ഫോൺ ക്ലോണിംഗും ഡിജിറ്റൽ ചാരപ്പണിയും:
സെലിബ്രൈറ്റ് ടൂളുകളും ഭരണകൂടത്തിന്റെ നിരീക്ഷണ സംവിധാനങ്ങളും ഒരു വിശകലനം
ഡിജിറ്റൽ യുഗത്തിലെ വ്യക്തിസ്വാതന്ത്ര്യവും ഭരണകൂട നിരീക്ഷണവും
ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ പൗരന്മാരുടെ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും കടുത്ത ഭീഷണികളെയാണ് നേരിടുന്നത്. വ്യക്തിഗത ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുടെയും ആശയവിനിമയങ്ങളുടെയും കലവറയാണ്.
എന്നാൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനെന്ന പേരിൽ പോലീസും മറ്റ് അന്വേഷണ ഏജൻസികളും നടത്തുന്ന ഫോൺ പിടിച്ചെടുക്കലുകളും ഡിജിറ്റൽ ചോർത്തലുകളും ഭരണഘടനാപരമായ സ്വകാര്യതാ അവകാശങ്ങളെ ലംഘിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു.
പ്രമുഖ ഡിജിറ്റൽ അവകാശ പ്രസ്ഥാനമായ 'ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ' (IFF) പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളും അന്വേഷണ റിപ്പോർട്ടുകളും ഇന്ത്യയിലെ സർക്കാർ ഏജൻസികൾ ഉപയോഗിക്കുന്ന ഫോൺ ഹാക്കിംഗ് ടൂളുകളുടെയും ഡിജിറ്റൽ ചാരപ്പണിയുടെയും ഞെട്ടിക്കുന്ന ചിത്രമാണ് നൽകുന്നത്.
ധ്രുവ് രാഠിയുടെ അറസ്റ്റും സെലിബ്രൈറ്റ് (Cellebrite) വിവാദവും
അടുത്തിടെ ഒക്ടോബർ 10-ന് ഡൽഹി പോലീസ് പ്രമുഖ യൂട്യൂബറും ഡിജിറ്റൽ ക്രിയേറ്ററുമായ ധ്രുവ് രാഠിയെ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി.
പിന്നീട് പ്രമുഖ കൊമേഡിയൻ കുനാൽ കമ്രയുടെ പോഡ്കാസ്റ്റിൽ ശ്യാം മീര സിംഗുമായി സംസാരിക്കവേ, പോലീസ് തന്റെ ഫോൺ വിദേശ സാങ്കേതികവിദ്യയായ 'സെലിബ്രൈറ്റ്' (Cellebrite) ഉപയോഗിച്ച് ക്ലോൺ ചെയ്യാൻ ശ്രമിച്ചതായി കരുതുന്നുവെന്ന് ധ്രുവ് രാഠി വെളിപ്പെടുത്തുകയുണ്ടായി.
ഈ ആരോപണം പൂർണ്ണമായി നേരിട്ട് സാക്ഷ്യപ്പെടുത്തൻ സാധിച്ചില്ലെങ്കിലും, ഇന്ത്യൻ സർക്കാർ ഏജൻസികൾ വൻതോതിൽ വാങ്ങിക്കൂട്ടുന്ന ഫോൺ ക്ലോണിംഗ്,ഫോറൻസിക് ടൂളുകളുടെ ഔദ്യോഗിക വിവരങ്ങൾ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പരസ്യമാക്കുകയുണ്ടായി.
ഇസ്രായേലി ഫോറൻസിക് കമ്പനിയായ സെലിബ്രൈറ്റിന്റെ സാങ്കേതികവിദ്യകൾ ഇന്ത്യയിലെ പോലീസ് ഏജൻസികൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ഇതിലൂടെ വ്യക്തമാകുന്നു.
സെലിബ്രൈറ്റ് പ്രീമിയം: ഫോൺ പൂർണ്ണമായി ചോർത്തുന്ന സാങ്കേതികവിദ്യ
ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ മാസങ്ങളായി നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നാണ് സെലിബ്രൈറ്റ് ടൂളുകൾ വാങ്ങുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഫോണുകളുടെ പാസ്കോഡുകൾ ബ്രൂട്ട് ഫോഴ്സ് (Brute-force) വഴി തകർത്തുകൊണ്ട് ഐഫോണുകളിലെ ഫുൾ ഫയൽ സിസ്റ്റം ചോർത്താനും, സാംസങ് ഫോണുകളിലെ ഏറ്റവും സുരക്ഷിതമായ 'സെക്യൂർ ഫോൾഡറുകൾ' (Secure Folder) തുറക്കാനും സെലിബ്രൈറ്റ് പ്രീമിയം ടൂളിന് സാധിക്കും.ഫോണിലെ ആപ്ലിക്കേഷനുകൾ ഓരോന്നായി പകർത്തി പൂർണ്ണമായ ഒരു ഡിജിറ്റൽ ക്ലോൺ ഉണ്ടാക്കാൻ ഈ സംവിധാനത്തിന് കഴിയും.
