ഇന്നത്തെ മാറിയ സാഹചര്യത്തിൽ വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകൾ മാറ്റിവെക്കാനുള്ള സാധ്യതകളെ കുറിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നിയമോപദേശം തേടുന്നു . ഇപ്പോഴത്തെ അവസ്ഥയിൽ ഒരു തിരഞ്ഞെടുപ്പിനെ നേരിടുവാൻ കേന്ദ്രം ഭരിക്കുന്നവരും കേരളം പോലത്തെ സംസ്ഥാനം ഭരിക്കുന്നവരും മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്നില്ല .
അപ്രതീക്ഷിത തിരിച്ചടികൾ നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും ജനങ്ങളുടെ ഇപ്പോഴത്തെ മനസികാവസ്ഥകളും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കടക്കുവാൻ ഉന്നത വൃത്തങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുന്നത് .
മുഖ്യ കാരണമായി കാണുന്നത് പാചകവാതക ക്ഷാമം തന്നെയാണ് . വർഷങ്ങൾക്ക് മുമ്പ് ഉള്ളിക്ക് ക്ഷാമം നേരിട്ടപ്പോൾ ഉള്ളി വില ക്രമാതീതമായി വർദ്ധിച്ചപ്പോൾ ഡൽഹി പോലത്തെ സംസ്ഥാനത്തിലെ ഭരണം നഷ്ടപെട്ടത് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഉപദേശം കിട്ടിയിരിക്കുന്നത് .
അതുപോലെ ഇറാഖ് യുദ്ധത്തിന്റെ സമയത്ത് പെട്രോൾ ഡീസൽ ക്ഷാമം നേരിട്ടപ്പോഴും സമാനമായ അവസ്ഥ ഇന്ത്യയിൽ സംജാതമായത് കണക്കിലെടുത്തുകൊണ്ട് ചിലപ്പോൾ ഒന്നോ രണ്ടോ മാസം തിരഞ്ഞെടുപ്പ് വൈകിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല . കൂടാതെ ഇപ്പോഴത്തെ യുദ്ധത്തിൽ ഇന്ത്യയെടുത്ത തീരുമാനങ്ങളും വലിയ തിരിച്ചടികൾക്ക് കാരണമായേക്കാം .
കേരളത്തിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ഇപ്പോൾ കേരളം ഭരിക്കുന്നവർക്ക് നിലം തൊടാനാവില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും മറ്റുള്ള സർവേകളും ചൂണ്ടിക്കാണിക്കുന്നു . ഏറ്റവും ദയനീയമായ അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പുകൾ എന്നത് മനസിലാക്കികൊണ്ട് നീട്ടിവെക്കുന്നതാണ് ഉചിതമെന്ന് അവർക്കും അറിയാം .
പ്രളയവും കോവിഡും ഒക്കെ വന്നപ്പോൾ ജനങ്ങൾ ഭരണത്തിന്റെ പോരായ്മകളും കെടുകാര്യസ്ഥതകളും മറന്നുകൊണ്ട് ഭരിക്കുന്നവർക്ക് തന്നെ വീണ്ടും വോട്ട് ചെയ്തതുപോലെ യുദ്ധത്തിന്റെ മറവിൽ ഒരു വികാരം സൃഷ്ടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകൾ .
പ്രതിപക്ഷം വളരെ സൂക്ഷ്മമായി സ്ഥാനാർത്ഥി നിർണ്ണയവും മറ്റുള്ള തയായറെടുപ്പുകളും നടത്തിയപ്പോൾ വിറളി പൂണ്ടവർക്ക് ഒരു പുകമറ അത്യാവശ്യമായി വന്നിരിക്കുകയാണ് . കൂടാതെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ വൈകിപ്പിക്കുന്തോറും പ്രതിപക്ഷത്തെ നേതാക്കൾക്കിടയിലും സീറ്റ് മോഹികൾക്കിടയിലും ചില അസ്വാരസ്യങ്ങൾ നുരഞ്ഞുപൊന്തുന്നത് മനസിലാക്കിയ സർക്കാർ എത്രത്തോളം വൈകിപ്പിക്കാൻ പറ്റുന്നോ എന്ന രീതിയിലാണ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത് .
ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തി എത്രയും പെട്ടെന്ന് ഈ ഭരണകൂടത്തെ താഴെ ഇറക്കാനാണ് ഭരിക്കുന്ന പാർട്ടിയിലെ നല്ലവരായ അനുകൂലികൾ വരെ ആഗ്രഹിക്കുന്നത് എന്നതും സർക്കാരിനറിയാം .
