190 ദിവസത്തെ ഭരണവും കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും: കോമ്പ്രമൈസ് രാഷ്ട്രീയവും ഗ്രൂപ്പ് പോരുകളും
2011-ലെ ഉമ്മൻചാണ്ടി സർക്കാരും ആവർത്തിക്കുന്ന കോൺഗ്രസ് സംസ്കാരവും
ഈ സർക്കാർ 190 ദിവസങ്ങൾ പിന്നിട്ടപ്പോൾ ഓർമ്മയിൽ വന്നത് , 2011 ഉമ്മൻചാണ്ടി സർക്കാരിനെ കുറിച്ചായിരുന്നു . കേവലം രണ്ടു എംഎൽഎ മാരുടെ ഭൂരിപക്ഷത്തിൽ മാത്രം ജയിച്ചുകയറിയ ഉമ്മൻചാണ്ടിയെ അന്ന് കോടിയേരി കളിയാക്കിയതാണ് . ഏതെങ്കിലും എംഎൽഎ മൂത്രമൊഴിക്കാൻ പോയാൽ വീഴാവുന്നതേയുള്ളൂ ഈ മന്ത്രിസഭ എന്നായിരുന്നു കോടിയേരിയുടെ ഭാഷ്യം .
പക്ഷെ ഓരോരോ മാസവും ഓരോരോ എംഎൽഎ മാരെ കൂടെക്കൂട്ടി അഞ്ചുകൊല്ലം തികച്ചുഭരിക്കുവാൻ ഉമ്മൻചാണ്ടിക്ക് സാധിച്ചു . അന്നും ഉമ്മൻചാണ്ടിക്കെതിരെ സ്ത്രീ വിഷയം കത്തിച്ചു നിർത്തിയതിൽ മുൻപന്തിയിൽ കോൺഗ്രസ്സുകാർ തന്നെയായിരുന്നു എന്നതിൽ ആ പാർട്ടിക്ക് അഭിമാനിക്കാം . ആ കോൺഗ്രസ്സ് സംസ്കാരം ഇപ്പോഴും പൂർവ്വാധികം ഭംഗിയോടെ കേരളത്തിൽ നടപ്പിലാക്കപ്പെടുന്നുണ്ട് .
ആവേശം ചോർന്നുപോയ 'തൂഫാനും' ലഹരി മാഫിയയും
ഈ ഭരണകർത്താക്കളോട് പറയുവാനുള്ളത് , ആദ്യം തന്നെ തൂഫാനിൽ നിങ്ങൾ കാണിച്ച ആവേശവും ഇപ്പോൾ ചോർന്നുപോയ ആവേശവും ആദ്യത്തേതാണ് . ജീവിക്കാൻ വേണ്ടിയും മനഃസമാധാനത്തിനു വേണ്ടിയും കഞ്ചാവ് വലിച്ച പാവപ്പെട്ട കുറെ ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ലേശം കഞ്ചാവോ എംഎഡിഎംഎ യോ പിടിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു നടന്ന പോലീസുകാർ ആരും ഒരൊറ്റ കൊമ്പൻ സ്രാവിനേയും പിടിച്ചുകണ്ടില്ല .
ആരൊക്കെയോ പറയുന്നത് കേട്ട് , കൊമ്പന്മാർ എല്ലാം തമിഴ്നാട്ടിലെ മാഫിയയുമായി ചേർന്നുകൊണ്ട് കേരളത്തിൽ വലിയ ഡീലുകൾ വെച്ചുവെന്ന് . എന്തായാലും തൂഫാൻ തൂഫാനായി പോകുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് . ബന്ധപ്പെട്ട മന്ത്രിക്ക് ഇപ്പോൾ കുത്തിത്തിരുപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കാനാണ് കൂടുതൽ സമയം എന്നാണ് പാണന്മാർ പാടി നടക്കുന്നത് .
