ദേശീയ രാഷ്ട്രീയത്തിലെ അലകളും കേരളത്തിലെ ഗ്രൂപ്പ് കളികളും : പ്രഥമദൃഷ്ട്യാ കുറ്റക്കാർ കോൺഗ്രസുകാർ

ഇന്ത്യൻ തലസ്ഥാനത്ത് ഒരു മനുഷ്യൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അങ്കം വെട്ടുവാൻ പെടാപ്പാട് പെടുമ്പോൾ ആ മനുഷ്യന്റെ ഒപ്പം നിൽക്കുന്നു എന്ന് പറയുന്ന മറ്റൊരു മനുഷ്യൻ നിലമ്പൂരിൽ എത്തി അനുസ്മരണങ്ങൾക്കും കോഴിക്കോട് അവാർഡുകൾക്കും വേണ്ടി സമയം കളയുന്നു . കൂടാതെ തെലങ്കാനയിൽ നിന്നും മറ്റൊരു മനുഷ്യനെ കേരളത്തിൽ എത്തിച്ചുകൊണ്ട് 'പോ മോനെ വിജയാ' കളികൾ കളിപ്പിക്കുന്നു .
പിന്നെങ്ങനെ ഈ കോൺഗ്രസ്സ് പാർട്ടി രക്ഷപ്പെടും . പാർട്ടിയെ രക്ഷിക്കുവാൻ സമയമില്ലെങ്കിൽ ഭാരവാഹിത്വങ്ങളിൽ നിന്നും ഇറങ്ങിപ്പോകണം . എന്നിട്ട് ഉശിരുള്ള ആളുകളെ ആ പോസ്റ്റുകളിൽ കയറ്റി ഇരുത്തണം . ഇതിപ്പോൾ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെയാണ് ഈ വക നേതാക്കന്മാരുടെ കാണിച്ചുകൂട്ടലുകൾ .

ഡൽഹിയിലെ സമരങ്ങളും കേരളത്തിലെ സമാന്തര രാഷ്ട്രീയവും
ഡൽഹിയിൽ രാഹുൽ ഗാന്ധിയും മഹുവ മൊയ്ത്രയും കോക്രോച്ചുകളും ജന്തർമന്ദറിൽ പോലീസുമായി അങ്കം വെട്ടുമ്പോൾ ഈ വക നേതാക്കന്മാർ ഇങ്ങനെയൊക്കെ സുഖിച്ചു നടന്നാൽ മതിയോ . കേരളത്തിലെ കാര്യങ്ങൾ നോക്കുവാൻ ഉശിരുള്ള ഇഷ്ടംപോലെ നേതാക്കന്മാരും മുഖ്യമന്ത്രിയും മറ്റുള്ള മന്ത്രിമാരും ഉള്ളപ്പോൾ ഇവിടെ വന്നുകിടന്നുകൊണ്ട് ഒരു സമാന്തര രാഷ്ട്രീയ കളിക്കേണ്ട സമയമല്ലിത് .
അല്ലെങ്കിൽ ഇവിടെയുള്ള കെഎസ്‌യു , യൂത്ത് കോൺഗ്രസ്സ് അണികളെ മുന്നിൽ നിർത്തിക്കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രക്ഷോഭങ്ങൾ ആരംഭിക്കേണ്ട ഈ സമയത്ത് അനുസ്മരണങ്ങളും അവാർഡുകളും പറഞ്ഞു നടക്കുന്നതിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ കാണാതെ വയ്യ . ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ശ്വസിക്കുവാൻ സമയം കൊടുക്കാതെ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിൽ നിങ്ങൾക്കൊക്കെ പങ്കുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അത് ശരിയായിരിക്കും .

