ഇന്ത്യ കാണാത്ത 'അദൃശ്യ നികുതി':
M3 പണലഭ്യതയുടെ വളർച്ചയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ യഥാർത്ഥ അവസ്ഥയും
സാമ്പത്തിക ശാസ്ത്രജ്ഞനായ ലുഡ്വിഗ് വോൺ മിസെസ് ഒരിക്കൽ കുറിച്ചു: "മുതലാളിത്ത വിരുദ്ധ സർക്കാരുകളും കക്ഷികളും ജനങ്ങൾക്ക് നൽകുന്ന യഥാർത്ഥ അർത്ഥമാണ്
പണപ്പെരുപ്പം."പണപ്പെരുപ്പത്തെക്കുറിച്ച് സാധാരണക്കാർ ചിന്തിക്കുന്നത് സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച് മാത്രമാണ്.എന്നാൽ അതിന്റെ യഥാർത്ഥ കാരണം പണം അച്ചടിച്ചുകൂട്ടുന്നതും (Money Supply expansion) വിപണിയിലേക്ക് കടത്തിവിടുന്നതുമാണ്.
ഇന്ത്യയിൽ ഇന്നു വിപണിയിലുള്ള ഏഴിൽ ഒരു രൂപ (1 in 7 rupees) ഒരു വർഷം മുൻപ് നിലവിലില്ലാത്തതായിരുന്നു.അതായത്, രാജ്യത്തെ പണ വിതരണ സൂചികയായ M3 Money Supply ഏകദേശം 16% കണ്ട് വർദ്ധിച്ചിരിക്കുന്നു.എന്നാൽ കടലാസിലെ കണക്കുകൾ പ്രകാരം ചില്ലറപ്പണപ്പെരുപ്പം (CPI Inflation) കേവലം 5.5% മാത്രമാണ്! ഈ വലിയ പൊരുത്തക്കേടാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയതും എന്നാൽ ആരും ചർച്ച ചെയ്യാത്തതുമായ പ്രധാന പ്രശ്നം.
വിലക്കയറ്റമെന്ന ഈ "അദൃശ്യ നികുതി" (Hidden Tax) എങ്ങനെയാണ് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വശങ്ങളെ ബാധിക്കുന്നതെന്നും അടിസ്ഥാനപരമായ ഘടനാപരമായ പ്രശ്നങ്ങളെ എങ്ങനെ മറച്ചുപിടിക്കുന്നുവെന്നും താഴെ പറയുംവിധം പരിശോധിക്കാം.
സ്വർണ്ണവിലയും M3 പണലഭ്യതയും: ഒരു സമാന്തര വളർച്ച
ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടായിട്ടുള്ള 17% വർദ്ധനവ് ശ്രദ്ധേയമാണ്. രൂപയിൽ സ്വർണ്ണവില ഉയർന്നു നിൽക്കുന്നത് യാദൃച്ഛികമല്ല.
M3 പണലഭ്യത 16% ഉയർന്നതും സ്വർണ്ണവില 17% ഉയർന്നതും വിപണിയിലെ തത്തുല്യമായ പ്രതിഫലനമാണ്.വിപണിയിൽ കൂടുതൽ പണം എത്തുമ്പോൾ, ആഗോളതലത്തിൽ മൂല്യമുള്ളതും ഉൽപ്പാദനം പെട്ടെന്ന് കൂട്ടാൻ കഴിയാത്തതുമായ സ്വർണ്ണം പോലെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് (Safe-haven assets) പണം ഒഴുകിയെത്തുന്നു. രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണ്ണം അതിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.
റെക്കോർഡ് ജി.എസ്.ടി (GST) കളക്ഷന്റെ ഉള്ളറകൾ
"ഇന്ത്യ ജി.എസ്.ടി കളക്ഷനിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കുന്നു" എന്ന വാ വാർത്തകൾ നാം ദിവസവും കാണാറുണ്ട്. എന്നാൽ ആഭ്യന്തര ജി.എസ്.ടി കളക്ഷനിൽ ഉണ്ടായിട്ടുള്ള 15.8% വർദ്ധനവ് പണ അച്ചടിയുടെ പ്രതിഫലനം മാത്രമാണ്.
വിപണിയിലെ പണ വിതരണം 16% ഉയരുമ്പോൾ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നോമിനൽ (Nominal) വില വർദ്ധിക്കുന്നു. സാധനങ്ങളുടെ ഉൽപ്പാദനത്തിലോ ഉപഭോഗത്തിന്റെ യഥാർത്ഥ അളവിലോ വലിയ മാറ്റമില്ലെങ്കിൽപ്പോലും, കൃത്രിമമായി ഉയർന്ന പണ മൂല്യം കാരണം ജി.എസ്.ടി വരുമാനം ഉയർന്നു കാണിക്കും.ചുരുക്കത്തിൽ, കൂടുതൽ സാധനങ്ങൾ വിറ്റഴിച്ചതുകൊണ്ടല്ല, മറിച്ച് പണം കൂടുതൽ അച്ചടിച്ചിറക്കിയത് കൊണ്ടാണ് ജി.എസ്.ടി വരുമാനം വർദ്ധിക്കുന്നത്.
ഇറക്കുമതിയും ജി.എസ്.ടിയും: പണപ്പെരുപ്പത്തിന്റെ അധികഭാരം
ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി കളക്ഷനിൽ 42% കൂറ്റൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പ്രധാന കാരണം രൂപയുടെ മൂല്യത്തിലുണ്ടായ 7.6% ഇടിവാണ്.
