ഒരു പിതാവിന്റെ വേദനയും നീതിക്കായുള്ള അപേക്ഷയും: മുഹമ്മദ് അസ്‌ലമിന്റെ ദാരുണമായ മരണം

1. തുടക്കം: പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ ഫോൺ കോൾ
27-09-2026 ഞായറാഴ്ച വൈകുന്നേരം 6.45-ന് കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്നും 9633284716 എന്ന നമ്പറിൽ നിന്നും CI ആണെന്ന് പറഞ്ഞ് എനിക്ക് കാൾ വന്നു. നിങ്ങൾ അസ്‌ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു, ഞാൻ അവന്റെ പിതാവാണെന്ന് മറുപടി നൽകി. അപ്പോൾ മറുതലയ്ക്കൽ നിന്നും പോലീസ്, നിന്റെ മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടെന്ന് ഇവിടെ വരെ വരണമെന്നും ആവശ്യപ്പെട്ടു.
എന്താണ് കാരണമെന്ന് ഞാൻ ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. "നീ കാരണം അറിഞ്ഞാൽ മാത്രമേ ഇവിടെ വരികയുള്ളൂ" എന്ന് അദ്ദേഹം മറുപടി തന്നു. ഞാൻ ഒരു ടാക്സി ഡ്രൈവർ ആണെന്നും ഇപ്പോൾ ഒരു ഓട്ടം പോയിക്കൊണ്ടിരിക്കുകയാണെന്നും, വണ്ടിയിലുള്ള ആളുകളെ വഴിയിൽ ഇറക്കിവിട്ട് ഇപ്പോൾ വരാൻ സാധിക്കില്ലെന്നും ഓട്ടം കഴിഞ്ഞ് ഉടൻ അവിടെയെത്താമെന്നും പറഞ്ഞ് ഞാൻ കോൾ അവസാനിപ്പിച്ചു. ഉടൻ തന്നെ വീട്ടിലേക്ക് വിളിച്ച് മൂത്ത മകനോട് കാര്യം പറഞ്ഞു; അനുജൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും വേഗം അവിടെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനും ആവശ്യപ്പെട്ടു.
2. സ്റ്റേഷനിലെ ദൃശ്യങ്ങളും പോലീസിന്റെ ആരോപണങ്ങളും
കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് മക്കളുടെയും ഫോണിലേക്ക് വിളിച്ചിട്ട് കിട്ടിയില്ല. രാത്രി 10.30 കഴിഞ്ഞാണ് എന്റെ ഓട്ടം കഴിഞ്ഞത്. ഞാൻ വേഗം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്ത് പലരെയും ഞാൻ കണ്ടു. ആകെ വെട്ടിവിയർത്ത് CI ബൈജു സാറിനെയും ഞാൻ കണ്ടു. ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാൻ പോകുന്ന CI ബൈജുവിന്റെ അടുത്തേക്ക് ഞാൻ ചെന്നു.
സാര്‍ എന്നെ വിളിച്ചിരുന്നെന്നും എന്റെ മക്കൾ ഇവിടെയുണ്ടെന്നും ഞാൻ പറഞ്ഞു. അന്നേരം CI ബൈജു സാർ എന്റെ അടുത്ത്, "നിന്റെ മുടിയനായ ഇളയ പുത്രൻ അവൻ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന്" പറഞ്ഞു. മാത്രമല്ല, ആ പൈസ കൊണ്ട് ഒരു ഇന്നോവ കാർ വാങ്ങിയെന്നും അവരുടെ മേൽ FIR ഇട്ട് കേസ് ആക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
3. മക്കളുമായുള്ള കൂടിക്കാഴ്ചയും ക്രൂരമായ മർദ്ദന വിവരങ്ങളും
ഞാൻ ഉടനെ മക്കളെ കാണാൻ സ്റ്റേഷന്റെ അകത്തേക്ക് പോയി. മൂത്ത മകനെ സെല്ലിലും ഇളയ മകനെ ഒരു ബെഞ്ചിലുമാണ് ഇരുത്തിയിരുന്നത്. ഞാൻ ഇളയ മകന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചു:
- ഇളയ മകൻ പറഞ്ഞത്: "വാപ്പിച്ചി, ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഞാൻ ഒരു പെൺകുട്ടിയുമായി രണ്ട് വർഷത്തോളമായി ഇഷ്ടത്തിലാണ്. അവളുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞപ്പോൾ അവളുടെ ഫോൺ വാങ്ങി വെച്ചു. കുറച്ചു ദിവസങ്ങളായി അവളുമായി ബന്ധപ്പെടാൻ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാൻ ഞാൻ അവളുടെ വീട്ടിൽ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു ചെന്നു. അപ്പോൾ അവളുടെ വീട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു."