2029 ലക്ഷ്യമാക്കിയുള്ള ദേശീയ തന്ത്രങ്ങളും മുൻഗണനകളും
അടുത്ത വര്ഷം മാർച്ച് മുതൽ ഡിസംബർ വരെ എട്ടോളം സംസ്ഥാനങ്ങളിലും അതുകഴിഞ്ഞാൽ ഒമ്പതോളം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകൾ വരുന്ന ഈ കാലഘട്ടത്തിൽ അവിടേക്ക് ശ്രദ്ധ കൊടുക്കാതെ മറ്റുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേരളത്തിലെ ഠാ വട്ടത്തിലെ കുഞ്ഞുകുഞ്ഞു സ്‌കൂൾ കലാപരികളിലേക്ക് കൊണ്ടുവന്നുകൊണ്ട് അവരുടെ വിലപ്പെട്ട സമയം കളയരുത് .
എങ്ങനെയെങ്കിലും 2029 തിരഞ്ഞെടുപ്പിൽ കേന്ദ്രം പിടിക്കുവാനുള്ള ആസൂത്രണങ്ങൾ മെനയുവാൻ സമയം കണ്ടെത്താതെ ഈ വക പിള്ളേരുകളികൾ കളിച്ചുനടക്കാതെ എങ്ങനെയെങ്കിലും ആ ഗോവ എങ്കിലും അടുത്ത വർഷത്തിൽ പിടിക്കാൻ നോക്കുക . കേരളത്തിലെയും തമിഴ്‌നാട്ടിലെയും കർണ്ണാടകയിലെയും തെലങ്കാനയിലെയും ചെറുപ്പക്കാരെ സംഘടിപ്പിക്കിക്കൊണ്ട് അതത് സംസ്ഥാനങ്ങളിൽ പ്രോക്ഷോഭങ്ങൾ സംഘടിപ്പിക്കുക . ആ കോക്രോച്ചുകളെ കണ്ടെങ്കിലും പഠിക്കുക . അവരുടെ ആവേശമെങ്കിലും പഠിച്ചെടുക്കുക .

കോൺഗ്രസിലെ പഴയകാല 'ഊള കളികളും' ഗ്രൂപ്പ് രാഷ്ട്രീയവും
ഒരു കാര്യം ഉറപ്പാണ് . ഇവിടെ കേരളത്തിൽ ഇപ്പോഴും കോൺഗ്രസ്സുകാർ ആ പഴയകാല ഊള കളികളാണ് കളിച്ചുകൊണ്ടിരിക്കുന്നത് . ഗ്രൂപ്പുകളി ഇല്ലാതിരുന്ന കേരളത്തിലേക്ക് വീണ്ടും ഗ്രൂപ്പുകളി കൊണ്ടുവന്നിരിക്കുകയാണ് .
കരുണാകരനും ആന്റണിയും ഉമ്മൻചാണ്ടിയും മതിയാക്കിയ ഗ്രൂപ്പുകൾ ഇവിടെ ഇപ്പോഴത്തെ മുഖ്യമന്ത്രി എന്നെന്നേക്കുമായി കുഴിച്ചു മൂടി 102 സീറ്റുകളിൽ എത്തിച്ചുവെങ്കിലും ( ഒട്ടും ഗ്രൂപ്പ് ഇല്ലായിരുന്നെങ്കിൽ 112 വരെ എത്തേണ്ടതായിരുന്നു ) പിന്നെയും മന്ത്രിമാരെ കണ്ടെത്തിയപ്പോൾ തികച്ചും ഗ്രൂപ്പുകളുമായി ഡൽഹിയിൽ നിന്നും ഓരോരുത്തർ പറന്നിറങ്ങുമ്പോൾ ഓർമകളിൽ വരുന്നത് എൺപതുകളിലെ ആ ചീഞ്ഞ കെഎസ്‌യു തിരഞ്ഞെടുപ്പുകളാണ് . അതിപ്പോഴും നിർത്തുവാൻ സാധിക്കുന്നില്ല എന്നതാണ് വണ്ടൂരിലെ മന്ത്രിയും അതുപോലെയുള്ള കുറേ ആളുകളും .
എങ്ങനെയെങ്കിലും നല്ല രീതിയിൽ ഭരിച്ചുകൊണ്ട് കേന്ദ്രത്തിലെ കോൺഗ്രസ്സിന് പിന്തുണ കൊടുക്കാതെ അഹങ്കാരികളായി അവർ വളർന്നിരിക്കുന്നു .