ശബരിമല സ്വർണ്ണക്കൊള്ള കേസുകൾ മുതൽ , പാർട്ടിയിലെ തലമൂത്ത നേതാക്കൾ വരെ കൊഴിഞ്ഞുപോകുന്ന അവസ്ഥകളും മന്ത്രിമാർക്കെതിരെ നേരിട്ടുകൊണ്ടിരിക്കുന്ന അപവാദങ്ങളും പി ആർ പരാജയങ്ങളും കോടതി വിധികളും പ്രതികൂല കാലാവസ്ഥയാണെന്ന് മനസ്സിലാക്കി കൊണ്ടാണ് എങ്ങനെയെങ്കിലും എത്രത്തോളം വൈകിപ്പിക്കാം എന്ന ചിന്താഗതി സംജാതമായിട്ടുള്ളത് .
കൂടാതെ സർക്കാറിനൊപ്പം നിൽക്കുന്ന സമുദായ നേതാക്കൾ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികൾ , പ്രതിപക്ഷ നേതാക്കളുടെ ഉയർന്ന പ്രതിച്ഛായകൾ എല്ലാം അവരെ അലോസരപ്പെത്തുന്നു .ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികൾ കൂടുതൽ ശക്തിയോടെ അസംബ്ലി തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നത് തന്നെയാണ് അവരുടെ കണ്ടെത്തലുകൾ .
കേന്ദ്രത്തിനാണെങ്കിൽ അവർക്ക് കാര്യങ്ങൾ ഒരുക്കുവാനും കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് വോട്ടർമാർക്കിടയിൽ ഒരു അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കുവാനുമാണ് സമയം ആവശ്യമായി വന്നിട്ടുള്ളത് . ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രം ഭരിക്കുന്നവർക്ക് എതിരായും ഒരു പൊതുവികാരം സംജാതമായിട്ടുണ്ട് .
കേന്ദ്രസർക്കാർ വിദേശനങ്ങളിൽ എടുത്തുകൊണ്ടിരിക്കുന്ന പിടിപ്പുകേടുകൾ വളരെ ശക്തമായി തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന തിരിച്ചറിവുകൾ ഈ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിൽ നിന്നും ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ . പശ്ചിമ ബംഗാളിലെ സ്ഥിതി ഗതികൾ , ഗവർണറുടെ അപ്രതീക്ഷിത രാജി , ആസാമിലെ പ്രതികൂല സാഹചര്യങ്ങൾ , തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ അടവുനയങ്ങൾ എല്ലാം കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് .
എന്തായാലും എന്തൊക്കെയോ അണിയറയിൽ നടക്കുന്നുണ്ട് എന്നത് തീർച്ച . കേരളത്തിലെ ജനങ്ങളിൽ ഇപ്പോഴുള്ള ഈ മടുപ്പ് മാറാൻ ഇനിയും സമയമെടുക്കും എന്നതും തിരഞ്ഞെടുപ്പ് നീട്ടിവെക്കുവാൻ സാഹചര്യമൊരുക്കുന്നു . ഈ സമയംകൊണ്ട് പ്രതിപക്ഷ നിരയിലെ നേതാക്കൾ തമ്മിൽ പൊരുത്തക്കേടുകൾ പടച്ചുവിടുവാൻ പിആർ കമ്പനികൾക്ക് നിർദ്ദേശങ്ങളും കൊടുത്തുകഴിഞ്ഞു .
എല്ലാം കൂടി കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ആരൊക്കെയോ അണിയറയിൽ വലിയ കളികൾ കളിച്ചുതുടങ്ങിയിരിക്കുന്നു . എന്തായാലും കേന്ദ്രം ഭരിക്കുന്നവർക്ക് ഇപ്പോൾ കേരളത്തെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട സമയമായതുകൊണ്ട് കേന്ദ്രം ഇക്കളികൾക്ക് കൂട്ടുനിൽക്കില്ല എന്ന് തന്നെ വേണം അനുമാനിക്കുവാൻ !!!
എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടക്കുവാൻ പ്രാർത്ഥിച്ചുകൊണ്ട് വോട്ടർ ദാസനും
എങ്ങനെയെങ്കിലും മാറ്റിവെക്കണം എന്ന ചിന്തയിൽ പിആർ കമ്പനി മാനേജർ വിജയനും