ഏറ്റവും അപകടകരമായ വസ്തുത, അന്വേഷണത്തിന് ശേഷം പൗരന്മാർക്ക് ഫോൺ തിരികെ ലഭിച്ചാലും, അവർ ഉപയോഗിച്ച എല്ലാ സ്വകാര്യ ഡാറ്റയുടെയും ഒരു പൂർണ്ണ കോപ്പി അന്വേഷണ ഏജൻസികളുടെ കൈവശം കാലങ്ങളോളം സുരക്ഷിതമായി തുടരുമെന്നതാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും 'മേയ്ക്ക് ഇൻ ഇന്ത്യ' ഇളവുകളും
ഇത്തരം അതിനൂതന ഡിജിറ്റൽ ഫോറൻസിക് ടൂളുകൾ സ്വന്തമാക്കാൻ രാജ്യത്തെ അന്വേഷണ ഏജൻസിയായ എൻ.ഐ.എ (NIA) കേന്ദ്ര സർക്കാരിന്റെ സ്വന്തം 'മേയ്ക്ക് ഇൻ ഇന്ത്യ' നയങ്ങളിൽ നിന്ന് പ്രത്യേക ഇളവ് നേടിയെടുത്തിട്ടുണ്ട്.
2026 ജനുവരി 20-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കത്ത് അനുസരിച്ച്,ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഇത്തരം ഇസ്രായേലി സാങ്കേതികവിദ്യകൾ വാങ്ങുന്നതിന് നേരിട്ട് അനുമതി നൽകിയതായി വ്യക്തമാകുന്നു.
തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യകൾ മാത്രമേ വാങ്ങാവൂ എന്ന സർക്കാർ നയം നിലനിൽക്കുമ്പോഴാണ്, സെലിബ്രൈറ്റ് സാങ്കേതികവിദ്യയ്ക്ക് പകരം വെക്കാൻ മറ്റൊന്നില്ല എന്ന ഒരൊറ്റ വരി ന്യായീകരണം ചൂണ്ടിക്കാണിച്ച് വൻ തുക മുടക്കി വിദേശ ഡിജിറ്റൽ ചോർത്തൽ സാങ്കേതികവിദ്യകൾ കേന്ദ്ര സർക്കാർ സ്വന്തമാക്കുന്നത്.
ഫോൺ ക്ലോണിംഗും ഭരണഘടനാപരമായ ആശങ്കകളും
ഒരു വ്യക്തിയുടെ ഫോൺ അവരുടെ വ്യക്തിജീവിതത്തിന്റെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഒന്നാണ്. കോടതിയുടെ വ്യക്തമായ വാറന്റോ നിയമപരമായ നിയന്ത്രണങ്ങളോ ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥർ പൗരന്മാരുടെ ഫോണുകൾ പിടിച്ചെടുക്കുന്നതും അവ പൂർണ്ണമായി ക്ലോൺ ചെയ്യുന്നതും വലിയ ഭരണഘടനാ ലംഘനമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 വാഗ്ദാനം ചെയ്യുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) എന്ന് സുപ്രീം കോടതി വ്യക്തിമാക്കിയിട്ടുള്ളതാണ്.
എന്നാൽ കൃത്യമായ നിയന്ത്രണങ്ങളില്ലാതെ സെലിബ്രൈറ്റ് പോലുള്ള സ്വകാര്യ അട്ടിമറി സാങ്കേതികവിദ്യകൾ സർക്കാർ ഉപയോഗിക്കുമ്പോൾ, അത് ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമായി മാറുന്നു.
ഡിജിറ്റൽ ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടം
ഭരണകൂടങ്ങൾ പൗരന്മാരുടെ മേൽ നടത്തുന്ന നിരീക്ഷണങ്ങളും ഡിജിറ്റൽ അതിക്രമങ്ങളും ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, ഡിജിറ്റൽ ക്രിയേറ്റർമാർ, അവകാശ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ പിടിച്ചെടുത്ത് ചോർത്തുന്ന പ്രവണത സാധാരണക്കാരായ പൗരന്മാരുടെ ഡിജിറ്റൽ സുരക്ഷയെക്കൂടിയാണ് അപകടത്തിലാക്കുന്നത്.
സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ കർശനമായ നിയമനിർമ്മാണങ്ങളും സ്വതന്ത്രമായ ജുഡീഷ്യൽ മേൽനോട്ടവും അനിവാര്യമാണ്. പൗരന്മാരുടെ ഡിജിറ്റൽ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടാത്ത പക്ഷം, ജനാധിപത്യ പ്രക്രിയ തന്നെ പൂർണ്ണമായി നിരീക്ഷണത്തിലധിഷ്ഠിതമായ ഒരു ഡിജിറ്റൽ ഏകാധിപത്യത്തിലേക്ക് വഴിമാറാൻ സാധ്യതയേറെയാണ്.
Dr SUNNY : DELHI VAYANA
THINCK.ORG ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട്