ഞാൻ മകനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസും മറ്റൊരു പോലീസ് ഓഫീസറും ചേർന്ന് എന്നോട് അവിടെ നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ ഇത് എന്റെ മക്കളാണെന്നും കാര്യങ്ങൾ ചോദിച്ചറിയണമെന്നും പറഞ്ഞെങ്കിലും, ചോദ്യം ചെയ്യാൻ ഇവിടെ പോലീസ് ഉണ്ടെന്നും പുറത്തുപോകാനും അവർ ആവർത്തിച്ചു ആവശ്യപ്പെട്ടു.
പുറത്തേക്ക് പോകുന്ന വഴി ഞാൻ മൂത്ത മകനോട് കാര്യങ്ങൾ ചോദിച്ചു. അവൻ പറഞ്ഞ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു:
- "എനിക്ക് ഒന്നും അറിയില്ല, ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ട് പോലുമില്ല, ഫോണിലൂടെ ചാറ്റ് ചെയ്തിട്ടില്ല, വിളിച്ചിട്ടുമില്ല. എന്റെ അനുജനെ എന്റെ മുന്നിലിട്ട് ഒരുപാട് ശാരീരികമായി ഉപദ്രവിക്കുകയും, അവന്റെ നാഭിക്ക് ചവിട്ടുകയും, മണിയിൽ പിടിച്ച് അമർത്തുകയും, കുനിച്ചു നിർത്തി അയാൾ വിയർക്കുന്നത് വരെ ഇടിക്കുകയും, കഴുത്തിലേക്ക് അടിക്കുകയും ചെയ്യുന്നത് കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ SI അതുൽ മോഹനൻ സാറിനോട് 'അവനെ വെറുതെ വിട്ടേക്ക്, ഞാൻ ആണ് ഇതൊക്കെ ചെയ്തത്' എന്ന് സ്വയം കുറ്റം ഏറ്റു പറയുകയായിരുന്നു."
4. കസ്റ്റഡിയിലെ പീഡനവും ജുവനൈൽ ബോർഡിന്റെ പക്ഷപാതപരമായ പെരുമാറ്റവും
മൂന്ന് ദിവസമാണ് CI ബൈജുവും SI അതുൽ മോഹനും ചേർന്ന് എന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പയ്യനെയും മറ്റൊരു മകനെയും കോടതിയിൽ ഹാജരാക്കിയത് മൂന്ന് ദിവസം കഴിഞ്ഞാണ്.
മൂന്നാം ദിവസം എന്നോട് ഒരു പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഞാൻ ആ പേപ്പർ വായിച്ചു നോക്കിയപ്പോൾ, തലേദിവസം ഉച്ചയ്ക്കാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എഴുതിയിരിക്കുന്നു. ഞാൻ വക്കീലിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ, സാരമില്ല, ഒപ്പിട്ടുകൊടുക്കൂ, നമുക്ക് ജാമ്യത്തിൽ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ 22 വയസ്സുള്ള, ബികോം പാസായ മൂത്ത മകനെ സ്റ്റേഷനിൽ നിർത്തി പോലീസ് വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാം വഴിയും ന്യൂസ് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പ്രചരിപ്പിച്ച് അവന്റെ ജീവിതം തന്നെ നശിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത ഇളയ മകനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പറുടെ അടുത്തേക്ക് വിട്ടു. അവനെ ജാമ്യത്തിൽ എടുക്കാൻ ഞാനും വക്കീലും രണ്ട് ജാമ്യക്കാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തൃശൂർ രാമപുരത്തുള്ള അവരുടെ വസതിയിൽ ചെന്നു. (വിനീത എന്നാണ് അവരുടെ പേര്, അവർ വക്കീലോ ജഡ്ജിയോ അല്ല, ഒരു ബോർഡ് മെമ്പർ മാത്രമാണ്).
