ഏഷ്യാനെറ്റിനോടൊരു എളിയ അഭ്യർത്ഥന : ജി ശക്തിധരൻ
ഏഷ്യാനെറ്റിലെ സുമനസുകളോട് എനിക്ക് ഒരു എളിയ അഭ്യർഥനയുണ്ട്. ഈ ചാനലിൽ ശ്രീമതി കമലാ വിജയൻ, വീണാ തയ്ക്കണ്ടിയിൽ, ചെറുമകൻ നിഷാൻ എന്നിവരുമായുള്ള ഒരു ഹൃദ്യമായ അഭിമുഖം മുമ്പ് സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അത് ഇന്നത്തെ ദിവസം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുന:പ്രസിദ്ധീകരിക്കണം.
നിഷ്കളങ്കമായ ചോദ്യവും ഇന്നത്തെ പ്രസക്തിയും
ശ്രീമതി കമലാ വിജയനും, വീണാ തയ്ക്കണ്ടിയിലും, സ്വന്തം കുടുംബങ്ങളിൽ നിന്ന് കാലാനുസാരിയായി ആർജ്ജിച്ച വാസനകളേകുറിച്ച് അയവിറക്കുന്നതിനിടയിൽ പൊടുന്നനെ വീണാ തയ്ക്കണ്ടി നിഷാനെ പരാമർശിച്ചു പറഞ്ഞത് ഇങ്ങിനെ: “അവൻ എപ്പോഴും ചോദിക്കുന്നത് “ അമ്മയെ പോലീസ് പിടിക്കുമോ” എന്നാണത്രെ! എത്ര നിഷ്ക്കളങ്കമായ ചോദ്യമാണ് ആ കുഞ്ഞിന്റെ നാവിൽ നിന്ന് അന്ന് വന്നതെങ്കിലും ഇപ്പോൾ അത് ഇഡി ക്കാർ ശാഠ്യം പിടിച്ചാൽ, അറം പറ്റുന്നതാകും. ഒരിക്കലും അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്നതാണ് എന്റെയും പ്രാർഥന.
ആസ്തിയെക്കുറിച്ചുള്ള ചോദ്യവും പുനഃസംപ്രേക്ഷണ ആവശ്യവും
സംഭാഷണത്തിനിടയിൽ ലേഖകൻ കൌശലപൂർവ്വം വീണാ തയ്ക്കണ്ടിയോട് നിഷ്ക്കളങ്കമെന്നോണം ഒരു ചോദ്യം കൂടി എറിയുകയാണ് ഇപ്പോൾ എല്ലാം കൂടി 100 കോടി രൂപയ്ക്കുള്ള ആസ്തി ആയിട്ടുണ്ടോ എന്ന്? മറുപടിയോ അത്ര എത്തിയിട്ടുണ്ടാകില്ല എന്നും.
ഇതൊന്ന് പുന:സംപ്രേക്ഷണം ചെയ്താൽ പ്രേക്ഷകർക്ക് ഈ ചാനലിനോടുള്ള മമത വർദ്ധിക്കും.
കമലാ വിജയന്റെ ജീവിത പശ്ചാത്തലവും ഇന്നത്തെ മാറ്റങ്ങളും
കണ്ണൂരിൽ അധ്യാപിക ആയിരുന്നപ്പോൾ കമ്മ്യൂണിസ്റ്റ് ജീവിത രീതികളിൽ അടിയുറച്ചു നിലകൊണ്ട വീട്ടമ്മയാണ് ശ്രീമതി കമലാ വിജയൻ. അധികാര ഡംഫു കൊണ്ട് സാധാരണ കുടുംബങ്ങളോട് എന്തെങ്കിലും അസ്പൃശ്യത കാണിക്കുന്ന പ്രകൃതവുമല്ല. പക്ഷെ മുഖ്യമന്ത്രിയുടെ പത്നി എന്ന പദവിയിലേക്ക് കടന്നതോടെ പോലീസ് സേനയിലെ ചില കീടങ്ങളും സ പിണറായിയെ വലംവെച്ചുകൊണ്ടിരുന്ന “അവതാരങ്ങളും” ചേർന്ന് ചെഷസ്ക്യു മോഡൽ കുടുംബമാക്കി അധ:പ്പതിപ്പിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ ശ്രീമതി കമലാ വിജയനെ ഒറ്റയ്ക്ക് ആഡംബര കസേരയിൽ ഇരുത്തി ഓർഡെർലി യെ പോലെ ഡിജിപി തൊട്ടടുത്ത് നട്ടെല്ല് വളച്ച് നില്ക്കുന്ന ചിത്രം എത്ര ലക്ഷം പേരാണ് കണ്ടിട്ടുണ്ടാകുക. അങ്ങിനെ ഒരു സന്ദർഭം ഉണ്ടായാൽ സ നായനാരോ സ വിഎസ്സോ അത് അനുവദിച്ചു കൊടുക്കില്ല.
പഴയകാല കമ്മ്യൂണിസ്റ്റ് മാതൃകയും പുത്തൻ കൂറ്റുകാരും
എത്ര സംഭവങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാം. സ്വന്തം ഇളയ മകൻ ഒരു രാത്രി തിരുവനന്തപുരത്തേക്ക് പോകാൻ തീവണ്ടിചാർജ്ജ് ഇല്ലാതെ എറണാകുളം ഗസ്റ്റ് എത്തിയപ്പോൾ നായനാരുടെ കണ്ണിൽപ്പെട്ടുടനെ ചോദ്യം ഉയർന്നു. “നിനക്കിവിടെ എന്താ കാര്യം”? ഒരു മയവുമില്ലാത്ത ഈ ചോദ്യം കേട്ട് വിനോദ് ഉരുളക്കുപ്പേരി പോലെ മറുപടിയും കൊടുത്തു. “ എന്റെ അച്ഛനെ കാണാൻ”. നായനാർ പിന്നാലെ വിനോദിനെ അവിടെനിന്ന് പറപ്പിച്ചു. നായനാരുടെ ഒപ്പമുണ്ടായിരുന്ന വാര്യർ വണ്ടിക്കൂലി ഒപ്പിച്ചുകൊടുത്ത് അതിന് പരിഹാരമുണ്ടാക്കി. ഈ കാലഘട്ടത്തിൽ നിന്നാണ് ശ്രീമതി കമലാ വിജയനും , വീണാ തയ്ക്കണ്ടിയിലും പുത്തൻ കൂറ്റ് കമ്മ്യൂണിസത്തിൽ ചേക്കേറിയത്.
G SHAKTHIDHARAN : SOCIAL AKSHARANGAL





