കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും അധികാരമോഹങ്ങളും: അണികളുടെ അമർഷവും യാഥാർത്ഥ്യങ്ങളും
സ്കൂൾ കാലത്തെ മുൻഗണനകളും ജീവിതത്തിലെ യാഥാർത്ഥ്യവും
ചിലർക്ക് തിരക്ക് ലേശം കൂടിപ്പോയി. "മെല്ലെ തിന്നാൽ മലയും തിന്നാം" എന്നത് അവരെ ടീച്ചർമാർ പഠിപ്പിച്ചില്ല. ജീവിതത്തിൽ എല്ലാ കാലവും നടത്തി പോന്ന കുത്തിത്തിരുപ്പുകൾ വിജയിച്ചു വിജയിച്ചു വന്നവർക്ക് പിന്നീടുള്ള കാലം അതൊക്കെ നടക്കാതെ വരുമ്പോഴുണ്ടാവുന്ന അമർഷമാണ് കേരളത്തിലെ കോൺഗ്രസ്സിൽ നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
നാമെല്ലാം സ്‌കൂളുകളിൽ പഠിക്കുമ്പോൾ ആ സ്‌കൂളിലെ തന്നെ ചില ടീച്ചർമാരുടെ മക്കളും അവിടെ പഠിക്കുന്നുണ്ടാകും. വിദ്യാർത്ഥികൾക്ക് ഗുണമുണ്ടാകുന്ന എല്ലാ കാര്യങ്ങളിലും എന്തിനധികം പറയുന്നു ചില സ്‌കൂളുകളിലെ ബെല്ലടിക്കാൻ വരെ അനുവാദം ടീച്ചർമാരുടെ മക്കൾക്കായിരുന്നു. സ്‌കൂളിൽ വരുന്ന പൂമ്പാറ്റയും ബാലരമയും അമർചിത്രകഥകളും ആദ്യം വായിക്കുവാനും വീട്ടിൽ കൊണ്ടുപോകുവാനും അവസരം ടീച്ചർമാരുടെ മക്കൾക്ക് തന്നെ. പക്ഷെ കാലം കുറേയൊക്ക കഴിഞ്ഞപ്പോൾ യഥാർത്ഥ ജീവിതത്തിലേക്ക് കടന്നപ്പോൾ അവരൊക്കെ ജീവിതത്തിൽ പരാജയമായിരുന്നു എന്ന് നമ്മുക്ക് കാണാം.
കെ. സി. വേണുഗോപാലും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തുടക്കവും
കെ.സി. വേണുഗോപാൽ എന്ന എ.ഐ.സി.സി. ഹൈക്കമാൻഡിനെ നിയന്ത്രിക്കുവാൻ കെൽപ്പുണ്ട് എന്ന് പറയപ്പെടുന്ന ആൾ 1986 കെ.എസ്.യു. തിരഞ്ഞെടുപ്പിൽ തൃശൂരിലെ എം.പി. വിൻസെന്റിനെയും സുനിൽ അന്തിക്കാടിനെയും പോലുള്ളവരെ ഗ്രൂപ്പുകൾ മാറ്റിച്ചുകൊണ്ട് കൂടെ കൂട്ടി കേരളം ഒന്നടങ്കം ഗ്രൂപ്പുകൾ വളർത്തി ഉണ്ടാക്കിയെടുത്ത നേതൃസ്ഥാനത്തിന് കാലം ചെല്ലുന്തോറും തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ലീഡറുടെ അനുഗ്രഹാശിസ്സുകളോടെ എം.എൽ.എ., മന്ത്രി, എം.പി., കേന്ദ്രമന്ത്രി, ഇന്നിപ്പോൾ ഹൈക്കമാൻഡിന്റെ കടിഞ്ഞാൺ ഒക്കെ ആയെങ്കിലും പിന്നീട് കരുണാകരന്റെ കൈകളിൽ കൊത്തിക്കൊണ്ടാണ് തിരുത്തൽവാദിയായി മാറിയത്. ആ ശാപം ഗംഗാ നദിയിൽ പോയി മുങ്ങിക്കുളിച്ചാലും പോകില്ല എന്നതിന്റെ തെളിവായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സൂത്രത്തിൽ മുഖ്യമന്ത്രിയാകുവാൻ വന്നപ്പോൾ അനുഭവിച്ചറിഞ്ഞത്. അതെങ്കിലും കണ്ടു മനസ്സിലാക്കിയില്ല എന്നതാണ് വിവരമില്ലായ്മ എന്ന് പറയുന്നത്.
