിൽ പേരക്കുട്ടികൾ ആ പാട്ടും വെച്ചാണ് കളികൾ , '' സ്വർണ്ണം കട്ടത് ആരപ്പാ '' !!
ആർക്കും വേണ്ടാത്ത പോളിറ്റ് ബ്യൂറോക്കാരൻ ബേബിച്ചായനും ഇപ്പോൾ മൂന്നാം പതിപ്പ് പാട്ടുകൾ പാടുകയാണ്. ഡൽഹിയിൽ ആരും കേൾക്കാനില്ലാത്തതുകൊണ്ട് കേരളത്തിൽ വന്ന് പാടുന്നു എന്ന് മാത്രം. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെയാണ് ആ 'വിപ്ലവകരമായ' ക്ലൈമാക്സ്—നേരെ സിങ്കിലേക്ക്! വീട്ടുകാർ "അയ്യോ സഖാവേ വേണ്ട" എന്ന് പറയുമ്പോഴേക്കും, "എടോ, അധ്വാനിക്കുന്ന വർഗത്തിന് പാത്രം കഴുകുന്നത് ഒരു വിനോദമാണ്" എന്ന് പറഞ്ഞ് അദ്ദേഹം പ്ലേറ്റിൽ സോപ്പിടും. പാത്രം കഴുകി വിപ്ലവം തീർത്ത് അദ്ദേഹം ഇറങ്ങുമ്പോൾ വീട്ടുകാർക്ക് ഒരു കാര്യം ഉറപ്പാകും—അടുത്ത അഞ്ചു കൊല്ലം പട്ടിണിയാണെങ്കിലും വേണ്ടില്ല, പ്ലേറ്റ് കഴുകാൻ ഈ 'വിദേശ നയതന്ത്രജ്ഞൻ' വന്നല്ലോ! ഇനി ഡൽഹിയാത്രയും താമസവും ഗോവിന്ദ !! ഭരണമുണ്ടെങ്കിലേ ഡൽഹിയിൽ പാർട്ടിയുണ്ടാവുകയുള്ളൂ എന്ന് ബംഗാളും ത്രിപുരയും പഠിപ്പിച്ചു !!
മൈക്കിൽ തുപ്പൽ തെറിപ്പിച്ചുകൊണ്ട് വിജയരാഘവൻ പ്രസംഗിക്കുന്നത് കണ്ടാൽ തോന്നും പിണറായിയുടെ മൂന്നാം ഊഴം ഇപ്പോഴേ സത്യപ്രതിജ്ഞ കഴിഞ്ഞുവെന്ന്. മൈക്ക് ഓപ്പറേറ്റർമാർ മാത്രം പേടിച്ചു മാറി നിൽക്കുന്നു. കാരണം മൈക്കിൽ മൊത്തം തുപ്പൽ ആയിരിക്കും . വിജയരാഘവൻ സഖാവും ബിന്ദു ടീച്ചറും കൂടി "പിണറായി 3.0"നെ കുറിച്ച് വീട്ടിലിരുന്ന് ചർച്ച ചെയ്യുന്നത് കേട്ടാൽ ഏത് കടുത്ത യു.ഡി.എഫുകാരനും ഒന്ന് ഞെട്ടും. വിജയരാഘവൻ സഖാവ് ആ പഴയ സ്റ്റൈലിൽ കൈവീശി, "എടോ ബിന്ദു, ഈ മൂന്നാം ഊഴം എന്ന് പറയുന്നത് വെറുമൊരു വിജയമല്ല, അതൊരു ചരിത്രപരമായ അനിവാര്യതയാണ്" എന്ന് പ്രസംഗിക്കുമ്പോൾ, ടീച്ചർ അത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്പെഷ്യൽ സിലബസ് പോലെ നോട്ട് ചെയ്യുന്നുണ്ടാകും. ഇനി കരുവന്നൂർ ബാങ്ക് തുണ !!
വി. ശിവൻകുട്ടിക്ക് പിണറായി 3.0 എന്നത് വെറുമൊരു ഭരണത്തുടർച്ചയല്ല, മറിച്ച് തന്റെ 'അഭ്യാസപ്രകടനങ്ങൾ' ആവർത്തിക്കാനുള്ള ഒരു സുവർണ്ണാവസരമാണ്. നിയമസഭയിലെ ഡെസ്കിന് മുകളിൽ കയറി കമ്പ്യൂട്ടർ തള്ളിയിട്ട ആ പഴയ 'സ്‌ട്രക്ചറൽ ഓഡിറ്റിനെ' വിപ്ലവവീര്യമായി കാണുന്ന അദ്ദേഹത്തിന്, ചെങ്കൽച്ചൂളയിലെ പ്രസംഗവേദികൾ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തെറികൾ വെളിയിൽ വിടാനാണ് . പാഠപുസ്തകം നേരത്തെ കൊടുത്തു എന്ന് പറയുമ്പോൾ അതിനുള്ളിലും അഴിമതി കാണുമോ എന്ന് കേരളം സംശയിക്കുന്നു . അയ്യപ്പൻറെ സ്വർണ്ണം കട്ടവർക്ക് എന്തൂട്ട് പാഠപുസ്തകം . സോണിയാഗാന്ധി എന്ന് നേരെ ചൊവ്വേ പറയുവാൻ പഠിക്കുകയാണ് നമ്മുടെ വിദ്യ-അഭ്യാസ മന്ത്രി പുങ്കവൻ !!!