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും ജനാധിപത്യ വെല്ലുവിളികളും
കേന്ദ്ര ഇലക്ഷൻ കമ്മീഷണർ കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ ബിജെപി സ്ഥാനാർത്ഥിയാകുവാൻ ക്ഷണിച്ചതും മന്ത്രി സ്ഥാനം ഓഫർ ചെയ്തതും ഇപ്പോൾ ജിജി തോംസൺ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് . അതുപോലെ മലേഷ്യൻ റോഡ് നിർമ്മാണ കമ്പനിയായ പതിബെൽ കമ്പനിയുടെ ഹെഡ് ആത്മഹത്യാ ചെയുവാൻ കാരണമായത് ഗ്യാനേഷ് കുമാർ ആണെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിവെച്ചിട്ടുണ്ട് .
ഇത്തരമൊരു ആളെ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇപ്പോഴും നമ്മൾ അംഗീകരിക്കുന്നു എന്നതാണ് നാടിന്റെ ശാപം . ഇതൊക്കെ നമ്മയുടെ നാട്ടിലെ ചെറുപ്പക്കാരും നേതാക്കന്മാരും മനസിലാകിവേണം ഇനിയുള്ള കാലം സമരങ്ങൾ നയിക്കുവാൻ . അല്ലെങ്കിൽ ഇന്ത്യയിലെ ജനാധിപത്യം എന്നെന്നേക്കുമായി ഈ വക ആളുകൾ കുഴിച്ചുമൂടിയേക്കാം .

യുവജന സംഘടനകളുടെ ഉത്തരവാദിത്തവും ജെൻസി (Gen Z) സ്വാധീനവും
കെഎസ്‌യു യൂത്ത് കോൺഗ്രസ്സ് പ്രവർത്തന്മാർ എങ്ങനെയെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രക്ഷോഭത്തിന് ഇനിയും ഇറങ്ങിയില്ല എങ്കിൽ കേരളത്തിലെ ജെൻസിയും പാറ്റകളുടെ പിന്നാലെ പോയേക്കാം . ഇപ്പോൾ കേരളത്തിൽ കെഎസ്‌യു വിനു കിട്ടുന്ന ആ ജെൻസി സഹായം ഇനിയെങ്കിലും നിങ്ങൾ നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ എല്ലാം കൂടി പാറ്റകളായി മാറിയേക്കാം . പഴയ ആപ്പിനെ പോലെ പാറ്റകളും ബിജെപിയുടെ ബി ടീമാണെന്നു പറയാതിരിക്കുവാൻ നിർവാഹമില്ല
. ആയതിനാൽ കെഎസ്‌യു പോലുള്ള സംഘടനകൾ അണികളെ ആർക്കും വിട്ടുകൊടുക്കാതെ ഈ വക സമരങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ നിങ്ങളും വിയർക്കേണ്ടിവരും . അതുപോലെ യൂത്ത് കോൺഗ്രസ്സും മറ്റുള്ള മന്ത്രിമാരും ദയവചെയ്ത് ഗ്രൂപ്പുകളികൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടിയെ എങ്ങനെയെങ്കിലും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കുവാൻ ശ്രമിക്കുക .
നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് എന്ന ഉപദേശത്തിൽ ദാസനും
ഗ്രൂപ്പുകൾ ഒഴിവാക്കി ഉടനെ സമരങ്ങൾ തുടങ്ങുമെന്ന വിശ്വാസത്തിൽ വിജയനും






