ലോക കേരള മാമാങ്കം ‘ക്ലോസ്ഡ് ഫോർ എവർ’
ചായക്കടയിലെ നീളൻ ബെഞ്ചിലിരുന്ന് ചൂടുള്ള കട്ടൻചായയിൽ കടലാസ് പതുക്കെ ഊതിക്കുടിച്ചു. മുന്നിലിരുന്ന പത്രത്തിലെ തലക്കെട്ട് വായിച്ച് കന്നാസിന്റെ കണ്ണുകൾ വിടർന്നു, മുഖത്ത് പരിഹാസത്തിന്റെ പത്തുനൂറ് വളവുകൾ.

"ഡാ കടലാസേ, ഇവിടെ നോക്കടാ... കട്ടപ്പാര വെച്ച് പൊളിച്ചു പണിത ആ 'വിശ്വമഹാ' തട്ടിപ്പ് അങ്ങ് പൂട്ടിപ്പൂട്ടിക്കെട്ടി! നമ്മടെ സ്വന്തം ലോക കേരള സഭ!"
കടലാസ് കൈയിലിരുന്ന പരിപ്പുവട ഒന്നു കടിച്ചുപൊട്ടിച്ച് ചിരിച്ചു: "അല്ല കന്നാസേ, ആ പേര് കേൾക്കുമ്പോഴേ എനിക്ക് തോന്നാറുള്ളത് എട്ടാം മാസത്തിൽ നൊന്തുപ്രസവിച്ച ഒരു കൊച്ചിന്റെ കോലമാണ്. ഒന്നിനും ഒരു ഉറപ്പുമില്ല, മുഴുപ്പുമില്ല! കോടികൾ ഒഴുക്കി, നിയമസഭയിലെ പച്ചക്കൊടി പുതച്ച കസേരകൾ പൊളിച്ചിട്ട് ബിരിയാണി തിന്നാൻ വിട്ട ആ ആഗോള പ്രഹസനം ഒടുക്കം പെട്ടിമടക്കി അല്ലേ?"
"പിന്നല്ലാതെ! കടലാസേ, ശരിക്കും അതൊരു അസ്സൽ പ്രാഞ്ചിയേട്ടൻ സമ്മേളനമായിരുന്നില്ലേ? ഗൾഫിലെ ചൂടിലും പുകയിലും പെട്ടുരുകുന്ന സാധാരണ പ്രവാസിയുടെ ചോരയും നീരുമല്ല അവിടെ കണ്ടത്. സ്വർണ്ണക്കരയുള്ള ജുബ്ബയും ഇട്ട്, പട്ടുറുമാലും വീശി, കൂളിംഗ് ഗ്ലാസും വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നാടുചുറ്റിയെത്തിയ ചില കുബേരൻമാർ! അവന്മാർക്ക് തിരുവനന്തപുരത്ത് വന്ന് സർക്കാരിന്റെ ചെലവിൽ പഞ്ചനക്ഷത്ര സുഖവാസം, വിഭവസമൃദ്ധമായ സദ്യ, കൂടെ നാല് ഫേസ്ബുക്ക് പോസ്റ്റും റീൽസും. സോഷ്യൽ മീഡിയയിൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ ഓൺലൈൻ വീരന്മാർക്ക് 'ഞാൻ ലോക നേതാവാണ്' എന്ന് കാണിച്ച് വീരവാദം അടിക്കാനൊരു സ്വർഗ്ഗരാജ്യം!" കന്നാസ് മേശപ്പുറത്ത് കൈയോങ്ങി അടിച്ചു.
"അതിലും വലിയ തമാശ എന്താണെന്നോ കടലാസേ..." കന്നാസ് ശബ്ദം താഴ്ത്തി ചുറ്റും നോക്കി തുടർന്നു, "അവിടെ വന്നിരുന്ന് വിടുവായത്തം വിളമ്പിയ ചില അമേരിക്കൻ, ഗൾഫ് 'മഹാന്മാരുടെയും മഹതികളുടെയും' ഗുണഗണങ്ങളും ഭൂതകാല ചരിത്രവും ചാരിത്ര്യവും ഒന്നു ചികഞ്ഞു നോക്കിയാൽ അറിയാം ഇവന്മാരുടെ തനിനിറം! തട്ടിപ്പും വെട്ടിപ്പും പിരിവും നടത്തി നാട്ടിലും മറുനാട്ടിലും പേരെടുത്ത ചില വമ്പന്മാർ! ഒരു സാമാന്യ വിവരമുള്ള ഭരണകൂടമാണെങ്കിൽ ഒരൊറ്റയെണ്ണത്തിനെപ്പോലും ആ നിയമസഭാ സമുച്ചയത്തിന്റെ പടി ചവിട്ടിക്കാൻ പാടില്ലാത്തതായിരുന്നു. എന്നിട്ടാണ് ആ തട്ടിപ്പുകാരെ പ്രവാസി മാണിക്യങ്ങളാക്കി ആനയിച്ച് അകത്തിരുത്തിയത്!"
