സ്ഥലം: മനക്കലപ്പടിയിലെ സലാംക്കായുടെ ചായപ്പീടിക
മേശപ്പുറത്ത്: ആവി പറക്കുന്ന രണ്ട് പ്ലേറ്റ് നെയ്ച്ചോറും, നല്ല കുരുമുളകിട്ട് വരട്ടിയ നാടൻ ബീഫ് റോസ്റ്റും
കഥാപാത്രങ്ങൾ: കന്നാസും കടലാസും
നെയ്ച്ചോറിലേക്ക് ഒരു കഷ്ണം നല്ല ചാറുള്ള ബീഫ് ഉടച്ചുചേർത്ത് വായിലേക്ക് വെച്ചുകൊണ്ട് കടലാസ് ഒരു ദീർഘനിശ്വാസം വിട്ടു.
"കണ്ടോ കന്നാസേ... നാട് മൊത്തം പട്ടിണിയും വിലക്കയറ്റവും കൊണ്ട് വീർപ്പുമുട്ടുമ്പോൾ, നമ്മുടെ ഭരണാധികാരികൾ പ്രൈവറ്റ് ജെറ്റിലും റേഞ്ച് റോവറിലും പാറിനടക്കുകയാണ്! മുഖ്യമന്ത്രി പ്രൈവറ്റ് ജെറ്റിൽ മലപ്പുറത്തേക്ക് പറക്കുന്നു. അങ്ങേര് ആകാശത്തൂടെ പോകുമ്പോൾ താഴെ ജനങ്ങൾ കുഴിയിൽ വീഴുന്നു. പോരാത്തതിന് മന്ത്രി കെ.എം. ഷാജി റേഞ്ച് റോവറിൽ കാറ്റുകൊണ്ട് പായുന്നു! ഇതിനൊക്കെ ഒരു കണക്ക് ചോദിക്കാൻ ഇവിടെ ആളില്ലേടോ?"
കന്നാസ് നെയ്ച്ചോറിലെ ഒരു അണ്ടിപ്പരിപ്പ് തപ്പിപ്പിടിച്ച് വായിലിട്ട്, ബീഫ് കഷ്ണത്തിലേക്ക് ഒന്ന് കണ്ണെറിഞ്ഞ് പുച്ഛത്തോടെ തലയാട്ടി.
"കടലാസേ, സലാംക്കായുടെ ഈ അടിപൊളി നെയ്ച്ചോറും ബീഫും തിന്നുമ്പോഴെങ്കിലും നിന്റെ ഉള്ളിലെ ഈ പച്ചയായ കുശുമ്പ് ഒന്ന് മാറ്റിവെച്ചൂടെ? ഇതിനെയാണ് ശുദ്ധ അസൂയ എന്ന് പറയുന്നത്!"
"എന്ത് അസൂയ? ആഭ്യന്തര മന്ത്രി കുടുംബസമേതം അമേരിക്കയിൽ പോയി വിശ്രമിക്കുന്നു, യുവജന മന്ത്രി കുടുംബത്തെയും കൂട്ടി ഗൾഫിൽ തണുപ്പുകാറ്റേൽക്കുന്നു... ജനങ്ങളുടെ നികുതിപ്പണം..."
"നിർത്തടോ തൻ്റെ പ്രസംഗം!" കന്നാസ് ബീഫിൻ്റെ ചാറ് ചോറിലേക്ക് വടിച്ചു കൂട്ടി. "ഇത്രേം നാൾ താനും തൻ്റെ ചാനലുകാരും എവിടെ കിടക്കുകയായിരുന്നു? കോടികൾ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റർ കൊണ്ടുവന്ന് തുരുമ്പെടുക്കാൻ വെറുതെ നിലത്ത് പാർക്ക് ചെയ്തപ്പോൾ തനിക്ക് ഈ ആവേശമൊന്നും കണ്ടില്ലല്ലോ! പിണറായി പുത്തൻ കാറുകളുടെ അകമ്പടിയോടെ നാടുനീളെ ചീറിപ്പാഞ്ഞപ്പോൾ മൗനം ഭജിച്ച സകല കുത്തിത്തിരിപ്പന്മാർക്കും ഷാജി റേഞ്ച് റോവറിൽ കയറിയപ്പോഴും മറ്റവർ വിമാനം കയറിയപ്പോഴും അങ്ങ് പൊന്തിവന്നിരിക്കുന്നു!"വെള്ളപ്പൊക്കം പഠിക്കാൻ നെതര്ലന്ഡ്സിൽ പോയതും നാഴികക്ക് നാല്പത് വട്ടം ദുബൈക്ക് പോയതുമൊക്കെ വിഴുങ്ങല്ലേ .!!
"അല്ല കന്നാസേ, ആ യുവജന മന്ത്രി പറഞ്ഞത് താൻ കേട്ടോ?" കടലാസ് വിരലിലെ ചാറ് നക്കിത്തുടച്ചു. "'എനിക്ക് വയസ്സ് 37 ആയി, തന്തവൈബിനൊന്നും എന്നെ കിട്ടില്ല, ഭാര്യയുമായിട്ടല്ലാതെ പിന്നെ ആരുടെ കൂടെയാ പോകേണ്ടത്' എന്ന് ചോദിക്കാൻ നാണമില്ലേ അയാൾക്ക്?"
"അതിലിപ്പോ എന്താടോ തെറ്റ്?" കന്നാസ് കൈമലർത്തി. "37-ാം വയസ്സിൽ സ്വന്തം ഭാര്യയെയും കൂട്ടി ഗൾഫിൽ പോയില്ലെങ്കിൽ പിന്നെ 75-ാം വയസ്സിൽ വാക്കിംഗ് സ്റ്റിക്കും കുത്തിപ്പിടിച്ച് പോയി എന്ത് വൈബ് കാണിക്കാനാ? കാലം മാറിയത് തനിക്കൊന്നും ദഹിക്കാത്തത് തൻ്റെ കുഴപ്പമാണ്. പുതിയ കാലത്തിന്റെ വൈബാണ് മന്ത്രി പറഞ്ഞത്!"
"മന്ത്രിയുടെ കാര്യം വിട്," കടലാസ് സ്വരം ഒന്ന് താഴ്ത്തി, സലാംക്ക കേൾക്കാതെ പറഞ്ഞു. "ആ മൊട്ട അരുൺ ഉണ്ടല്ലോ ചാനലിൽ... അവന് ഇതൊന്നും ഒട്ടും ദഹിച്ചിട്ടില്ല. വൈകുന്നേരം ചാനലിൽ വന്നിരുന്ന് ആ കയ്യിലിരിക്കുന്ന കപ്പിൽ കാപ്പിയാണോ അതോ വിസ്കിയാണോ എന്നറിയില്ല, അതുമായിരുന്ന് ഒരുമാതിരി പരട്ട വർത്തമാനം പുലമ്പുന്നുണ്ട്!"
കന്നാസ് പൊട്ടിച്ചിരിച്ചു. "ഹാ... അത് പിന്നെ പറയാനുണ്ടോ! അവന്റെ ആ ചങ്ങായിയും കൂട്ടാരനുമൊക്കെ അകത്തായി, ജയിലിൽ പോയതിന്റെ വല്ലാത്തൊരു സന്തോഷവും പെരുക്കവുമുണ്ട് അവന്. 'ഇനിയിപ്പോ ആ ചങ്ങായീടെ അലമ്പൊന്നും കാണേണ്ടല്ലോ' എന്നൊരു ആശ്വാസം! ആ തിമിർപ്പിലാണ് കപ്പും പിടിച്ചിരുന്ന് വിളിച്ചുകൂവുന്നത്."
അപ്പോഴേക്കും ചായപ്പാത്രവുമായി എത്തിയ സലാംക്കാ മേശയിലേക്ക് കണ്ണുരുട്ടി:
"രണ്ടാളും കൂടി മനക്കലപ്പടിയിൽ ഇരുന്ന് അമേരിക്കയും ഗൾഫും വിമാനവും ചർച്ച ചെയ്ത് സമയം കളയാതെ, ആ നെയ്ച്ചോറും ബീഫും തണുക്കുന്നതിന് മുൻപ് തിന്ന് തീർക്കാൻ നോക്ക്. ജെറ്റിൽ പറന്നവനും റേഞ്ച് റോവറിൽ പോയവനും ഇവിടെ വന്ന് എന്റെ ബില്ല് തരില്ല!"
കന്നാസ് അവസാനത്തെ ഉരുളയും വായിലാക്കി ചിരിച്ചു:
"സലാംക്കാ പറഞ്ഞതാണ് പോയിന്റ്. കുശുമ്പന്മാർ ഇനിയും ചാനലിൽ കിടന്ന് മോങ്ങും, ജെറ്റും റേഞ്ച് റോവറും അമേരിക്കയും ഗൾഫുമൊക്കെ നമ്മൾ ഇനിയും കാണേണ്ടി വരും. അതുകൊണ്ട് ആ സമാധാനത്തിൽ ഒരു കട്ടൻചായ കൂടി പറ സലാംക്കാ... അസൂയക്കാർക്ക് അത് കണ്ട് നെഞ്ചെരിച്ചിൽ ഉണ്ടാവട്ടെ!"
കന്നാസും കടലാസും : മോഹൻ അപ്പ