എക്സാലോജിക്കും തിരിച്ചുവരുന്ന കോമ്പ്രമൈസ് രാഷ്ട്രീയവും
വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പിണറായിയേയും , പുന്നാര മകളെയും , മരുമോനെയും ഇപ്പോൾ അഴിയെണ്ണിക്കും എന്ന് പറഞ്ഞുകൊണ്ട് അധികാരത്തിൽ എത്തിയപ്പോൾ നൂറു ശതമാനവും കോമ്പ്രമൈസ് രാഷ്ട്രീയങ്ങൾ വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുന്നു . അതിന്റെ പിന്നിൽ കുഞ്ഞാലിക്കുട്ടി ആകുവാനാണ് സാധ്യത എന്നതും തള്ളിക്കളയുവാനാകില്ല . ഉദ്ദിഷ്ടകാര്യങ്ങൾക്ക് ഉപകാരസ്മരണ എന്നും കേരളത്തിൽ നിലനിന്നു പോന്നിരുന്നു .
കേന്ദ്രസർക്കാർ ആ പന്ത് സംസ്ഥാനസർക്കാരിനു എറിഞ്ഞു കൊടുത്തെങ്കിലും ഇപ്പോൾ എക്സലോജിക്കുമില്ല ,പണം കടത്തലില്ല , അന്വേഷണമില്ല , റെയ്ഡുകൾ ഇല്ല . പിണറായി അനാരോഗ്യ കാരണങ്ങൾ പറഞ്ഞുകൊണ്ട് അമേരിക്കയിലേക്കും പിന്നീട് കാനഡയിലേക്കും പോകാൻ പദ്ധതികൾ തയ്യാറാക്കുന്നു . മരുമോനെ ദൈവപുത്രനായി കൊണ്ടുനടന്നിരുന്ന കുറെ കൂട്ടുകാരുടെ നെഞ്ചത്താണ് ഇപ്പോൾ ഇ ഡി പന്തുകളിക്കുന്നത് .
മെസ്സി വിവാദവും മുട്ടിൽ മരംമുറിയും: ഒതുക്കപ്പെടുന്ന കേസുകൾ
പിന്നെ അടുത്ത കോമ്പ്രമൈസ് നടന്നിരിക്കുന്നത് മെസിയിലും മുട്ടിൽ മരം മുറിയിലുമാണ് . ആ വിഷയം തന്നെ കേൾക്കാനില്ല . മെസ്സി വിഷയത്തിൽ ഷറഫലിയും അബ്ദുറഹ്മാനും പണം വാങ്ങിയെന്നുള്ള വാർത്തകൾ വന്നിട്ടും ആ പഴയ താല്പര്യം ആരിലും കാണുന്നില്ല . ആന്റോ ഇപ്പോഴും ചാനലിൽ ഇരുന്നു വിടുവായത്തങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു .
ഹെലികോപ്റ്റർ - വിമാന - അസൂയ കുത്തിത്തിരുപ്പുകൾ ഇടതടവില്ലാതെ ഇറക്കികൊണ്ടിരിക്കുന്നു . യൂസഫലിയുടെ കൂടെ ഹെലികോപ്റ്ററിൽ പോയത് പറയുവാൻ ധൈര്യം കാണിക്കുന്നുമില്ല .മെസ്സി വിവാദം ഒതുക്കുന്നത് സാക്ഷാൽ ഗോകുലം ഗോപാലേട്ടൻ ആണെന്നാണ് പൊതുവെ സംസാരം . പക്ഷെ അതിൽ രക്ഷപ്പെടുന്നത് ഒരു തെമ്മാടി കൂട്ടമാണ് . അവരെ രക്ഷപ്പെടുവാൻ അനുവദിച്ചാൽ കേരളം ഒന്നടങ്കം അവർ വിൽക്കും .
ആലപ്പുഴ, കുന്നംകുളം, തൃശൂർ പൂരം: ഒത്തുതീർപ്പുകളുടെ തുടർക്കഥ
പിന്നെ കോമ്പ്രമൈസ് നടന്നിരിക്കുന്നത് ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിലും , കുന്നംകുളത്തെ യൂത്ത്കോൺഗ്രസ്സുകാരനെ തല്ലിച്ചതച്ച കേസിലും , തൃശൂർ പൂരം കലക്കിയ കേസുകളിലും ഒക്കെ വളരെ നല്ല രീതിയിൽ കോംപ്രമൈസുകൾ നടന്നുകാണുന്നു . ഒന്നുകിൽ ഈ ഭരണം മികച്ചതെന്ന് ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം വരാതിരിക്കുവാൻ കൂട്ടത്തിലെ കോൺഗ്രസ്സ് മന്ത്രിമാരോ ഗ്രൂപ്പ് നേതാക്കളോ കളിക്കുന്നതായാണ് തോന്നുന്നത് .
