“അധികാരി പാതാളത്തോളം താണിട്ടുണ്ട്”

WhatsApp Image 2026 10 13 at 08.13.18

ചില മനുഷ്യർ നമ്മുടെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നത് അവർ പറഞ്ഞ വാക്കുകളിലൂടെയും പകർന്ന സ്നേഹത്തിലൂടെയുമാണ്.

ടി. ഉണ്ണിമോയി എന്ന വാട്ട് കാക്ക അങ്ങനെയൊരാളായിരുന്നു. എത്ര സങ്കീർണമായ പ്രശ്നമായാലും സ്നേഹത്തോടെ സംസാരിച്ചു പരിഹാരത്തിലേക്ക് എത്തിക്കാൻ അസാധാരണമായ കഴിവുണ്ടായിരുന്ന വ്യക്തി. ആരോടും പുഞ്ചിരിയോടെയും വാത്സല്യത്തോടെയും മാത്രം ഇടപെട്ടിരുന്ന നാട്ടുകാരുടെ സ്വന്തം വാട്ട് കാക്ക.

ഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ ഒരു സംഭവം ഇന്നും മനസ്സിലുണ്ട്.

ഒരു ഒപ്പിനായി നാട്ടിലെ വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ, ശനിയാഴ്ചയായതിനാൽ തിരക്കാണെന്ന് പറഞ്ഞ് അധികാരി എന്നെ മടക്കാൻ ശ്രമിച്ചു. ‘ചില്ലറ’ കിട്ടിയാലേ ഒപ്പിടാനുള്ള പേന അയാൾ കൈയിലെടുക്കൂ എന്നത് അങ്ങാടിപ്പാട്ടായിരുന്ന കാലം.

അഹങ്കാരിയായ ആ ‘അധികാരി’യോട് ഞാൻ തർക്കിച്ചു. കൈക്കൂലിയും അനാവശ്യമായ കാലതാമസവും പതിവായിരുന്ന ആ ഓഫീസിനെതിരെ വൈകാതെ ഞങ്ങൾ യുവാക്കൾ ഒന്നിച്ചു. മുജീബുല്ല കാസിം, ശിഹാബ്, ബിച്ചു (ഇമ്പിച്ചി മോദി), ഫദ്‌ൽ (ഫസലുൽ ഹഖ്), ഉമറുൽ ഫാറൂഖ് തുടങ്ങി പലരും രംഗത്തുവന്നു. അവർക്കെല്ലാം സമാനമായ അനുഭവങ്ങളുണ്ടായിരുന്നു.

ഞാൻ മാതൃഭൂമിയിൽ ഒരു ചെറുകുറിപ്പെഴുതി. തുടർന്ന് കൂട്ടപരാതിയുമായി അന്നത്തെ ജില്ലാ കലക്ടർ കെ. ജയകുമാറിനെ നേരിൽ കണ്ടു. അദ്ദേഹത്തിന്റെ ഓഫീസിൽനിന്നിറങ്ങുന്ന വഴി ശിരസ്തദാർ നായരോടും കാര്യങ്ങൾ വിശദീകരിച്ചു.

അന്വേഷണം തുടങ്ങി.

സംഭവം ഗൗരവമായി. ‘അധികാരി’ പല പ്രമാണിമാർ വഴിയും ഞങ്ങളെ സമീപിച്ച് പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചു.

അങ്ങനെയൊരു സന്ധ്യയിലാണ് വാട്ട് കാക്ക അങ്ങാടിയുടെ മേലെ ഭാഗത്തുനിന്ന് കഴുത്തിലെ മുണ്ട് വീശിക്കൊണ്ട് ഞങ്ങൾ ഇരുന്നിരുന്ന മൂലയിലെത്തിയത്.

“ആ പരാതി എങ്ങനെയെങ്കിലും ഒന്ന് പിൻവലിക്കണം,” അദ്ദേഹം ചിരിച്ചുകൊണ്ട് ആവശ്യപ്പെട്ടു.

‘അധികാരി’യോടുള്ള ശിഹാബിന്റെ — ഇപ്പോൾ ഡോക്ടറാണ് — രോഷപ്രകടനം കേട്ടശേഷം വാട്ട് കാക്ക ശാന്തനായി, പുഞ്ചിരിയോടെ മടങ്ങി.

പിറ്റേന്ന് വീണ്ടും ഞങ്ങളെ തേടിയെത്തി.

അന്ന് അദ്ദേഹം പറഞ്ഞ ഡയലോഗ് ഇന്നും കാതിലുണ്ട്:

“അധികാരി പാതാളത്തോളം താണിട്ടുണ്ട്. ഇനി അയാൾ ആരെയും മടക്കില്ല. സ്വഭാവം നന്നാകും. ഞാൻ ഗ്യാരണ്ടിയാണ്. എന്തെങ്കിലും ചെയ്ത് പരാതി പിൻവലിക്കണം. അയാൾ ശരിക്കും കുടുങ്ങിയിട്ടുണ്ട്.”

ആ വാക്കുകളിലുണ്ടായിരുന്ന ഉറപ്പിനും സ്നേഹത്തിനും മുന്നിൽ ഞങ്ങൾ തോറ്റുപോയി.

പിറ്റേന്ന് ദേവഗിരി കോളേജിൽനിന്ന് മടങ്ങുമ്പോൾ കാരന്തൂരിലിറങ്ങി ഞാനും ഉമർ ഫാറൂഖും റവന്യൂ ഇൻസ്പെക്ടറുടെ ഓഫീസിലെത്തി. അവിടെ റവന്യൂ ഇൻസ്പെക്ടറുടെ മുന്നിൽ തലതാഴ്ത്തി വില്ലേജ് ഓഫീസർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അയാളുടെ ‘സ്വഭാവമഹിമ’യെക്കുറിച്ച് ഒന്നുകൂടി വിശദീകരിച്ചശേഷം ഞങ്ങൾ പരാതി പിൻവലിച്ചു.

വാട്ട് കാക്കയുമായി ബന്ധപ്പെട്ട് ഓർത്തെടുക്കാൻ ഒട്ടേറെ അനുഭവങ്ങളുണ്ട്. ഒരുപാട് ‘വാട്ട് ഗുഡ്’ പ്രയോഗങ്ങളും.

എങ്കിലും ആ സന്ധ്യയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾക്കാണ് ഓർമയിൽ ഇന്നും ഏറ്റവും തെളിച്ചം.

പ്രശ്നങ്ങളെ വലുതാക്കാതെ, മനുഷ്യരെ ചേർത്തുപിടിച്ച്, ആരെയും അപമാനിക്കാതെ പരിഹാരത്തിലേക്ക് നയിക്കാനുള്ള ഒരാളുടെ അസാധാരണമായ കഴിവിന്റെ ഓർമ.

എന്റെ ഭൂമിയുടെ ക്രയവിക്രയങ്ങളിലും പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ ഒരു ഗുണകാംക്ഷിയായി, സ്വന്തക്കാരനായി, ഉപദേഷ്ടാവായി പിതാവിനൊപ്പം അദ്ദേഹം ഉണ്ടായിരുന്നു.

സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്ന, എല്ലാവർക്കും നന്മ വരണമെന്ന് ആഗ്രഹിച്ചിരുന്ന ആ നിഷ്കളങ്കനായ മനുഷ്യൻ ഇനി ഓർമകളിൽ മാത്രം.

വിട.

പ്രാർഥന മാത്രം.

K T ABDURAB