മുഖ്യമന്ത്രി - പ്രതിപക്ഷനേതാവ് സോഷ്യൽ മീഡിയ അങ്കം:
സിപിഎമ്മിനെ ബിജെപിയുടെ 'ബി ടീം' ആക്കി മാറ്റി മുഖ്യമന്ത്രി; കേരളത്തിൽ നടക്കുന്നത് അന്തർധാരയല്ല, പരസ്യമായ കച്ചവടം!
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എമ്മിനെ ഭാരതീയ ജനതാ പാർട്ടിയുടെ കേവലം ഒരു 'ബി ടീം' ആയി തരംതാഴ്ത്തിയിരിക്കുകയാണ്. നാഗ്പൂരിലെ ആസ്ഥാനത്തുനിന്ന് എഴുതിക്കൊടുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ പിണറായി ഭരണം ഇന്ന് ചലിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്നും അഴിമതി കേസുകളിൽ നിന്നും സ്വന്തം കുടുംബത്തെയും മന്ത്രിമാരെയും രക്ഷിച്ചെടുക്കാൻ കേരളത്തിന്റെ താൽപ്പര്യങ്ങൾ അമിത് ഷായ്ക്കും ബിജെപിക്കും പണയം വെച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
ശ്രീ എം - ബ്രിട്ടാസ് അച്ചുതണ്ടും അവിശുദ്ധ കൂട്ടുകെട്ടും
ഈ അവിശുദ്ധ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീ എം - ജോൺ ബ്രിട്ടാസ് എന്ന കൂട്ടുകെട്ടാണ്. ആർഎസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രിക്ക് രഹസ്യ ചർച്ചകൾ നടത്താൻ വഴിമരുന്നിട്ട ശ്രീ എമ്മും, ദൽഹിയിലെ അധികാര ഇടനാഴികളിൽ ബിജെപി നേതാക്കളുമായി 'സെറ്റിൽമെന്റ്' ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ബ്രിട്ടാസും ചേർന്നാണ് ഈ 'ഡീൽ' നടപ്പിലാക്കുന്നത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ രഹസ്യ ചർച്ച മുതൽ എഡിജിപിമാരുടെ ആർഎസ്എസ് സന്ദർശനം വരെ ഇതിന്റെ ഭാഗമാണ്.
അഞ്ച് സീറ്റുകൾ വിൽപനയ്ക്ക്; പകരം മന്ത്രിമാർക്ക് സുരക്ഷ
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മുന്നോട്ടുവെച്ച 'ബിസിനസ് പാക്കേജ്' ഇങ്ങനെയാണ്:
അഞ്ച് സീറ്റുകൾ ബി.ജെ.പിക്ക്: ശബരിമല വിഷയവും സ്വർണ്ണക്കള്ളക്കടത്തും തിരഞ്ഞെടുപ്പ് ചർച്ചയാക്കാതിരുന്നാൽ കേരളത്തിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയെ വിജയിപ്പിച്ചു കൊടുക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിക്കഴിഞ്ഞു.
മന്ത്രിമാരുടെ വിജയം: ഇതിന് പകരമായി നിലവിലെ മന്ത്രിമാരെയും മുൻ മന്ത്രിമാരെയും ബി.ജെ.പി വോട്ടുകൾ മറിച്ചു നൽകി വിജയിപ്പിക്കണമെന്നതാണ് ഡീൽ.
അന്വേഷണങ്ങൾ മരവിപ്പിക്കൽ: ലാവലിൻ കേസും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും മരവിപ്പിച്ചു കിട്ടുക എന്നതാണ് ഈ ചതിയുടെ പിന്നിലെ പ്രധാന ലക്ഷ്യം.
കേരളം ഈ വഞ്ചന തിരിച്ചറിയും
കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി അധ്യക്ഷനെ രക്ഷിച്ചതും, തൃശൂർ പൂരം കലക്കി ബി.ജെ.പിക്ക് വഴിമരുന്നിട്ടതും എന്തിന്റെ ഭാഗമാണെന്ന് ഇപ്പോൾ വ്യക്തമായി. പിണറായി വിജയന്റെ ശത്രു കോൺഗ്രസും യു.ഡി.എഫുമാണ്, ആർ.എസ്.എസ് അല്ല. കാരണം, കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യം തന്നെയാണ് കേരളത്തിൽ പിണറായി വിജയനും നടപ്പിലാക്കുന്നത്.
സ്വന്തം നിലനിൽപ്പിനായി സി.പി.എമ്മിനെ ബി.ജെ.പിയുടെ കാല്ക്കൽ പണയം വെച്ച മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും. വർഗീയതയുമായി സന്ധി ചെയ്യുന്ന ഈ 'ബി ടീമിനെ' തുറന്നുകാട്ടാൻ കോൺഗ്രസ് മുന്നിലുണ്ടാകു മെന്ന് വിഡി സതീശൻ :
ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പൂർണ്ണ രൂപം :
പിണറായി വിജയൻ
2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്. 2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും. കാരണം ലക്ഷണമൊത്തെ ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയനാണ്.1977 ല്‍ ആര്‍.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല.
അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍? അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ?
1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്‍.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന്‍ പറയുന്നത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്?
ആ സഖ്യത്തിന്റെ കാരണഭൂതന്‍ പിണറായി വിജയനാണ്. വി.ഡി സതീശനല്ലഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല അമിത്ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന്‍ എന്നാണ്, വി.ഡി സതീശനെന്നല്ല.
ഒരു ഘട്ടത്തില്‍ ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്‍കിയ ആളുടെ പേരും പിണറായി വിജയന്‍ എന്നാണ്, വി.ഡി സതീശന്‍ എന്നല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
എ.ഡി.ജി.പിയെ ആര്‍.എസ്.എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. പിടിക്കപ്പെട്ടപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ എ.ഡി.ജി.പിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്. തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ച് കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂ.