ഉദ്യോഗസ്ഥ ലോബികളെകൊണ്ട് പല വകുപ്പുകളിലും കയ്യിട്ട് വാരലുകൾ നടക്കുന്നതായും കാണുന്നുണ്ട് . പ്രതിപക്ഷം ഇപ്പോൾ ജയരാജന്മാരുടെ റിസോർട്ടുകളുടെയും ഗുണ്ടാപ്പണികളുടെയും പിറകിൽ ആയതുകൊണ്ട് അവരുടെ റോളുകൾ ഏറ്റെടുത്തു നടത്തുന്നത് ചില പൊട്ടന്മാരായ മന്ത്രിമാരാണ് എന്നതാണ് ദുഖകരം .
നിയമനങ്ങളും മന്ത്രിമാരുടെ പ്രകടനവും
പിഎസ്സി നിയമനങ്ങൾ , സഹകരണബാങ്ക് നിയമനങ്ങൾ , ബന്ധു നിയമനങ്ങൾ എന്നിവയിൽ മന്ത്രിമാർ ഇനിയും കൂടുതൽ സഞ്ചരിക്കേണ്ടിയിരിക്കുന്നു . പ്രവർത്തിച്ചുകാണിക്കുന്ന ചുരുക്കം മന്ത്രിമാർ ഒഴിച്ചാൽ ബാക്കിയെല്ലാം പേടുകളാണ് . ജനീഷും , ഷിബു ബേബി ജോണും , ഷാജിയും , കെ മുരളീധരനും , റോജി ജോണും ,ബഷീറും , ഷംസുദ്ദീനും , സിപി ജോണും ഒക്കെ മാറ്റിനിർത്തിയാൽ ബാക്കിയൊക്കെ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്നതാണ് കാണപ്പെടുന്ന അവസ്ഥ .
കേരളമെന്നാൽ ടൂറിസമാണ് , ഇത്രേം നല്ല ഒരു വകുപ്പ് കിട്ടിയിട്ടും വിഷ്ണുനാഥ് ഇപ്പോഴും ജെബി മേത്തറിന്റെ കൂടെ നാടകങ്ങളിൽ അണിനിരക്കുകയാണ് . സണ്ണി ജോസഫും , അനിൽകുമാറും പൊട്ടന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെയാണ് . ബിന്ദുവിന് ബ്യുട്ടി പാർലറിൽ പോകാനേ നേരം കാണുകയുള്ളൂ .
2026-ലെ രാഷ്ട്രീയ നഷ്ടങ്ങളും നേതാക്കളുടെ പാളിച്ചകളും
രാഷ്ട്രീയം പറയുകയാണെങ്കിൽ 2026 ഇലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത് ഷാഫി പറമ്പിലിനും കെസി വേണുഗോപാലിനുമാണ് . കേരളത്തിൽ കെ കരുണാകരനെക്കാളും എകെ ആന്റണിയേക്കാളും ഉന്നതിയിൽ എത്തിച്ചേർന്ന കെസി വേണുഗോപാൽ ആരുടെയൊക്കെയോ ഉപദേശ പ്രകാരം കേരളത്തിലേക്ക് കണ്ണുവെച്ചപ്പോൾ അടി തെറ്റിപ്പോയി .
