കേരളത്തിലെ റോഡപകടങ്ങൾ: വർദ്ധിച്ചുവരുന്ന ഭീതിയും പ്രതിരോധ നടപടികളുടെ ആവശ്യകതയും
മാറിയ റോഡുകളും മാറിയ അപകടസ്വഭാവവും
കേരളം അപകടങ്ങളുടെ സംസ്ഥാന സമ്മേളനവേദിയായി മാറിക്കൊണ്ടിരിക്കുകയാണ് . അപകടങ്ങൾ മുൻപെല്ലാം ഉണ്ടായിരുന്നു എങ്കിലും അതിൽ കൂടുതലും നാഷണൽ ഹൈവേയിൽ പുലർച്ചകളിൽ ഗുരുവായൂർ അമ്പലത്തിൽ വാകച്ചാർത്തിനു പോകുന്ന കുടുംബങ്ങളും എയർപോർട്ടിൽ യാത്രയയക്കാൻ പോകുന്നവരും ഊട്ടി കൊടൈക്കനാൽ വേളാങ്കണ്ണി യാത്രകൾ നടത്തുന്നവരും ഒക്കെയായിരുന്നു .
എതിരെ വരുന്ന വാഹങ്ങളുമായി നേർക്ക് നേർ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളായിരുന്നു ഒട്ടു മിക്കതും . ഇന്നിപ്പോൾ നാലുവരി പാതകളും എലിവേറ്റഡ് ഹൈവേകളും ഒക്കെ വന്നപ്പോൾ നേരിട്ടുള്ള കൂട്ടിയിടികൾ ഒഴിവാവുകയും സ്പീഡിൽ വരുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളുടെയോ ജനങ്ങളുടെയോ പിന്നിൽ ഇടിച്ചുള്ള അപകടങ്ങളാണ് ധാരാളമായി കാണുന്നത് .
അശ്രദ്ധയും മൊബൈൽ ഉപയോഗവും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ
ഈയടുത്തുനടന്ന എല്ലാ അപകടങ്ങളിലും സമാന സ്വഭാവമാണ് കാണുവാൻ സാധിക്കുന്നത് . ഒന്നുകിൽ നടന്നുപോകുന്ന ആളുകളുടെ പിന്നിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുന്നു . അല്ലെങ്കിൽ സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും പിന്നിൽ വാഹനങ്ങൾ ഇടിച്ചു കയറുന്നു .
ഇന്നിപ്പോൾ ഇതെഴുതുമ്പോൾ മലപ്പുറത്ത് യുവാവ് ഒരു അധ്യാപകൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചുകയറി അദ്ധ്യാപകൻ മരിച്ചു . കാസർഗോട്ട് രണ്ടു വിദ്യാർഥികൾ നടന്നുപോകുമ്പോൾ പിന്നിൽ നിന്നും വന്ന കാറിടിച്ചു രണ്ടുപേരും തൽക്ഷണം അന്തരിച്ചു .അതുപോലെ എത്രയെത്ര ജീവനുകളാണ് നമ്മുടെ നിരത്തുകളിൽ കൊഴിഞ്ഞു വീഴുന്നത് .
മിക്കവാറും അപകടങ്ങൾ പരിശോധിച്ചാൽ ഒന്നുകിൽ മദ്യത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം എന്നിവയാണെന്ന് കണ്ടെത്തുവാൻ സാധിക്കും . പിന്നിൽ നിന്നും ഇടിക്കുന്നതിന്റെ മുഖ്യ കാരണമായി കാണുന്നത് മൊബൈൽ ഫോണിൽ വരുന്ന മെസേജുകൾ നോക്കുമ്പോഴോ , റീലുകൾ കാണുമ്പോഴോ ഒക്കെയായിരിക്കും .
രക്ഷകർത്താക്കളുടെ അനാസ്ഥയും പൊങ്ങച്ച സംസ്കാരവും
ജഡ്ജിയുടെ പതിനേഴ് വയസ്സുള്ള മകൻ റീൽസ് എടുക്കുവാനായി വീട്ടിലെ ബെൻസ് കാർ എടുത്തുകൊണ്ടുപോകുമ്പോൾ പാവപ്പെട്ട ഒരു ഹോട്ടലുടമ മരണപ്പെട്ട വാർത്തകളാണ് ഇപ്പോൾ കേരളം നിറയുന്നത് .'' എന്നെ ആരും ചോദ്യം ചെയ്യണ്ട '' എന്ന് ജഡ്ജിയദ്ദേഹം അരുളി ചെയ്യുമ്പോൾ നഷ്ടപ്പെട്ടത് ഒരു കുടുംബനാഥനെയാണ് .