അടൂർ പ്രകാശും ചിറയിൻകീഴിലെ തിരിച്ചടികളും
ഇന്നിപ്പോൾ അടൂർ പ്രകാശ് കാണിച്ചുകൂട്ടുന്ന വേലത്തരങ്ങൾ സ്വന്തം അഭിപ്രായം മാത്രമല്ല എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരുത്തനും മനസ്സിലാക്കുവാൻ ഐ.എ.എസ്.ഓ, ഐ.പി.എസ്.ഓ വേണമെന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു തളർന്നു കിടന്ന ഒരു മനുഷ്യൻ, ജീവിതത്തിൽ കോൺഗ്രസ്സ് പാർട്ടിയെക്കൊണ്ട് എം.എൽ.എ., മന്ത്രി, എം.പി. എന്നിങ്ങനെയുള്ള സകലമാന ഇടങ്ങളിലും എത്തിയിട്ടും ഇന്നിപ്പോൾ ഉപമുഖ്യമന്ത്രിയാകാനുള്ള മോഹം ഉള്ളിൽ വെച്ചുകൊണ്ട് അലമ്പ് കളിക്കുകയാണ്.
രമ്യ ഹരിദാസിനെ ചിറയിൻകീഴിലേക്ക് കൊണ്ടുപോയി സീറ്റ് തരപ്പെടുത്തിക്കൊടുത്തുകൊണ്ട്, കൊല്ലത്തെയും തിരുവനന്തപുരത്തെയും ജയിക്കാൻ സാധ്യത ഉണ്ടായിരുന്ന യഥാർത്ഥ കോൺഗ്രസ്സുകാർക്ക് സീറ്റുകൾ കൊടുക്കാതെ വൈരാഗ്യം കാണിച്ച വ്യക്തി തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ചിറയിൻകീഴിലെ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ചുകളഞ്ഞത്.
എം. കെ. മുനീറും ഇന്ത്യാവിഷന്റെ തിരിച്ചടിയും
എം.കെ. മുനീർ എന്ന മുൻമന്ത്രി, അനാവശ്യമായി കൂട്ടുകാരന്റെ മകനായ എം.വി. നികേഷ്കുമാറിനെ കൊണ്ട് 'ഇന്ത്യാവിഷൻ' എന്ന ചാനൽ ആരംഭിച്ചുകൊണ്ട് ഇരിക്കുന്ന മരം മുറിക്കുവാൻ ശ്രമിച്ചപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടത് സ്വന്തം സ്വത്ത് വകകൾ വിറ്റും ജപ്തിയിൽ പോയും ഒക്കെയാണ്. മുഖ്യമന്ത്രി പുത്രൻ, സുന്ദരൻ, ഡോക്ടർ, ഗായകൻ, എഴുത്തുകാരൻ, വാഗ്മി, ആർട്ടിസ്റ്റ് എന്ന രീതിയിൽ സകലകലാ വല്ലഭനായിരുന്ന മുനീർ സായ്‌വിന് പക്ഷെ, ഒരു വിഷയത്തിലും ഒന്നാമനാകുവാൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യാവിഷൻ ഉണ്ടാക്കിയ ആഘാതം നിസ്സാരമായിരുന്നില്ല. സ്വന്തം കുടുംബമഹിമ കാരണമാണ് നികേഷിനെ പരസ്യമായി തെറി വിളിക്കാതിരുന്നത്. ആ മനുഷ്യൻ കഠിനമായ അസുഖം ബാധിച്ചു മരുന്നിനു കാശില്ലാതെ വന്ന വാർത്ത ഏവരെയും ഞെട്ടിച്ചു. അപ്പോൾ പിന്നെ അങ്ങനെയുള്ള സന്ദർഭത്തിൽ സർക്കാർ ചിലവിൽ ജീവിച്ചുപോക്കോട്ടേ എന്ന് കൂടപ്പിറപ്പുകൾ കരുതിയപ്പോൾ പ്രതിപക്ഷം വരെ മൗന സമ്മതത്തിലായിരുന്നു. പക്ഷെ അടൂർ പ്രകാശനും കൂട്ടർക്കും അതത്ര ബോധിച്ചില്ല എന്ന് വേണം മനസ്സിലാക്കുവാൻ.