വിദേശത്ത് നിന്നുള്ള ഇറക്കുമതി ചെലവേറുമ്പോൾ അതോടൊപ്പം ഉയർന്ന ജി.എസ്.ടിയും സാധാരണക്കാരൻ നൽകേണ്ടി വരുന്നു.
ഉദാഹരണത്തിന്, ഒരു ഐഫോണിന്റെ ഉൽപ്പാദനത്തിലോ ഗുണനിലവാരത്തിലോ വ്യത്യാസം വന്നിട്ടില്ലെങ്കിലും, അത് വാങ്ങാൻ നാം അധിക നികുതി നൽകേണ്ടി വരുന്നു. ഇത് രാജ്യത്തിന്റെ വളർച്ചയല്ല, മറിച്ച് കറൻസിയുടെ മൂല്യത്തകർച്ച സൃഷ്ടിക്കുന്ന അധിക ബാദ്ധ്യതയാണ്.
ജി.ഡി.പി (GDP) കണക്കുകളിലെ വൈരുധ്യം
ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ നോക്കുമ്പോൾ വലിയൊരു പൊരുത്തക്കേട് കാണാം. രാജ്യം 7.8% യഥാർത്ഥ ജി.ഡി.പി (Real GDP) വളർച്ച കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോൾ, സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വിലക്കയറ്റം (GDP Deflator) കേവലം 2.3% മാത്രമാണ് എന്ന് കണക്കാക്കപ്പെടുന്നു. (നോമിനൽ ജി.ഡി.പി വളർച്ച 10.3% ആണ്).
നമ്മുടെ ദിവസേനയുള്ള അനുഭവത്തിൽ വിലക്കയറ്റം 2.3% മാത്രമാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?സൗകര്യപൂർവ്വം കുറഞ്ഞ ഇൻഫ്ലേഷൻ ഡിഫ്ലേറ്റർ (2.3%) ഉപയോഗിച്ചാണ് യഥാർത്ഥ ജി.ഡി.പി വളർച്ച 7.8% ആയി ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ഔദ്യോഗിക ചില്ലറപ്പണപ്പെരുപ്പമായ (CPI) 5.5% എങ്കിലും വെച്ച് കണക്കാക്കിയാൽ ഇന്ത്യയുടെ യഥാർത്ഥ ജി.ഡി.പി വളർച്ച 4.5% നോടടുത്ത് മാത്രമായി ചുരുങ്ങും.
ഓഹരി വിപണിയും പണ അച്ചടിയും (Sensex vs M3)
ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ പണപ്പെരുപ്പത്തെ മറികടക്കാം എന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ കണക്കുകൾ പറയുന്നത് മറിച്ചാണ്:
- 1997 മുതൽ M3 പണ വിതരണം ഉയർന്നത്: 44 ഇരട്ടി (44x)
- അതേ കാലയളവിൽ സെൻസെക്സ് (Sensex) ഉയർന്നത്: 20 ഇരട്ടി (20x)
കഴിഞ്ഞ 30 വർഷമായി നിങ്ങളുടെ സമ്പത്ത് മുഴുവൻ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പോലും, പണം അച്ചടിക്കുന്ന യന്ത്രത്തിന്റെ വേഗതയോടൊപ്പം എത്താൻ അതിനായില്ല. സെൻസെക്സിന്റെ വളർച്ചയേക്കാൾ രണ്ട് മടങ്ങ വേഗതയിലാണ് സർക്കാർ പണം അച്ചടിച്ചിറക്കിയത്. അതായത്, നോമിനൽ ലാഭം ഓഹരി വിപണിയിൽ ദൃശ്യമാണെങ്കിലും പണത്തിന്റെ യഥാർത്ഥ വാങ്ങൽ ശേഷി (Purchasing Power) കുറയുകയാണ് ചെയ്തത്.
ഘടനാപരമായ പ്രശ്നങ്ങളും വോട്ടർമാരുടെ സംതൃപ്തിയും
സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്:
- നിയമ സംവിധാനങ്ങളിലെ താമസം (Courts)
- ഭൂമി ലഭ്യതയിലെ പ്രതിസന്ധികൾ (Land reforms)
- തൊഴിൽ നിയമങ്ങളിലെ സങ്കീർണ്ണതകൾ (Labour laws)
- ഉയർന്ന നിക്ഷേപ ചെലവുകൾ (Cost of Capital)
ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം, പണം അച്ചടിച്ചിറക്കി വെൽഫെയർ (ക്ഷേമ) പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇത് താൽക്കാലികമായി തലക്കെട്ടുകളെ പച്ചയാക്കി നിലനിർത്താനും ജനപ്രീതി നേടാനും സഹായിക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് രാജ്യത്തെ തള്ളിയിടും.
കടുത്ത മൂലധന നിയന്ത്രണങ്ങളും (Capital controls) ഉയർന്ന നികുതി നിരക്കുകളും നിലനിൽക്കുമ്പോൾ തന്നെ ജനങ്ങൾ അറിയാതെ അവരുടെ പോക്കറ്റിൽ നിന്ന് പണം ചോർത്തുന്ന ഏറ്റവും അനാശാസ്യമായ മാതൃകയാണ് ഈ ഇൻഫ്ലേഷൻ ടാക്സ്.
ARJAY : DELHI VAYANA