''എന്റെ അച്ഛനെ കാറിടിച്ചു കൊന്നവനെ നിയമം പരിരക്ഷിച്ചാൽ ഞാൻ അവനെ കൊല്ലും '' എന്ന് ഒരു മകന് പറയേണ്ടിവരുന്ന അവസ്ഥകൾ . ആ മകളുടെ കരച്ചിൽ കാണുമ്പോൾ കേരളം ഒന്നടങ്കം ദുഖിക്കുകയാണ് . ശരിക്കും ഇവിടെ മക്കളെ ചീത്തയാക്കുന്നത് അമ്മമാരാണ് .
അമ്മമാരുടെ പൊങ്ങച്ചം സഫലീകരിക്കുന്നതിനാണ് അവർ മക്കളെ കയറൂരി വിടുന്നത് . ലൈസൻസില്ലാതെ വാഹനങ്ങൾ ഉപയോഗിക്കുവാൻ അവർക്ക് മൗനാനുവാദം നൽകുന്നത് അമ്മമാരാണ് . മറ്റുള്ളവരുടെ മുന്നിൽ സമൂഹത്തിൽ വലിയ സാന്നിധ്യം അറിയിക്കുവാൻ അവരിങ്ങനെ ചെയ്യുമ്പോൾ ജീവനുകൾക്ക് കൂടി ലേശം വിലകൽപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു .
സോഷ്യൽ മീഡിയ അഹങ്കാരവും യാഥാർത്ഥ്യവും
'' എല്ലാം എന്റെ ബാപ്പ നോക്കിക്കോളും '' എന്നൊരുത്തൻ വെല്ലുവിളിച്ചപ്പോൾ അവിടെയും നിഴലിച്ചത് അഹങ്കാരം തന്നെ . വിലപ്പെട്ട മൂന്നു ജീവനുകൾ എടുത്ത നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം ആരുമറിയാതെ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു .
ആ പയ്യന്റെ ഒരൊറ്റ വാക്കിൽ ജനം ഒന്നടങ്കം ആ ബാപ്പ ആരെന്നു അറിയുവാൻ സോഷ്യൻ മീഡിയ തിരഞ്ഞപ്പോൾ കയ്യിൽ കിട്ടിയത് പൊങ്ങച്ച സഞ്ചിയായ അവൻ്റെ ഉമ്മയുടെ റീലുകൾ . പിന്നെ ജനം അറഞ്ചം പുറഞ്ചം അവരുടെ നെഞ്ചത്ത് കയറി വിലസി .
ആറ്റുനോറ്റുണ്ടാക്കിയ ഒരു സ്ഥാപനത്തിന്റെ ഭാവിവരെ അനിശ്ചിതത്വത്തിൽ ആണിപ്പോൾ . ശരിക്കും നെടുമ്പാശ്ശേരിയിൽ സംഭവിച്ചത് , മൂന്നു പേര് സഞ്ചരിച്ച ആ സ്കൂട്ടറിന്റെ പിറകിലാണ് മിനികൂപ്പർ ഇറ്റിച്ചുകയറിയത് .
ആ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതാണോ എന്നതും കണ്ടുപിടിക്കണം . ആ മൂന്നു പേര് മരണപ്പെട്ടത് ബസോ , ട്രക്കോ ഇടിച്ചാണെങ്കിൽ ഈ ജനം ഒന്നടങ്കം ആ മൂന്നു പേരുടെ നെഞ്ചത്തേക്ക് കയറുമായിരുന്നു .
വഴിയിലൊടുങ്ങുന്ന കുടുംബങ്ങളും പെരുവഴിയിലെ അപകടങ്ങളും
നമ്മൾ അറിയാതെ പോയ മറ്റൊരു സംഭവം തൃശ്ശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുവായൂർ-കുന്നംകുളം റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മുനീർ , ഭാര്യ സഫ്ന ഇവരുടെ മൂന്ന് വയസുകാരനായ മകൻ യാമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബം, ഫോൺ കോളിന് മറുപടി നൽകാനായി റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ ഒരു കാർ ഇവരുടെ ബൈക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ബൈക്ക് പൂർണ്ണമായി തകരുകയും ചെയ്തു. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നും അപകടത്തിന് ശേഷം ഇവർ ഓടിരക്ഷപ്പെട്ടു . രണ്ടു ദിവസം കഴിഞ്ഞാണ് ഇവരെ പിടികൂടിയത് . കുന്നംകുളം ആർത്താറ്റ് സ്വദേശിയായ ബെൻ എന്ന ബെന്നിയാണ് ആ അപകടത്തിന് കാരണക്കാരൻ .
കാൽനടക്കാരുടെ അശ്രദ്ധയും റോഡിലെ അപ്രതീക്ഷിത വില്ലന്മാരും
മറ്റൊരു ദുരന്തം നാം കണ്ടത് കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ മരണപ്പെട്ട ദാരുണമായ അപകടത്തിന് കാരണം റോഡിലെ അപ്രതീക്ഷിത സാഹചര്യങ്ങളാണ്.ഒക്ടോബർ 21-ന് ഉണ്ടായ ഈ അപകടത്തിൽ മീനടം സ്വദേശി ആഷ്ലി ആൻ തോമസും, പാമ്പാടി സ്വദേശി കൃപ മേരിൻ കുര്യനും ആണ് മരണപ്പെട്ടത്.
കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ അശ്രദ്ധമായി സംസാരിച്ചുനിന്ന കാൽനടയാത്രക്കാരെ കണ്ട് മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന്റെ തുടക്കം. കാറിലിടിക്കാതിരിക്കാൻ യുവതികൾ ഓടിച്ചിരുന്ന സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഈ സമയം എതിർദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ ബസിന് പെട്ടെന്ന് നിർത്താൻ കഴിയാതെ വരികയും, റോഡിലേക്ക് വീണ യുവതികളുടെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഇവിടെ വില്ലന്മാർ ആയത് റോഡുവക്കിൽ നിന്ന് സംസാരിച്ചുകൊണ്ടിരുന്നു രണ്ടു പേരായിരുന്നു . റോഡ് വാഹനങ്ങൾക്കുള്ളതാണ് . അവിടെക്കയറിനിന്നു സംസാരിക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ കൂടുതലാണ് .
അധികാര ശക്തികളും ഇരട്ട നീതിയും
ഈ വാർത്തകൾ കണ്ടപ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് കോട്ടയം മണിമലയിൽ നടന്ന പഴയ വാഹനാപകടമാണ്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ മകൻ ഓടിച്ച വാഹനമിടിച്ച് മാത്യു ജോൺ, ജിൻസ് ജോൺ എന്നീ രണ്ട് സഹോദരങ്ങൾക്ക് ജീവനുകൾ നഷ്ടമായ സംഭവം കേരളം മറക്കരുത്.
അന്ന് പ്രതിയെ സംരക്ഷിക്കാൻ പോലീസും അധികാരകേന്ദ്രങ്ങളും ഇടപെട്ടുവെന്ന ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രക്തപരിശോധന നടത്താതിരുന്നതും ആദ്യ എഫ്.ഐ.ആറിൽ ഡ്രൈവറുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിലെ അപാകതകളും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം അനുവദിച്ചതുമെല്ലാം ഇന്നും ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണ്.
നെടുമ്പാശ്ശേരി അപകടത്തിൽ കാണിക്കുന്ന അന്വേഷണശുഷ്കാന്തി മണിമല കേസിലും ഉണ്ടാകണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടി സ്വീകരിച്ച് നിയമം നടപ്പിലാക്കണം.
രാഷ്ട്രീയ സ്വാധീനവും അധികാരവും ഉള്ളവരുടെ മക്കൾക്ക് ഒരു നിയമവും സാധാരണക്കാരന് മറ്റൊരു നിയമവും എന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവില്ല. അന്ന് നഷ്ടപ്പെട്ടത് രണ്ട് യുവാക്കളുടെ ജീവനാണ്; തകർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
കടുത്ത നിയമനടപടികളുടെയും ബോധവൽക്കരണത്തിന്റെയും ആവശ്യകത
വാഹനങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള നിയമങ്ങൾ പാസാക്കുവാൻ ഈ സർക്കാർ മുതിരുമ്പോൾ ആദ്യം ചെയ്യേണ്ടത് ലൈസൻസില്ലാതെയും , മദ്യപിച്ചും മയക്കുമരുന്നടിച്ചും വാഹനമോടിക്കുന്ന അഹങ്കാരികളെ നിലക്ക് നിർത്തണം എന്നത് തന്നെയാണ് .
അക്കാര്യത്തിൽ മാതാപിതാക്കളും മക്കളുടെ വഴിവിട്ട സഞ്ചാരങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ കേരളം മറ്റൊരു പുനെയാകും . ഇപ്പോഴത്തെ വാഹനങ്ങളുടെ ബാഹുല്യവും , റോഡുകളുടെ സുഖവും കൂടിയാകുമ്പോൾ നിയന്ത്രണങ്ങൾ അത്യാവശ്യമാണ് .
അതുപോലെ ഇത്രയും നല്ല റോഡുകളിൽ യാതൊരു ഗതാഗത മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂട്ടറുകളുടെ അനിയന്ത്രിതമായ കടന്നുകയറ്റവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു .
സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!
വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചെത്തും എന്ന് യാതൊരു ഗ്യാരണ്ടിയുമില്ലാതെ കാൽനടക്കാരൻ ദാസനും
മക്കൾക്ക് വണ്ടി ഓടിക്കാൻ ഇല്ലാത്തതുകൊണ്ട് ആശ്വസിച്ചുകൊണ്ട് അച്ഛൻ വിജയനും