ഹൈക്കമാൻഡ് നിലപാടുകളും മാധ്യമ നിലപാടുകളും
കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും സച്ചിനും കൂട്ടരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റോഡിലിറങ്ങുമ്പോൾ എന്തുകൊണ്ട് കെ.സി. വേണുഗോപാലൻ ആ ദിവസങ്ങളിൽ നിലമ്പൂരും കോഴിക്കോട്ടും അനുസ്‌മരണ യോഗങ്ങളുമായി നടക്കുന്നു എന്നതിലാണ് കോൺഗ്രസ്സ് അണികളിൽ സംശയം ഉടലെടുക്കുന്നത്.
അതും രേവന്ത് റെഡ്ഢിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ ലോക്കൽ കാര്യങ്ങളിലേക്ക് എഴുന്നള്ളിച്ചുകൊണ്ട് ഉണ്ടാക്കുന്ന സംശയങ്ങൾ. എന്നൊക്കെ കെ.സി. കേരളത്തിൽ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ ഓരോരോ വിവാദം ഇല്ലാതിരുന്നിട്ടില്ല. 'ബിഗ് ടിവി' അതിനുവേണ്ടി മാത്രമാണ് ജീവിതം തള്ളിനീക്കുന്നത്. റിപ്പോർട്ടർ ചാനലുകാരുടെ ഒരു പ്രത്യേക ധൈര്യം കാണുമ്പോൾ അണികളിൽ സംശയം ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കേരളത്തിലെ മുഖ്യധാരാ ഓൺലൈൻ പത്രങ്ങൾക്ക് തിരഞ്ഞെടുപ്പിന് മുൻപ് കൊടുത്ത പണം കൂടാതെ വീണ്ടും പണം എറിഞ്ഞു കളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
യുവാക്കളും ഗ്രൂപ്പ് രാഷ്ട്രീയത്തിലെ മാറ്റങ്ങളും
ചെറുപ്പക്കാരായ മന്ത്രിമാർക്കൊക്കെ ഏതാണ്ടൊക്കെ കാര്യങ്ങൾ പിടികിട്ടിയിരിക്കുന്നു. ജനീഷും റോജിയും ഒക്കെ അവരവരുടെ ഭാവി നോക്കിക്കൊണ്ട് അധികം ഗ്രൂപ്പുകളികളിൽ മുഴുകാതെ ജനമനസ്സ് മുന്നിൽ കണ്ടുകൊണ്ടാണ് പെരുമാറുന്നത്. അനിൽകുമാർ പിന്നെ ഗ്രൂപ്പിന്റെ അമരക്കാരൻ ആയതുകൊണ്ട് നിവൃത്തിയില്ല. ലിജുവരെ എല്ലാം ശ്രദ്ധിച്ചും വീക്ഷിച്ചും ആണ് പെരുമാറുന്നത്.
