സ്ഥലം: ശാഖ ഗ്രൗണ്ടിനടുത്തുള്ള ചായക്കട

കഥാപാത്രങ്ങൾ: കന്നാസ് (പഴയ പാർട്ടി കേഡർ), കടലാസ് (രാഷ്ട്രീയ നിരീക്ഷകൻ)

(കന്നാസ് ചായ കപ്പിലേക്ക് ഒഴിച്ച് പതപ്പിക്കുന്നു. കടലാസ് പത്രം വായിച്ചുകൊണ്ട് അടുത്തിരിക്കുന്നു.)

കന്നാസ്: കടലാസേ, ഇതിപ്പോൾ ശാഖയിൽ വന്ന് 'നമസ്തേ സദാ വത്സലേ' ചൊല്ലുന്നതിനേക്കാൾ കൂടുതൽ ആളുകളാണല്ലോ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നത്! പാർട്ടി ഒരു 'സത്രം' പോലെയായി. വരുന്നവർ വരുന്നു, പോകുന്നവർ പോകുന്നു!

കടലാസ്: അതെന്താ കന്നാസേ അങ്ങനെയൊരു വർത്തമാനം? വൻ തോതിലുള്ള 'ലേ ഔട്ടുകളും' കൂടുമാറ്റങ്ങളുമല്ലേ നടക്കുന്നത്! എല്ലാ മേഖലയിൽ നിന്നും ആളുകൾ ഒഴുകിയെത്തുകയല്ലേ!

കന്നാസ്: ഒഴുക്ക് എന്ന് വെച്ചാൽ പോരാ, പ്രളയം! ബിസിനസ്സ് രംഗത്ത് നിന്ന് എട്ടടി ഉയരത്തിൽ പറന്നുവന്ന സാക്ഷാൽ 'മെട്രോ മാൻ' ഇ. ശ്രീധരൻ മുതൽ വ്യാവസായിക പ്രമുഖൻ ഡോ. രാജശേഖരൻ നായർ, പിന്നെ ഹൃദയശസ്ത്രക്രിയ നടത്തുന്ന ഡോ. പ്രതാപ് കുമാർ എൻ. വരെ ഇവിടെയെത്തി. പക്ഷെ പാർട്ടിയുടെ തകരാറിലായ എഞ്ചിൻ നന്നാക്കാൻ മെട്രോ മാനോ, ഹൃദയം മാറ്റിവെക്കാൻ ഡോക്ടറോ വിചാരിച്ചാൽ നടക്കുമോ? ശ്രീധരൻ സാറൊക്കെ ഇവിടെ വന്ന് ഒടുവിൽ 'ടെക്നിക്കൽ സിഗ്നൽ' കിട്ടാതെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി!

കടലാസ്: അത് പോട്ടെ, പോലീസും ബ്യൂറോക്രസിയും നമ്മളെ രക്ഷിക്കില്ലേ? മുൻ ഡി.ജി.പിമാരായ ആർ ശ്രീലേഖ , ജേക്കബ് തോമസ്, ടി.പി. സെൻകുമാർ, പോരാത്തതിന് മുൻ എ.ഡി.ജി.പി വേണുഗോപാൽ കെ. നായർ, മുൻ ബ്യൂറോക്രാറ്റ് കെ.വി. ബാലകൃഷ്ണൻ... എന്തൊക്കെ തലപ്പൊക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു!

കന്നാസ്: (ചിരിച്ചുകൊണ്ട്) എന്നിട്ടെന്തായി? ശ്രീലേഖ മാഡം രാജിവെച്ചോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സി.സി.ടി.വി വെക്കേണ്ട അവസ്ഥയിലായി. സെൻകുമാർ ചേട്ടൻ 'ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും' എന്ന അവസ്ഥയിൽ ശാന്തനായിരിക്കുന്നു. ജേക്കബ് തോമസ് മുങ്ങാങ്കുഴിയിട്ട് നീന്തി എവിടെയാണോ എന്തോ! സർവീസിലിരുന്നപ്പോൾ കുറ്റവാളികളെ പിടിച്ചവർ ഇവിടെ വന്നപ്പോൾ സ്വന്തം രാഷ്ട്രീയ ഭാവി എവിടെയെന്ന് തിരയുകയാണ്!

