മണ്ണും മനുഷ്യനും ഒന്നാകുന്ന അതിജീവന രാഷ്ട്രീയം: അന്താരാഷ്ട്ര പുരസ്കാര നിറവിൽ ‘കാട്’

മണ്ണും മനുഷ്യനും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമായി, അതിജീവന സാധ്യതകൾ ഇനിയുമവശേഷിക്കുന്നുവെന്ന സർഗ്ഗാത്മക രാഷ്ട്രീയം പങ്കുവെച്ചാണ് ‘കാട്’ (The Forest) എന്ന സിനിമ പ്രേക്ഷകമനസ്സിൽ നിറയുന്നത്. ആദിവാസി ജനതയുടെ നിലനിൽപ്പും പ്രകൃതിയോടുള്ള ആഴമേറിയ ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ കേരളത്തിന്റെ അഭിമാനമായി മാറുകയാണ്.
വി.ടി.ഐ.എഫ്.എഫിൽ അഞ്ച് പുരസ്കാരങ്ങളുടെ തിളക്കം
കഴിഞ്ഞ നാല് ദിവസങ്ങളിലായി കോട്ടയം സി.എം.എസ് കോളേജിൽ സംഘടിപ്പിച്ച വില്ലേജ് ടാക്കീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (VTIFF) പ്രാദേശിക, ദേശീയ, അന്തർദേശീയ ഭാഷകളിലായി പ്രദർശിപ്പിച്ച 55 ചിത്രങ്ങളിൽ നിന്നാണ് നവാഗത സംവിധായകൻ സുനീഷ് വടക്കുമ്പാടൻ രചനയും ഗാനരചനയും സംവിധാനവും നിർവ്വഹിച്ച ‘കാട്’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയത്.
ചിത്രത്തിന് മികച്ച അന്താരാഷ്ട്ര ചിത്രം എന്നതിന് പുറമെ സംവിധായകൻ, മികച്ച രണ്ടാമത്തെ നടൻ, മികച്ച സംഗീത സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ ഉൾപ്പെടെ 5 പ്രധാന പുരസ്കാരങ്ങളും ഫെസ്റ്റിവലിൽ നിന്ന് സ്വന്തമാക്കാനായി.
ആഗോള വേദികളിലെ മലയാളപ്പെരുമ
നേരത്തെ ബാംഗ്ലൂരിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ഇന്ത്യൻ ചിത്രത്തിനുള്ള അവാർഡും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല നടത്തിയ ‘ദർശനി 2026’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ‘കാട്’ കരസ്ഥമാക്കിയിരുന്നു.
കൊളംബിയയിൽ നടന്ന 13-ാമത് അന്താരാഷ്ട്ര മനുഷ്യാവകാശ ചലച്ചിത്രമേളയിൽ (FICDEH) ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രം ‘കാട്’ ആയിരുന്നു. അവിടെ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കൂടാതെ, ഒക്ടോബർ 9 മുതൽ ആരംഭിക്കുന്ന നൈജീരിയൻ അന്താരാഷ്ട്ര ചലച്ചിത്രമേളയായ 'റിവേഴ്‌സ്' (RIFF) ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പണിയഭാഷയിൽ ആദിവാസി ഊരുകളിൽ വിരിഞ്ഞ ചലച്ചിത്രം
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSFDC) സാമ്പത്തിക സഹായത്തോടെ നിർമ്മിക്കപ്പെട്ട ഈ ചിത്രം പ്രധാനമായും പണിയഭാഷയിലാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ ആറളം, കണ്ണവം വനമേഖലകളിലും വയനാട്ടിലെ മുത്തങ്ങ, പൊൻകുഴി, തിരുവണ്ണൂർ തുടങ്ങിയ ആദിവാസി ഊരുകളിലുമായാണ് സിനിമ ചിത്രീകരിച്ചത്.
നാടക-സിനിമ-കലാരംഗ പ്രവർത്തകനും കുട്ടികളുടെ സർഗ്ഗാത്മക വികസനത്തിനായി ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ നയിക്കുകയും ചെയ്യുന്ന സുനീഷ് വടക്കുമ്പാടന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. നാലു വർഷം നീണ്ടുനിന്ന നിരന്തര യാത്രകൾക്കും പഠനങ്ങൾക്കും ഒടുവിൽ വെറും 20 ദിവസം കൊണ്ടാണ് യഥാർത്ഥ ആദിവാസികൾ തന്നെ മുഖ്യവേഷങ്ങളിലെത്തുന്ന ഈ ചിത്രം പൂർത്തീകരിച്ചത്.
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നിശ്ശബ്ദ നിലവിളി
ലോകമെമ്പാടും തുടർന്നു വരുന്ന കുടിയൊഴിപ്പിക്കലിനും പലായനത്തിനും ഇരകളാകുന്ന നിസ്സ്വരും നിരാലംബരുമായ സാധാരണ മനുഷ്യരോടും ജന്തു-സസ്യ ജീവജാലങ്ങളോടും അങ്ങേയറ്റം ഐക്യപ്പെട്ടാണ് കാട് കാഴ്ചകളൊരുക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ടതാണ്. ജലീൽ ബാദുഷയുടെ ക്യാമറക്കണ്ണുകളും സുനിൽ കുമാർ പി.കെയുടെ സംഗീതവും ചിത്രത്തിന് വലിയ കരുത്തായി. വയനാട്ടിലെ ഓടപ്പള്ളം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നിത്യ ഓടപ്പള്ളമാണ് ചിത്രത്തിലെ ഗാനം അതിമനോഹരമായി ആലപിച്ചത്. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷർമ്മിത്ത് ശരത്ത് നാളെയുടെ മികച്ച നടനായി മാറുമെന്നതിൽ സംശയമില്ല.
കെ.എസ്.എഫ്.ഡി.സിയുടെ അഭിമാന പദ്ധതിയുടെ ഭാഗമായി രൂപപ്പെട്ട 'കാട്' എത്രയും വേഗം തിയേറ്ററുകളിൽ പൊതുപ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. കോഴിക്കോട് ജില്ലയിൽ ജനിച്ച് കണ്ണൂരിൽ താമസിച്ചു പ്രവർത്തിക്കുന്ന സുനീഷ് വടക്കുമ്പാടൻ ഇന്ത്യൻ സമാന്തര സിനിമയ്ക്ക് ഒരു പുതിയ വാഗ്ദാനമാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. 'കാട്' സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ.
എം. കെ. മോഹനൻ, മനക്കലപ്പടി