മമ്മുട്ടിയെക്കാളും ദുൽഖർ സൽമാനെക്കാളും ജനപ്രീതി കിട്ടിയ ഷാഫി പറമ്പിൽ ഇന്നിപ്പോൾ ആളെ കൂട്ടാനുള്ള തത്രപ്പാടിലാണ് . ദുബായിൽ വന്നപ്പോഴും പതിവ് കൂട്ടുകാർ അല്ലാതെ പഴയ ഓളം സൃഷ്ടിക്കാനാവാതെ നട്ടം തിരിയുന്ന കാഴ്ചകൾ കാണാമായിരുന്നു . ഏറ്റവും ദുരന്തമായി മാറിയ മറ്റു ചിലർ , അടൂർ പ്രകാശും , മാത്യു കുഴൽ നാടനും , ജെബി മേത്തറും രമ്യ ഹരിദാസും ഒക്കെയാണ് . എല്ലാം തീരുമാനങ്ങളിലെ പാളിച്ചകളും ഉപദേശകരുടെ പിടിപ്പുകേടും കൊണ്ട് മാത്രമാണ് .
കോൺഗ്രസിലെ കുത്തിത്തിരുപ്പുകളും മഹിളാ കോൺഗ്രസിന്റെ ജന്തർ മന്തർ പ്രഹസനവും
കോൺഗ്രസ്സിലെ ചില ചീള് കുത്തിത്തിരുപ്പുകാർക്ക് ക്ഷമയില്ല എന്നതാണ് ഏറ്റവും ഖേദകരം . വിഡി സതീശൻ ആ കസേരയിൽ ഇരിക്കുവാൻ കുമ്പിടുമ്പോൾ തുടങ്ങിയ കുത്തിത്തിരുപ്പുകൾ ഇപ്പോൾ മഹിളാകോൺഗ്രസിന്റെ ജന്തർ മന്തറിൽ വരെ എത്തിനിൽക്കുന്നു . എന്തൊരു പ്രഹസനമാണ് ആയമ്മയും ( ജെബി മേത്തർ ) അടൂർ പ്രകാശനും കുറെയധികം ജോക്കറുകളും കാണിച്ചു കൂട്ടിയത് .
ഇവരൊന്നും ഈ ലോകത്ത് തന്നെയല്ലേ ജീവിക്കുന്നത് ? . ലേശം ബോധമുണ്ടെന്നു കരുതിയ പിസി വിഷ്ണുനാഥ് വരെ ആ ചീഞ്ഞ കളികൾക്ക് കൂട്ടുനിൽക്കുന്നത് കാണുമ്പൊൾ പഴയ പിസി മാരെ ഓർമയിൽവരുന്നു . പിസി അലക്സാണ്ടർ - പിസി തോമസ് - പിസി ജോർജ്ജ് - പിസി ചാക്കോ എന്നിവരുടെ ഗണത്തിലേക്ക് പിസി വിഷ്ണുനാഥും വീണുപോയേക്കാൻ സാദ്ധ്യതകൾ കണ്ടുവരുന്നു .
ജനകീയനായ വി.ഡി. സതീശനും കോമ്പ്രമൈസ് രാഷ്ട്രീയത്തിനെതിരെയുള്ള മുന്നറിയിപ്പും
എന്തായാലും വിഡി സതീശൻ എന്ന ജനകീയൻ പൂക്കി ആയിട്ടും , സല്യൂട്ട് ആയിട്ടും , കുട്ടികളുടെ സ്നേഹം ആയിട്ടും , അമ്മമാരുടെ കെട്ടിപ്പിടുത്തം ആയിട്ടും , ആറു മാസം കാലാവധി തികച്ചിരിക്കുന്നു . അപ്പുറത്ത് കൗരവപ്പട എന്തൊക്കെ ആസൂത്രണങ്ങൾ മെനഞ്ഞാലും ജനങ്ങളുടെ മനസ്സിൽ ഉമ്മൻചാണ്ടിക്കും കരുണാകരനും ശേഷം വിഡി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു .
വിഡി യുടെ അടുത്ത അനുയായികളെ പൂട്ടിക്കൊണ്ട് വിഡി യെ പൂട്ടാം എന്ന് ചിന്തിച്ചുകൊണ്ട് ബിഗ് ന്യുസുകൾ പടച്ചുവെച്ചിരിക്കുന്നവർക്കും ഇതുവരെ നിരാശയാണ് ഫലം . വിഡി ചെയ്യേണ്ടത് കോംപ്രമൈസുകൾക്ക് കൂട്ടുനിൽക്കാതിരിക്കുക എന്നതാണ് . വോട്ടു ചെയ്തവർക്കും അങ്കം വെട്ടിയവർക്കും കടുത്ത നിരാശ വരുത്തുന്ന കാര്യങ്ങളാണ് കോമ്പ്രമൈസ് രാഷ്ട്രീയം !!