സജി ചെറിയാൻ സഖാവിന്റെ പ്രസംഗശൈലി എന്ന് പറഞ്ഞാൽ അത് ഒരു പ്രത്യേക 'സാംസ്കാരിക' ഇനമാണ്, പ്രത്യേകിച്ച് മല്ലപ്പള്ളിയിലെ ആ പഴയ പ്രസംഗം പോലെ ഒന്ന് മൈക്ക് കിട്ടിയാൽ! "പിണറായി 3.0" വരാൻ വേണ്ടി അദ്ദേഹം നടത്തുന്ന പ്രസംഗങ്ങളിൽ ഭരണഘടനയെ 'കുന്തവും കുടച്ചക്രവും' എന്ന് വിശേഷിപ്പിച്ച അതേ ആവേശത്തിൽ വർഗീയതയെയും മതവിശ്വാസത്തെയും കുറിച്ച് ഓരോന്ന് തട്ടിവിടുമ്പോൾ കേൾക്കുന്നവർക്ക് തല കറങ്ങും. "കുറച്ച് പേർ പള്ളിയിൽ പോകുന്നു, കുറച്ച് പേർ അമ്പലത്തിൽ പോകുന്നു, പക്ഷേ വോട്ട് ചെയ്യാൻ നേരത്ത് മാത്രം എല്ലാവരും സഖാവിന്റെ ഇരട്ടച്ചങ്കിലേക്ക് നോക്കുന്നു" എന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതിൽ അല്പം 'വർഗീയ' ചുവയുണ്ടോ എന്ന് ചോദിച്ചാൽ, "അത് വെറും വിപ്ലവകരമായ നാക്കുപിഴയാണ്" എന്ന് പറഞ്ഞ് അദ്ദേഹം ചിരിക്കും. അന്നത്തെ ആ പ്രസ്താവനയിൽ പ്രതിപക്ഷ മുന്നണിക്ക് നാലോ അഞ്ചോ സീറ്റുകൾ അധികം കിട്ടിയാൽ ആരും ഞെട്ടേണ്ട !! സോളാർ നായികയും !!
ഊരാളുങ്കൽ സൊസൈറ്റി ഇപ്പോൾ പണം വീശിക്കളിക്കുന്നത് പിണറായിയുടെ മൂന്നാം പതിപ്പിന്റെ റോഡുകൾ പണിയാനാണത്രേ. ടാറിട്ട റോഡ് പോലെ ഭരണം മിനുസമാകുമെന്ന് അവർ കരുതുന്നു. ഊരാളുങ്കലിനെ സംബന്ധിച്ച് പിണറായി 3.0 എന്നത് വെറുമൊരു രാഷ്ട്രീയ താൽപ്പര്യമല്ല, മറിച്ച് നിലനിൽപ്പിനായുള്ള ഒരു 'ലൈഫ് ജാക്കറ്റ്' ആണ്. യു.ഡി.എഫ് വരികയോ മറ്റെന്തെങ്കിലും രാഷ്ട്രീയ മാറ്റം സംഭവിക്കുകയോ ചെയ്താൽ, വർഷങ്ങളായി തങ്ങൾ കെട്ടിപ്പൊക്കിയ ഈ 'കോൺക്രീറ്റ് സാമ്രാജ്യത്തിന്റെ' അടിത്തറ ഇളകുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, സർക്കാരിൽ നിന്ന് കിട്ടുന്ന കോടികളുടെ കരാറുകളിൽ നിന്നുള്ള ഒരു വിഹിതം പിണറായിയുടെ മൂന്നാം ഊഴം ഉറപ്പിക്കാൻ വേണ്ടി 'വിപ്ലവകരമായി' അവർ ചെലവാക്കുന്നുണ്ട് . നാടുനീളെ പിണറായി സ്തുതിഗീതം പാടുവാൻ അയ്യപ്പപസംഗമത്തിൽ വരെ കയ്യിട്ടു വാരിയത് കേരളം എന്നും സ്മരിക്കും !!