കടലാസ്: ഹഹ! എന്നാൽ സിനിമ–സീരിയൽ രംഗത്തുനിന്നുള്ള വമ്പൻ സംഘം അവിടെയുണ്ടല്ലോ! പ്രമുഖ നടനും എം.പിയുമായ സുരേഷ് ഗോപി, കൂടെ കൃഷ്ണകുമാർ, മേജർ രവി, ലക്ഷ്മി പ്രിയ, കൊല്ലം തുളസി, നിർമ്മാതാവ് ജി. സുരേഷ് കുമാർ, നടൻ വിവേക് ഗോപൻ, സീരിയൽ സംവിധായകൻ സുജിത്ത്, പിന്നെ വിനു കിരിയത്ത്, നടിയും ഡോ. രാജശേഖരൻ നായരുടെ ഭാര്യയുമായ രാധ... ഇത്രയും വലിയൊരു താരനിര വേറെ ഏത് പാർട്ടിക്കുണ്ട്?

കന്നാസ്: കേൾക്കാൻ നല്ല രസമുണ്ട്! പക്ഷെ വന്നവർ പലരും 'കട്ട്' പറഞ്ഞ് പാതി വഴിയിൽ ഇറങ്ങിപ്പോയില്ലേ? ദേവൻ സ്വന്തം പാർട്ടി വലിച്ച് കെട്ടി നിർത്തിയിട്ട് ഒടുവിൽ ടി.വി.കെയിലേക്ക് കൂടുമാറി. സംവിധായകൻ രാജസേനനും നടൻ ഭീമൻ രഘുവും 'ഈ ലൈൻ ശരിയല്ല' എന്ന് പറഞ്ഞ് സ്ഥലം വിട്ടു. ഭീമൻ രഘുവിന് പാർട്ടിയുടെ കൊടിയുടെ നിറം പോലും മനസ്സിലായില്ലെന്നാണ് കേട്ടത്! ഇനി അലി അക്ബർ എന്ന രാമസിംഹന്റെ കാര്യമോ? ചുമരിൽ അടച്ച പന്ത് പോലെ വന്ന വേഗത്തിൽ തിരിച്ചുപോയി!

കടലാസ്: രാഷ്ട്രീയക്കാരിൽ നിന്നുള്ള 'വൻ തോതിലുള്ള ചേക്കേറലുകൾ' നമ്മൾ മറക്കാൻ പാടുണ്ടോ കന്നാസേ? മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ, മുൻ കോൺഗ്രസ് ഡിജിറ്റൽ സെൽ തലവൻ അനിൽ കെ. ആന്റണി, മുൻ സി.പി.എം എം.പിയും കോൺഗ്രസ് എം.എൽ.എയുമായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി, മുൻ ചീഫ് വിപ്പ് പി.സി. ജോർജ്ജ്... ഇവരൊക്കെ വൻ പ്രതീക്ഷയോടെയല്ലേ വന്നത്?

കന്നാസ്: അയ്യോ, പറയരുത്! പദ്മജ ഇപ്പോൾ പഴയ തറവാട്ടിലേക്ക് 'ഘർവാപ്പസി' നടത്താൻ കാതോർത്തിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അബ്ദുള്ളക്കുട്ടിയാണെങ്കിൽ അടുത്ത വിളി മുസ്ലിം ലീഗിൽ നിന്ന് എപ്പോഴുവരും എന്ന് നോക്കിയിരിപ്പാണ്. ഇനി വേറെയുമുണ്ട് പടപാടികൾ: റിബൽ സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ, മുൻ കെ.പി.സി.സി സെക്രട്ടറിമാരായ തോടിയൂർ രാമചന്ദ്രൻ, പന്തളം പ്രതാപൻ, തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ എൻ.എ. റഷീദ്, മുൻ കോൺഗ്രസ് സ്ഥാനാർത്ഥി ബി.എസ്. അനൂപ്, കെ.പി.സി.സി വർക്കിംഗ് കമ്മിറ്റിയിലായിരുന്ന ആർ.എസ്. അരുൺ രാജ്, മുൻ ഇടത് ടി.വി പാനലിസ്റ്റ് റെജി ലൂക്കോസ്! പിസി ജോർജ്ജും മോനും പൂഞ്ഞാറിൽ നിന്നും തെറികേട്ട് ജീവിക്കുന്നു .