- വക്കീൽ ജാമ്യാപേക്ഷ കാണിച്ച് കാര്യങ്ങൾ പറഞ്ഞെങ്കിലും, മുൻവിധിയോടെയാണ് അവർ പെരുമാറിയത്. മകന് ഒരിക്കലും ജാമ്യം കിട്ടരുതെന്ന ഉദ്ദേശത്തിലായിരുന്നു അവരുടെ പ്രവർത്തനം.
- അവരുടെ സംസാരത്തിനിടയിൽ പെട്ടെന്ന് അവരുടെ വായിൽ "CI ബൈജു സാർ ഇന്നലെ വിളിച്ചിരുന്നു"എന്ന് വന്നുപോയി. CI നേരത്തെ സെറ്റപ്പ് ചെയ്തു വെച്ച ടീം ആയിരുന്നു ഈ ബോർഡ് മെമ്പർ എന്ന് എനിക്ക് മനസ്സിലായി.
- ഇളയ മകനെ നാല് ദിവസം അവരുടെ കസ്റ്റഡിയിൽ ഇട്ടു. പോലീസ് ക്രൂരമായി മർദ്ദിച്ച വിവരം ഞാൻ ആ വനിതയോട് പറഞ്ഞിട്ടും, ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞതല്ലാതെ, ജാമ്യം കിട്ടി പുറത്തിറങ്ങി വന്ന മകൻ പറഞ്ഞത് അവനെ ഡോക്ടറെ കാണിച്ചി പോലുമില്ല എന്നാണ്.
5. അവസാന നിമിഷങ്ങളും ദാരുണമായ അന്ത്യവും
നാല് ദിവസം കഴിഞ്ഞ് വക്കീലുമായി ചെന്ന് ഇളയ മകനെ ജാമ്യത്തിൽ എടുത്ത് വീട്ടിലെത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ സബ്ജയിലിൽ കിടക്കുന്ന ജേഷ്ഠനെ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അവന്റ ഉമ്മയെ കൂട്ടി അവനെ അയച്ചു. രണ്ടുപേരും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. സമയം കഴിഞ്ഞപ്പോൾ തിരികെ പോന്നു.
പോരുന്ന വഴി കൊടുങ്ങല്ലൂർ എത്തിയപ്പോൾ അവൻ കുഴിമന്തി വാങ്ങിത്തരാൻ ഉമ്മയോട് പറഞ്ഞു; അത് അവന്റെ അവസാനത്തെ ആഗ്രഹം ആണെന്ന് അവൾ അറിഞ്ഞിരുന്നില്ല. കുറച്ച് പാർസൽ വാങ്ങി വീട്ടിൽ വന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇളയ സഹോദരന് കൊടുത്തു.
ഞാൻ രാത്രി 10 മണിയോടെ വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. അവൻ മുകളിലെ റൂമിലാണ് കിടന്നിരുന്നത്. നേരം വെളുത്തപ്പോൾ അയൽവാസി കോളിംഗ് ബെൽ അടിച്ചു. ആ ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്. എന്നെ പുറത്തേക്ക് വിളിച്ചുകൊണ്ട് പോയി, "നിങ്ങൾ ഒന്നും അറിഞ്ഞില്ലേ?" എന്ന് ചോദിച്ചു. വീടിന്റെ മറുവശത്തേക്ക് കൊണ്ടുപോയി മുകളിലേക്ക് ചൂണ്ടിക്കാണിച്ചു തന്നു. ആ നിമിഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാൻ കഴിഞ്ഞില്ല; തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞു. ഞാൻ മുകളിലേക്ക് ഓടിക്കയറി. ജീവൻ ഒരു തരിയെങ്കിലും ഉണ്ടാവണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. എന്നാൽ, ആറ് അടി രണ്ട് ഇഞ്ച് പൊക്കമുള്ള ആ 18 വയസ്സുകാരന്റെ വായിൽ നിന്നും നുര വരുന്നുണ്ടായിരുന്നു...