എകെജി സെന്ററിലെ സ്ഥിര താമസക്കാരനായി മാറിയ നികേഷ് ഈ പാർട്ടിയെ പിന്നിലൂടെ കുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൂന്നാം ഊഴം എന്ന് പുറമെ പറയുമ്പോഴും ഉള്ളിലിരുപ്പ് വേറെയാണോ ആവോ! മാധ്യമ സിങ്കം കിനരേഷിനെ സംബന്ധിച്ച് "പിണറായി 3.0" എന്നത് വെറുമൊരു ഭരണത്തുടർച്ചയല്ല, മറിച്ച് തന്റെ തകർന്നടിഞ്ഞ കരിയറിന് നൽകുന്ന ഒരു 'ലൈഫ് സേവിങ് കിറ്റ്' ആണ്. റിപ്പോർട്ടർ ചാനലിലെ ആ പഴയ "ഗുഡ് മോർണിംഗ്" വിപ്ലവവും ചാനൽ നടത്തിപ്പിലെ വമ്പൻ പരാജയങ്ങളും കേസുകളും ഒക്കെ ഓർക്കുമ്പോൾ, അഴീക്കോട്ടെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നികേഷ് ഇപ്പോൾ നടത്തുന്ന ആവേശകരമായ പി.ആർ. ( കസർത്തുകൾ കാണാൻ നല്ല രസമാണ്. പ്രൊഫഷനൽ ജീവിതത്തിൽ നേരിട്ട തകർച്ചകൾ മറക്കാൻ മുഖ്യമന്ത്രിയുടെ 'അടുക്കളക്കാരനായി' മാറി സ്തുതിഗീതങ്ങൾ പാടുമ്പോൾ പിആറിൽ സംഭവിക്കുന്നത് എല്ലാം നാടോടിക്കാറ്റിലെ ദാസനും വിജയനും സംഭവിക്കുന്ന മണ്ടത്തരങ്ങൾ !! പാവം !!
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇപ്പോൾ ഉച്ചത്തിൽ വിളിച്ചു പറയുന്നു: പിണറായിയുടെ മൂന്നാം ഊഴം! സതീശന്റെ ഒച്ച കേട്ടാൽ തോന്നും അദ്ദേഹം ഇതിന്റെ പ്രചാരകനാണെന്ന്. കെ സിയും ആർ സിയും കെ എമും ഒക്കെ പിണറായി 3 എന്നൊക്കെ പറയുമ്പോൾ നന്മയുള്ള സഖാക്കൾ ഒന്നടങ്കം മാറ്റി കുത്താൻ തയ്യാറെടുത്തുകഴിഞ്ഞു . എല്ലാം സതീശന്റെയും ടീം യുഡിഎഫിന്റെയും അടവുനയങ്ങൾ . ശബരി മല അയ്യപ്പസ്വാമി പോലും പിണറായിയുടെ മൂന്നാം പതിപ്പിനെ അനുഗ്രഹിക്കുന്നുവെന്നാണ് ചില ഭക്തജന സഖാക്കളുടെ വാദം. പഴയ യുവതീ പ്രവേശനമൊക്കെ സ്വാമി മറന്നുകാണുമെന്നാണ് ഇവരുടെ മനോഗതം. അയ്യപ്പൻ മെയ് മാസം വരാനായി കാത്തിരിക്കുകയാണ് . ഇപ്പോൾ മണ്ഡലകാലം കഴിഞ്ഞതിന്റെ തിരക്കിലാണ് . അതൊന്നു കഴിഞ്ഞോട്ടെ , എല്ലാം ശരിയാക്കിത്തരാം !!
എന്നാൽ കേരളത്തിലെ നല്ലവരായ എഴുത്തുകാരും ബുദ്ധിജീവികളും നെറ്റി ചുളിക്കുന്നു. ഇനി ഒരു മൂന്നാം ഊഴം വേണ്ടേ വേണ്ട എന്ന് അവർ പതുക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അവരുടെ തൂലികകൾക്ക് മൂർച്ച കൂടുന്നു. ആത്മാർത്ഥതയുള്ള സഖാക്കൾ ഒന്നടങ്കം ഈ മൂന്നാം പതിപ്പ് എന്ന ഭൂതത്തെ എതിർക്കുന്നുണ്ട്. പാർട്ടി നശിക്കുന്നത് കണ്ടുനിൽക്കാൻ വയ്യാത്ത പാവം സഖാക്കൾക്ക് ഈ വിളംബരം ഒരു പേടിസ്വപ്നമാണ്. സത്യത്തിൽ സാക്ഷാൽ പിണറായി വിജയൻ പോലും ഈ മൂന്നാം ഊഴം എന്ന് പറയാൻ ഭയക്കുന്നുണ്ട്. അത്രയ്ക്ക് ഭാരമുള്ള വാക്കായി ഇത് മാറിയിരിക്കുന്നു. ഇത്രയും പേർ തള്ളുമ്പോൾ ആർക്കാണ് പേടി തോന്നാത്തത്?
ഒടുവിൽ, ക്ലിഫ് ഹൗസിലെ കിടപ്പുമുറിയിൽ കമലം ടീച്ചർ ഞെട്ടിയുണരുന്നു. സ്വപ്നത്തിൽ കണ്ടത് പിണറായിയുടെ മൂന്നാം ഊഴമായിരുന്നോ അതോ കേരളത്തിന്റെ കടക്കണിയായിരുന്നോ? എന്തായാലും മൂന്നാം പതിപ്പ് എന്നത് കൈവിട്ടു പോയ ഒരു സ്വപ്നമായി അവശേഷിക്കുമോ എന്ന് കണ്ടുതന്നെ അറിയണം !! ഇനി അടുത്ത മൂന്നാം ഊഴം ചർച്ചയിൽ കാണാം! കന്നാസും കടലാസും !