അടൂർ പ്രകാശിനും കെ.സിക്കും ഒക്കെ അർഹിക്കാത്തതിൽ കൂടുതൽ ജീവിതത്തിൽ കിട്ടിയതുകൊണ്ട് "തനിക്ക് ശേഷം പ്രളയം" എന്ന തത്വചിന്തകളിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അവർക്ക് മേലെ ആകാശം, താഴെ ഭൂമി. പിന്നെ സ്ഥാനമാനങ്ങൾ ഏറെ മോഹിച്ചിട്ടും മോഹഭംഗം വന്ന ദീപ്തി മേരിയും അതുപോലെയുള്ള കുറെ ആട്ടിൻകൂട്ടങ്ങളും ഗ്രൂപ്പുകളികളിൽ സുഖം കണ്ടെത്തുന്നുണ്ട്. സാംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതിൽ കുറേയെണ്ണത്തിന് കഴപ്പുമായി രംഗത്ത് വന്നിട്ടുമുണ്ട്.
ഭരണവും ചുറ്റുമുള്ള താല്പര്യക്കാരും
മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം നേരെ ചൊവ്വേ തലച്ചോർ പ്രവർത്തിക്കുവാൻ സമയം കിട്ടുന്നുണ്ടോ എന്ന് വരെ സംശയമാണ്. പത്തുകൊല്ലത്തെ പിണറായിയുടെ കൊള്ള ഭരണത്തിൽ സഹികെട്ടവരെല്ലാം ഒന്നടങ്കം മുഖ്യമന്ത്രിയെ കാണുവാൻ നെട്ടോട്ടമാണ്.
കൂടാതെ ഏത് ഭരണം വന്നാലും അലക്കിത്തേച്ച ഖദറുമായി ഇറങ്ങുന്ന കുറെ കോൺഗ്രസ്സ് നാമധാരികളും, എല്ലാ ഭരണത്തിലും കാശുണ്ടാക്കുവാൻ നടക്കുന്ന കുറെ കൺസൽട്ടന്റ് മേനോന്മാരും, ഇൻസ്റ്റാഗ്രാം റീൽസുണ്ടാക്കാനും വീട്ടിലേക്കു ക്ഷണിച്ചു ബിരിയാണി കൊടുത്തു സോഷ്യൽ മീഡിയയിൽ ഇടുവാനും നടക്കുന്ന അൽപ്പന്മാരായ പ്രാഞ്ചിമാരായ കാക്കാമാരും, എന്ത് തട്ടിപ്പ് നടത്താനും മടിയില്ലാത്ത കുറെ അച്ചായന്മാരും, കുനുഷ്ട് മാത്രം കൈമുതലായിട്ടുള്ള കുറെ ചോന്മാരും ഒക്കെ മുഖ്യമന്ത്രിയുടെയും ശിങ്കിടികളുടെയും പിന്നാലെയാണ്.
അതൊഴിഞ്ഞിട്ട് ഭരിക്കുവാൻ എവിടെ സമയം! പാർട്ടി ജയിക്കുവാൻ അഹോരാത്രം സോഷ്യൽ മീഡിയയിലും അങ്ങാടികളിലും പണിയെടുത്തവൻ ഇപ്പോഴും മേലോട്ട് നോക്കി ഇരുപ്പാണ്.
മുഖ്യമന്ത്രിയുടെ കൂടെ ഇനിയും ആത്മാർത്ഥതയുള്ള , രാഷ്ട്രീയബോധമുള്ള , ഇവന്മാരുടെ കുത്തിത്തിരുപ്പുകൾ മനസിലാക്കുവാൻ ജ്ഞാനമുള്ള , പണത്തിനോട് ആർത്തിയില്ലാത്ത , പഴയത് മറക്കാത്ത നല്ലവരായ കുറച്ചു ഉപദേശകരെ സ്വകാര്യമായി നിയമിച്ചാൽ അഞ്ചുകൊല്ലം കൂടാതെ അടുത്ത ഭരണവും വേണേൽ പിടിക്കാം .