10 മാസം നോന്ത് പ്രസവിച്ച ഒരു അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു കാഴ്ച—18 വയസ്സ് തികയാത്ത ഒരു മകന്റെ ചേതനയറ്റ ശരീരം തൂങ്ങിനിൽക്കുന്നത് നേരിട്ട് കാണേണ്ടി വന്നു. സ്വന്തം സഹോദരന്റെ ജീവനറ്റ ശരീരം കാണാൻ ആഗ്രഹിച്ച ജേഷ്ഠനെ കസ്റ്റഡിയിൽ നിന്നും വീട്ടിൽ എത്തിച്ചപ്പോൾ ആ കാഴ്ച അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും കണ്ണുകൾ നിറച്ചു.
ഒരു പെൺകുട്ടിയെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം ജേഷ്ഠന് പോലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നതും, ആ മനോവിഷമം താങ്ങാനാവാതെ എന്റെ മോൻ ജീവനൊടുക്കിയതും എന്റെ നെഞ്ചുതകർക്കുന്ന സത്യമാണ്. താൻ ഓമനിച്ചു വളർത്തിയ 'റൂബി' എന്ന നായക്കുട്ടിയെ പോലും ലോക്ക് ചെയ്താണ് അവൻ ഈ കടുംകൈ ചെയ്തത്.
6. പോലീസിനോടും വ്യവസ്ഥിതിയോടും ഉള്ള ചോദ്യങ്ങൾ
- ഒരു പരാതി കിട്ടിയാൽ അതിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണോ ഏത് കേസും കൈകാര്യം ചെയ്യുന്നത്?
- ഇത്രയും ടെക്നോളജി വളർന്ന സ്ഥിതിക്ക്, ഒരു ഇന്നോവ കാർ ആരുടെ പേരിലാണ് എന്ന് അറിയാൻ ഒരു സർക്കിൾ ഇൻസ്പെക്ടർക്കും സബ് ഇൻസ്പെക്ടർക്കും കഴിയാതെ പോയത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. ഫോണിൽ ഒരു കാറിൽ ചാരി നിന്ന് ഫോട്ടോ എടുത്താൽ അത് അയാളുടെ കാർ തന്നെ ആകണമെന്നുണ്ടോ? വാർത്താ ചാനലുകളിൽ വാർത്ത കൊടുക്കുമ്പോൾ ആ പ്രതിയുടെ പേരിൽ ഒരു കാർ എങ്കിലും ഉണ്ടോയെന്ന് ഒന്ന് പരിശോധിക്കാമായിരുന്നില്ലേ?
- 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിലൂടെ ഭീഷണിപ്പെടുത്തി വാങ്ങി എന്ന് പരാതിയിൽ ആരോപിക്കുന്ന പെൺകുട്ടിയെ എന്റെ മൂത്ത മകൻ ഫോണിലൂടെ ചാറ്റ് ചെയ്യുകയോ മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്തിട്ടുണ്ടോ? ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന അവന്റെ ഫോൺ പരിശോധിച്ച ആ വിവരം ഒന്ന് പരസ്യമാക്കാമോ?
- ഒരു പരാതി കിട്ടിയാൽ പ്രായപൂർത്തിയാകാത്ത പയ്യന്മാരെ ക്രൂരമായി തല്ലിച്ചതക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്?
- പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്ന രക്ഷിതാക്കളോട് പോലീസ് മാന്യമായി പെരുമാറേണ്ടതല്ലേ?
- ഇനി സ്വന്തം വീട്ടിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും എടുത്തു കൊടുത്ത ആ പെൺകുട്ടിക്ക് എതിരെ പോലീസ് കേസ് എടുക്കുമോ?
രണ്ട് കുട്ടികൾ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഒരു മകനെ കൊലയ്ക്ക് കൊടുക്കുകയും മറ്റൊരു മകനെ ജയിലിലാക്കുകയും ചെയ്ത കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ CI ബൈജുവിനെയും SI അതുൽ മോഹനനെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
തീയതി: 06-10-2026
സ്ഥലം: കൊടുങ്ങല്ലൂർ
വിലാസം: പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം (18 വയസ്സ്)
NOUSHAD RIO : SOCIAL AKSHARANGAL