പ്രിയങ്ക ഗാന്ധിയുടെ വരവും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും
ഈ വരുന്ന ഫെബ്രുവരി പതിനാലിന് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാന്റെ വിവാഹശേഷം എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുക്കുമ്പോൾ കെസി വേണുഗോപാൽ രാഹുൽഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേശകൻ ആകുവാനാണ് സാധ്യത കാണുന്നത് . ആയതിനാൽ കേരളത്തിലെ ഗ്രൂപ്പ് കളിക്കാർ തത്ക്കാലം എല്ലാം നിർത്തിവെച്ചുകൊണ്ട് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും പിടിച്ചെടുക്കാൻ പ്രവർത്തിച്ചില്ലെങ്കിൽ കേന്ദ്രം ഗോവിന്ദയാകും .
അതല്ല മറിച്ചു ലോക്സഭാ സീറ്റുകളിൽ പരാജയം നൽകിക്കൊണ്ട് അതെല്ലാം മുഖ്യമന്ത്രിയുടെ മേൽ കെട്ടിവെച്ചു പണ്ട് എകെ ആന്റണിയെ രാജിവെപ്പിച്ചതുപോലെ ചെയ്യാനാണ് പരിപാടിയെങ്കിൽ കേന്ദ്രത്തിൽ ഇനിയും അഞ്ചു കൊല്ലം കാത്തിരിക്കേണ്ടിവരും എന്നത് ആരും മറക്കേണ്ട !!
പത്തനാപുരത്തെ അഗതിമന്ദിരവും മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കുള്ള നിയമവും
എന്തായാലും പത്തനാപുരത്തെ ആ അഗതിമന്ദിരത്തിന്റെ ഉദ്ഘാടനം കണ്ടപ്പോൾ മുഖ്യമന്ത്രിയോടും യുസഫലിയോടും ലേശം സ്നേഹം തോന്നിപോയി . മുഖ്യമന്ത്രിയുടെ കണ്ണുകളിൽ ഈറൻ അണിഞ്ഞിരുന്നു . ഒരു മകൻ ഡോക്ടറും മറ്റൊരു മകൻ എൻജിനീയറും ഉള്ള ഒരാളിനെ അവിടെ കണ്ടപ്പോൾ കേരളത്തിനോട് പുച്ഛം തോന്നി .
വളർത്തുദോഷം അല്ലാതെന്ത് പറയുവാൻ . എന്തായാലും മുഖ്യമന്ത്രിയുടെ പ്രസ്താവന എല്ലാവരിലും കോൾമയിർ കൊള്ളിച്ചു . സ്വത്തുക്കൾ എഴുതിവാങ്ങി അച്ഛനെയും അമ്മയെയും റോഡിൽ ഉപേക്ഷിക്കുന്ന ഏതൊരുത്തനെയും ഒരുത്തിയേയും മൂന്നു കൊല്ലം വരെ ജയിലിൽ അടക്കുവാനുള്ള നിയമം കേരളത്തിൽ കുറെയധികം പേരെ ബാധിക്കും എന്നത് തീർച്ച .
നമ്മുടെ കുടുംബങ്ങളിൽ വരെ ഇക്കൂട്ടർ ഉണ്ട് എന്നതാണ് ഇന്നത്തെ കേരളത്തിന്റെ ദയനീയാവസ്ഥ .
മുഖം വെളുപ്പിക്കാൻ ക്രീം തേക്കല്ലേ എന്ന ഉപദേശത്തിൽ എ ഗ്രൂപ്പ് ദാസനും
തലമറന്നു എണ്ണ തേക്കരുത് എന്ന അഭ്യർത്ഥനയിൽ ഐ ഗ്രൂപ്പ് വിജയനും