കടലാസ്: ആഹാ, പട്ടിക അവിടം കൊണ്ടും തീർന്നില്ലല്ലോ! എൻ.സി.പിയിൽ നിന്ന് വന്ന ദേവപ്രസാന്ത്, മുൻ യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റ് ആന്റോ മെർസലിൻ, മുൻ കെ.എസ്.യു നേതാവ് പരശുരാമൻ തമ്പി, ആപ് (AAP) മുൻ സംസ്ഥാന കൺവീനർ മധുസൂദനൻ നായർ, കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന സി. രഘുനാഥ്... ഇത്രയും പേർ ഉണ്ടായിട്ടും പാർട്ടിക്കെന്താ ഒരു അനക്കമില്ലാത്തത്?

കന്നാസ്: അതുതന്നെയാണ് കടലാസേ ഞാൻ ചോദിക്കുന്നത്! ജനതാദളിൽ നിന്ന് മാറി വന്ന് അധ്യക്ഷ സ്ഥാനവും കേന്ദ്ര പദവികളും വരെ നേടിയവർ ഇവിടുണ്ട്. മുൻപ് വൻ സ്വീകരണത്തോടെ വന്ന അൽഫോൻസ് കണ്ണന്താനവും അബ്ദുള്ളക്കുട്ടിയുമൊക്കെ ഇപ്പോൾ എവിടെയാണെന്ന് തിരഞ്ഞുപിടിക്കേണ്ട അവസ്ഥയിലാണ്.

കടലാസ്: അതായത്, പാർട്ടിയിൽ ചേർന്ന നേതാക്കളുടെയും താരങ്ങളുടെയും പട വലിയതാണ്. പക്ഷെ വന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിച്ചെങ്കിലും പാർട്ടിക്കും അവർക്കും ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് ചോദിച്ചാൽ...

കന്നാസ്: ഒരു പ്രയോജനവുമില്ല! പഴയ ആൾക്കാർ ഇരിപ്പുറക്കാതെ കോൺഗ്രസിലേക്കും മറ്റ് തട്ടകങ്ങളിലേക്കും കണ്ണ് വെച്ചിരിക്കുന്നു. പുതിയതായി വന്നവർക്ക് പാർട്ടി എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് അറിയില്ല! ചുരുക്കത്തിൽ, പുറത്തുനിന്ന് എത്തിയ പ്രമുഖരുടെ ഈ 'നുഴഞ്ഞുകയറ്റം' പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം, എല്ലാവരെയും ഒരുപോലെ തലവേദനയിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ!

കടലാസ്: (ചായക്കപ്പ് താഴെവെച്ച്) ഏതായാലും കന്നാസേ, അടുത്ത വിമാനത്തിൽ ഇനി ആരൊക്കെ ഇറങ്ങുമെന്നും, ഉള്ളവർ ആരൊക്കെ വാതിൽ തുറന്ന് പുറത്തുപോകുമെന്നും കണ്ട് തന്നെ അറിയാം! നടക്കട്ടെ, നമുക്ക് അടുത്ത ബെല്ലടിക്കുമ്പോൾ വീണ്ടും കാണാം!

(രണ്ടുപേരും ചിരിച്ചുകൊണ്ട് ചായക്കടയിൽ നിന്ന് എഴുന്നേൽക്കുന്നു.)

KANNASUM KADALASUM