കേന്ദ്രത്തിലെ പുനഃസംഘടനയും അണികളുടെ പ്രത്യാശയും
കേന്ദ്രത്തിൽ കോൺഗ്രസ്സ് പാർട്ടി അടിമുടി ഉടച്ചുവാർക്കുന്ന തിരക്കിലാണ്. നിസ്സാര സീറ്റുകൾക്ക് ഭരണം നഷ്ടപ്പെട്ട 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ ആവർത്തിക്കാതിരിക്കുവാൻ ഉപദേശകരെയൊക്കെ മാറ്റുവാൻ പ്രിയങ്ക ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ ഉപദേശകരെക്കൊണ്ട് കൈവിട്ടു പോയ കോൺഗ്രസ്സ് കോട്ടയായിരുന്ന പഞ്ചാബ് പോലുള്ള ഉരുക്ക് സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കുവാൻ സച്ചിൻ പൈലറ്റ് പോലെ ആത്മാർത്ഥതയുള്ള, പണത്തിനോടും സ്ഥാനമാനങ്ങൾക്കും ആർത്തിയില്ലാത്തവരെ ഏൽപ്പിച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ മുഖ്യമന്ത്രി ആരുടെയും ഓശാന പാടി ആ നിലയിൽ എത്തിയ ആളല്ല . നൂറു ശതമാനവും ജനങ്ങൾ നെഞ്ചിലേറ്റിയ വ്യക്തിയാണ് . നേതാക്കന്മാരുടെ ആ അസൂയാവഹമായ കളികളിൽ കുറച്ചൊക്കെ ജനങ്ങളിൽ വിഷമം ഉണ്ടാക്കാനാവും എന്നല്ലാതെ വെറുപ്പ് ഉളവാക്കുവാൻ സാധിക്കില്ല . കാരണം എല്ലാവര്ക്കും എല്ലാവരെയും അറിയാം .
ആകെമൊത്തം കോൺഗ്രസ്സ് മുഖച്ഛായ മാറ്റുമ്പോൾ മുഖച്ഛായ നഷ്ടപ്പെട്ട ചിലരൊക്കെ അടുത്ത താവളങ്ങൾ പിടിക്കുവാൻ തത്രപ്പാട് കാണിക്കുമെന്നത് ഉറപ്പാണ്. ആ തത്രപ്പാടിൽ കുത്തിത്തിരുപ്പുകൾ നിറയുമ്പോൾ വേദനിക്കുന്നത് കോൺഗ്രസ്സിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന അണികളും കോൺഗ്രസ്സിനെ ഇഷ്ടപ്പെട്ട് അടുത്തറിഞ്ഞുവന്ന കുറെ നല്ല മനുഷ്യരുമാണ്.
ആയതിനാൽ ഈ ഒരു മനുഷ്യനെ ഭരിക്കുവാൻ അനുവദിക്കുക. ഇപ്പോൾ തന്നെ കുത്തിത്തിരുപ്പുകൾ ഇറക്കാതെ ചുരുങ്ങിയത് രണ്ടുകൊല്ലം എങ്കിലും ഭരിക്കട്ടെ. എന്നിട്ട് നിങ്ങൾ ഈ വക നാറിയ കളികൾ കളിച്ചുകൊണ്ട് ഭരിക്കുകയോ ഭരിക്കാതിരിക്കുകയോ കയ്യിട്ട് വാരുകയോ ചെയ്യുക.
നിങ്ങളൊക്കെ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്... ഇത് കേരളമാണ്, ആരും ഒന്നും മറക്കുന്നവരല്ല!!
എന്ത് കളിയാണ് നിങ്ങൾ കളിക്കുന്നത് എന്ന ചോദ്യവുമായി പോരാളി ദാസനും
മുഖ്യമന്ത്രി കൂടുതൽ ജാഗ്രത പുലർത്തണം എന്ന ഉപദേശവുമായി പോരാളി വിജയനും