"കന്നാസേ, ആ വിവാദങ്ങൾ നീ മറന്നോ? ഒരു വശത്ത് നാട് പ്രളയത്തിലും കടത്തിലും മുങ്ങിത്താഴുമ്പോൾ, ഇപ്പുറത്ത് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിക്കാൻ പൊടിച്ചതു കോടികൾ! ഒടുവിൽ വിദേശത്ത് ചെന്നപ്പോഴോ? മുഖ്യമന്ത്രിയുടെ അടുത്ത കസേരയിലിരുന്ന് അത്താഴം കഴിക്കാൻ സ്വർണ്ണത്തളികയിൽ റേറ്റ് കാർഡ് വരെ അടിച്ചിറക്കി! ലക്ഷങ്ങൾ എറിഞ്ഞാൽ വലിയ സഖാക്കളുടെ തൊട്ടടുത്തിരുന്ന് ചിക്കൻ ലെഗ് പീസ് കടിക്കാം. പാവം സാധാരണ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ എംബസിയുടെ വരാന്തയിൽ നട്ടംതിരിയുന്ന കാലത്താണ് ഈ ‘ഡിന്നർ നയതന്ത്രം’ അരങ്ങേറിയത്!" കടലാസ് പരിഹാസത്തോടെ തലയാട്ടി.
"എന്നിട്ട് ആ വമ്പൻമാരിൽ നിന്ന് എന്തെങ്കിലും പൈസ കേരളത്തിലേക്ക് ഒഴുകി വന്നോ കന്നാസേ?" കടലാസിന്റെ ചോദ്യം.
"ഒഴുകി വന്നത് കടലാസേ, വലിയൊരു വട്ടപ്പൂജ്യമാണ്! വാഗ്ദാനങ്ങളുടെ പെരുമഴ മാത്രം. ലക്ഷം കോടിയുടെ നിക്ഷേപം, പുതിയ വ്യവസായങ്ങൾ എന്നൊക്കെ പറഞ്ഞ് പത്രസമ്മേളനം നടത്തി ഒടുവിൽ കേരളത്തിൽ ബാക്കിയായത് ഇവന്മാരുടെ ഫൈവ് സ്റ്റാർ ഹോട്ടലിലെ കാറ്ററിംഗ് ബില്ലുകൾ മാത്രം! ഒടുവിൽ ഈ പാഴ്ച്ചെലവ് പരിപാടി എന്നെന്നേക്കുമായി നിർത്തിവെക്കാൻ സർക്കാർ തന്നെ തീരുമാനിച്ചപ്പോൾ, ദേ ചില വിദേശ കോമാളികൾക്കും കമ്മിറ്റിക്കാർക്കും നെഞ്ചുപൊട്ടുന്നു."
കടലാസ് പൊട്ടിച്ചിരിച്ചു, "അതേടാ കന്നാസേ, നിർത്തിയെന്ന വാർത്ത കേട്ടതും വേദനിച്ച് കണ്ണീരൊഴുക്കുന്ന ചില പ്രവാസി പ്രമാണിമാരും സഖാക്കളും ഉണ്ടല്ലോ, അവരുടെ നെഞ്ചത്തടി കണ്ടിട്ട് എനിക്ക് പറയാൻ തോന്നുന്നത് ഒന്നേയുള്ളൂ—'ആയിരം നൃത്തച്ചുവടുകൾ അങ്ങോട്ട് വെച്ചിട്ട് നേരെ വലിഞ്ഞോണം!' സാധാരണക്കാരന്റെ വിയർപ്പിന്റെയും നികുതിപ്പണത്തിന്റെയും ചെലവിൽ ഇനിയിവിടെ ആരും വന്ന് ഫോട്ടോയെടുത്ത് വലിയ ആളാവാൻ നോക്കേണ്ട." ഏറ്റവും വലിയ ശല്യം , ഈ പരിപാടിക്ക് പോയ പ്രാഞ്ചിമാർ പത്മശ്രീ കിട്ടിയതുപോലെ , ലോക കേരളസഭ അംഗമെന്ന നിലയിൽ എല്ലാ പരിപാടികൾക്കും ഫ്രീയായി കയറിയിറങ്ങി വെട്ടിവിഴുങ്ങി പോകുന്ന കാഴ്ചകളാണ് ഇപ്പോൾ നിന്ന് പോയിരിക്കുന്നത് .
"അതാണ് കാര്യം കടലാസേ! പ്രവാസികളുടെ പേരിൽ തട്ടിപ്പും പിരിവും നടത്തി നാട്ടുകാരെ കബളിപ്പിച്ച ആ 'ഊള പരിപാടി'ക്ക് പൂട്ടുവീണത് ഈ സർക്കാരിന്റെ ഏറ്റവും ഉചിതമായ തീരുമാനങ്ങളിൽ ഒന്നാണ്. പാവപ്പെട്ട പ്രവാസിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ, കോടീശ്വരന്മാർക്ക് മാന്യതയുടെ മുഖംമൂടി ചാർത്താൻ ഇനി ഈ മണ്ണിൽ സർക്കാർ ചെലവിൽ അത്താഴവിരുന്ന് നടക്കില്ല. ആ ആശ്വാസത്തിൽ രണ്ട് ചായ കൂടി പറയട്ടെ?"
"രണ്ടല്ല കന്നാസേ, ഈ അസ്സൽ തീരുമാനത്തിന് നല്ല മൂപ്പുള്ള നാല് കട്ടൻ ചായ തന്നെ പോരട്ടെ!"
കന്നാസും കടലാസും:






