കമ്മ്യുണിസ്റ്റ് വിപ്ലവ ‘ഡോക്ടർ’മാരുടെ മാമാങ്കം
കഥാപാത്രങ്ങൾ:
കന്നാസ്: പത്രവായനയിലൂടെ ലോക വിവരവും കേരളത്തിലെ തരികിടകളും അളക്കുന്ന സഖാവ്.
കടലാസ്: കട്ടൻചായയിൽ പരിപ്പുവട മുക്കി രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ ചികയുന്ന ചങ്ങാതി.
രംഗം: പാർട്ടി ഓഫീസിലെ ബെഞ്ച്. കന്നാസിന്റെ കയ്യിൽ ബിരുദദാനച്ചടങ്ങിന്റെ വാർത്തയുള്ള പത്രം, മേശപ്പുറത്ത് രണ്ട് കട്ടൻചായയും പരിപ്പുവടയും.
കന്നാസ്: (പത്രം മടക്കി മേശപ്പുറത്ത് ആഞ്ഞടിച്ച് ചിരിയോടെ) അല്ലടാ കടലാസേ, നമ്മുടെ കേരളത്തിൽ ഇപ്പോൾ തുമ്മിയാലും ചുമച്ചാലും വീഴുന്നത് ഓരോ ‘ഡോക്ടറേറ്റ്’ ബിരുദങ്ങളാണല്ലോ! കവലയിലെ ബോർഡുകളിൽ പേരിന് മുന്നിൽ ‘ഡോക്ടർ’ ഇല്ലാത്ത ഒരൊറ്റ വിപ്ലവകാരിയെപ്പോലും കാണാനില്ലാത്ത അവസ്ഥയായി!
കടലാസ്: (കട്ടൻചായ ഊതിക്കുടിച്ചുകൊണ്ട്) എന്തോന്നാ കന്നാസേ, ആരെക്കുറിച്ചാ നിന്റെയീ ഡോക്ടറേറ്റ് ഗവേഷണം?
കന്നാസ്: ആരെന്നോ? ലിസ്റ്റ് കേട്ടാൽ തല കറങ്ങിപ്പോകും! ദാ നോക്ക്... നമ്മുടെ മൊട്ട അരുൺകുമാറിന് ഡോക്ടറേറ്റ്! മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് ഡോക്ടറേറ്റ്! വനിതാ കമ്മീഷനിൽ വന്ന് സർട്ടിഫിക്കറ്റ് മാഹാത്മ്യം വിളമ്പിയ ഷാഹിദ കമാലിന് ഡോക്ടറേറ്റ്!
കടലാസ്: (പൊട്ടിച്ചിരിച്ച് പരിപ്പുവട കടിച്ചുതിന്നുകൊണ്ട്) ആഹാ, അവിടംകൊണ്ടും തീർന്നില്ലല്ലോ... ഡൽഹിയിൽ ചെന്ന് സമരം നയിക്കുന്ന എ.എ. റഹീമിന് ഡോക്ടറേറ്റ്! പിന്നെ നമ്മുടെ ആട് ജലീലിന് ഡോക്ടറേറ്റ്! വാഴക്കുല മാറ്റിയെഴുതിയ സാക്ഷാൽ ചിന്താ ജെറോമിന് ഡോക്ടറേറ്റ്! പോരാത്തതിന് എം.പി. ശിവദാസനും രതീഷ് കാളിയാടനും വരെ ഡോക്ടറേറ്റ്!
കന്നാസ്: പക്ഷേ കടലാസേ, ഈ കമ്മ്യൂണിസ്റ്റ് ഡോക്ടറേറ്റുകളിൽ വെച്ച് ഏറ്റവും വലിയ മിടുക്കൻ നമ്മുടെ ജോൺ ബ്രിട്ടാസ് തന്നെയാണ്! സംവാദങ്ങളിൽ ഇംഗ്ലീഷും കണക്കുകളും നിരത്തി അങ്ങേര് അമ്മാനമാടുന്നത് കണ്ടാൽ ബാക്കിയുള്ള 'ഡോക്ടർ'മാർ മുണ്ടുമടക്കിക്കുത്തി വഴിമാറും!
കടലാസ്: ബാക്കിയുള്ളവരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം! നേരെ ചൊവ്വേ ഒരു വരി ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ കൈകാര്യം ചെയ്യാനോ അറിയാത്ത സകലമാന്യന്മാരും ഇപ്പോൾ പേരിന്റെ മുന്നിൽ ‘Dr.’ തുന്നിച്ചേർത്ത് കോട്ടിട്ട് നടക്കുകയാണ്. ഇതൊക്കെ എവിടെന്നുണ്ടാക്കുന്നതാണെന്നാ കന്നാസേ?
കന്നാസ്: അതിനൊരു അന്താരാഷ്ട്ര മാർക്കറ്റ് തന്നെയുണ്ട് കടലാസേ! അമേരിക്കയിലെ തട്ടിക്കൂട്ട് യൂണിവേഴ്സിറ്റികളിൽനിന്ന് ഡോക്ടറേറ്റ് കിട്ടാൻ വെറും അഞ്ഞൂറ് ഡോളർ ചുമ്മാ അങ്ങോട്ട് അയച്ചുകൊടുത്താൽ മതി! ആ യൂണിവേഴ്സിറ്റികൾ ലോകഭൂപടത്തിൽ എവിടെയാണെന്ന് മഷിയിട്ടു നോക്കേണ്ടി വരും. ഇനി അത്രയും കാശില്ലാത്തവർക്ക് അതിർത്തി കടന്നാൽ മതി. ആന്ധ്രയിലെയും മധ്യപ്രദേശിലെയും തമിഴ്‌നാട്ടിലെയും യൂണിവേഴ്സിറ്റികളിൽ ഒരു ലക്ഷം രൂപ കൊടുത്താൽ കയ്യിലിരിക്കും ഡോക്ടറേറ്റ്! ഇത് ശരിയാക്കിക്കൊടുക്കുന്ന ഏജന്റിന് ഇരുപത്തഞ്ചു ശതമാനം കമ്മീഷൻ വേറെയും!
കടലാസ്: (കണ്ണ് തള്ളി) എന്റമ്മോ! ഇത്രയേ ഉള്ളോ ഈ മാഹാത്മ്യം?
കന്നാസ്: ഇതൊന്നുമല്ല, ഇപ്പോൾ മാർക്കറ്റിൽ അതിലും സുലഭമായി കിട്ടുന്നത് 'സർ' (Sir) എന്ന പട്ടമാണ്! അതിന് കേവലം അൻപത് ഡോളർ മാത്രം എറിഞ്ഞുകൊടുത്താൽ മതി, വീട്ടിലിരുന്ന് സാക്ഷാൽ നൈറ്റ്ഹുഡ് ഒപ്പിക്കാം! പണ്ട് നമ്മുടെ മുൻ മന്ത്രി എസ്. കൃഷ്ണകുമാറിന്റെ ഭാര്യ ഉഷ പത്മശ്രീ വിറ്റിരുന്നത് അൻപത് ലക്ഷം രൂപയ്ക്കായിരുന്നു. എന്നാലും അൻപത് ലക്ഷം രൂപയെങ്കിലും മുടക്കാനുള്ള അന്തസ്സുണ്ടായിരുന്നു! ഇതിപ്പോ ചില്ലറപ്പൈസക്ക് തെരുവിൽ കിട്ടുന്ന അച്ചാറുപോലെയായി ഡോക്ടറേറ്റ്!
കടലാസ്: അപ്പൊപ്പിന്നെ ഈ നാട്ടിൽ ഡോക്ടറേറ്റ് എന്ന് കേട്ടാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരെങ്കിലും മരുന്നിനെങ്കിലും ബാക്കിയുണ്ടോ കന്നാസേ?
കന്നാസ്: ഡോക്ടറേറ്റിൽ ആകെയുള്ള ഒരു വിശ്വാസം നമ്മുടെ ഡോക്ടർ ശശി തരൂർ മാത്രമാണ്! അങ്ങേര് ഇംഗ്ലീഷ് പറയുമ്പോൾ ഓക്സ്ഫോർഡ് ഡിക്ഷണറി പോലും ഒളിച്ചുനോക്കും. പാർട്ടിയിൽ ഇതുവരെ ഡോക്ടറേറ്റ് ഒപ്പിക്കാൻ പറ്റാത്ത ബാക്കി സകല കമ്മ്യൂണിസ്റ്റുകാരുടെയും മിനിമം യോഗ്യത എന്താണെന്ന് നിനക്കറിയില്ലേ? സാക്ഷാൽ ലക്ഷ്മി നായരുടെ ലോ അക്കാദമി എൽ.എൽ.ബി!
കടലാസ്: അതാണ് പാർട്ടിയിലെ മിനിമം സ്റ്റാൻഡേർഡ്! അപ്പൊ നമ്മുടെ വിഡി യോ ?
കന്നാസ്: വായനയുടെ കാര്യത്തിൽ ശരിക്കും ഒരു ഡോക്ടറേറ്റ് ലഭിക്കേണ്ടത് നമ്മുടെ വി.ഡി. സതീശനാണ്. പക്ഷേ ഈ നാറിയ തട്ടിക്കൂട്ടും വില്പനയും കണ്ടതുകൊണ്ട് മാത്രമാണ് ഡോക്ടറേറ്റും ഒരു മാങ്ങാത്തൊലിയും വേണ്ടെന്ന് വെച്ച് അദ്ദേഹം പുസ്തകവും വായിച്ച് മിണ്ടാതിരിക്കുന്നത് എന്നാ കേൾക്കുന്നത്!
കടലാസ്: (ചായ ഗ്ലാസ് വെച്ച് മേശപ്പുറത്ത് തട്ടി) ചുരുക്കം പറഞ്ഞാൽ നാട്ടിലിറങ്ങി നടക്കുന്ന ഈ സകലമാന ഡോക്ടറേറ്റുകളും അന്വേഷിക്കണം!
കന്നാസ്: സംശയമുണ്ടോ, ഡോക്ടറേറ്റിൽ കുറെയെണ്ണം കോപ്പിയടിക്കാരും , ഗൂഗിൾ സെർച്ചിൽ നിന്നും കടമെടുത്തവരും പിന്നെ ഗോസ്റ്റ് എഴുത്തുകാരെക്കൊണ്ട് ചെയ്യിക്കുന്നവരുമാണ് .എല്ലാം അന്വേഷിക്കണം! ശരിക്കും അന്വേഷിക്കണം! അല്ലെങ്കിൽ നാളെ കവലയിൽ ചായ കുടിക്കാൻ വരുന്നവന്റെയൊക്കെ നെഞ്ചത്ത് ഓരോ പി.എച്ച്.ഡി മെഡൽ തൂങ്ങിക്കിടക്കുന്നത് കാണേണ്ടി വരും. നീ ആ പരിപ്പുവട ഇങ്ങോട്ട് നീട്ട്, ബാക്കി നമുക്ക് മെല്ലെ ചർച്ച ചെയ്യാം!
കന്നാസും കടലാസും :





