കേരളത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത മുഖ്യമന്ത്രിയും 21 മന്ത്രിമാരും തങ്ങൾ ചെയ്ത അക്ഷന്തവ്യമായ തെറ്റുകൾ ഓരോന്നായി എണ്ണിയെണ്ണി ജനസമക്ഷം ഏറ്റുപറയുന്നു. അധികാരത്തിന്റെ ഗർവ്വിൽ ജനങ്ങളെയും ധർമ്മത്തെയും വിസ്മരിച്ചതിൽ ഞങ്ങൾ ഇന്ന് വിനീതരായി മാപ്പിരക്കുന്നു.

കുടുംബവാഴ്ചയും കമ്മീഷൻ കൊള്ളയും

സ്വന്തം മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി അധികാരത്തെ ദുരുപയോഗം ചെയ്തതിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. കരിമണൽ ഖനനവും എക്സലോജിക് മാസപ്പടി വിവാദങ്ങളും വഴി കോടികൾ കമ്മീഷനായി കൈപ്പറ്റിയത് ജനങ്ങളോടുള്ള ചതിയായിരുന്നു. സ്വർണ്ണക്കടത്ത് കേസ് മുതൽ ലൈഫ് മിഷൻ കോഴ വരെയും, പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് നൽകാനെന്ന പേരിൽ നടത്തിയ കെ-ഫോൺ അഴിമതിയും, ട്രാഫിക് ക്യാമറ ഡീലുകളും വഴി ഖജനാവ് കൊള്ളയടിച്ചു.

ഊരാളുങ്കൽ സൊസൈറ്റിക്ക് നിയമങ്ങൾ ലംഘിച്ച് നൽകിയ പ്രത്യേക പരിഗണനകൾക്കും കേരളത്തിലെ പൊതുസമൂഹത്തോട് ഞങ്ങൾ മാപ്പിരക്കുന്നു. തങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെക്കാൾ ഉപരി സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകിയതിൽ ഞങ്ങൾ പശ്ചാത്തപിക്കുന്നു.

ദുരന്തഫണ്ടുകളിലെ വഞ്ചനയും പ്രകൃതിചൂഷണവും

മഹാപ്രളയത്തിലും വയനാട് ഉരുൾപൊട്ടലിലും സർവ്വതും നഷ്ടപ്പെട്ട പാവങ്ങൾക്കായി ലോകം നൽകിയ സഹായധനം വകമാറ്റിയതും, പ്രളയഫണ്ടും വയനാട് ദുരന്തഫണ്ടും രാഷ്ട്രീയ ലാഭത്തിനും തിരഞ്ഞെടുപ്പ് വിജയങ്ങൾക്കുമായി വിനിയോഗിച്ചതും മാപ്പില്ലാത്ത അപരാധമാണ്.

ഇതിനുപുറമെ, മുട്ടിൽ മരംമുറി കേസിലൂടെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാൻ കൂട്ടുനിന്നതും, കടൽക്കൊള്ള വഴി കേരളത്തിന്റെ മത്സ്യസമ്പത്ത് വിദേശികൾക്ക് വിൽക്കാൻ ശ്രമിച്ചതും ജനങ്ങളോടുള്ള വഞ്ചനയായിരുന്നു. ഹെലികോപ്റ്റർ യാത്രകളും ആഡംബരങ്ങളുമായി നടത്തിയ ധൂർത്തിന് ദുരിതബാധിതരുടെ കണ്ണീരിന് സാക്ഷിയായി ഞങ്ങൾ ക്ഷമ ചോദിക്കുന്നു.

അപഥസഞ്ചാരങ്ങളും ഇരകളുടെ കണ്ണീരും

പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരും, യുവജനവിഭാഗ നേതാക്കളും, മുൻ പാർട്ടി സെക്രട്ടറിയുടെ മക്കളും, ഇപ്പോഴത്തെ മന്ത്രിമാരും അവരുടെ മക്കളും, എം.എൽ.എമാരും ഉൾപ്പെട്ട അപഥസഞ്ചാരങ്ങളും സദാചാര വിരുദ്ധമായ പ്രവർത്തനങ്ങളും ഈ നാടിന് അപമാനമാണ്.

അധികാരത്തിന്റെ തണലിൽ സ്ത്രീകളെയും ദുർബലരെയും വേട്ടയാടിയ ഈ നേതാക്കളുടെ നടപടികളിൽ ഞങ്ങൾ ശിരസ്സുനമിക്കുന്നു. കപടമായ ആദർശങ്ങൾ പ്രസംഗിക്കുമ്പോഴും വ്യക്തിജീവിതത്തിൽ കാണിച്ച ഈ അധപതനത്തിന് ഇരകളാക്കപ്പെട്ടവരോടും കേരളീയ സമൂഹത്തോടും ഞങ്ങൾ നിരുപാധികം മാപ്പിരക്കുന്നു.

രക്തസാക്ഷികളോടും സഖാക്കളോടുമുള്ള ചതി

പാർട്ടിക്കു വേണ്ടി ബലിദാനികളായ ധീരസഖാക്കളെ ഞങ്ങൾ ക്രൂരമായി വഞ്ചിച്ചു. അവർക്കായി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത രക്തസാക്ഷി ഫണ്ട് നേതാക്കൾ തങ്ങളുടെ ആഡംബരത്തിന് വേണ്ടി 'പുട്ടടിച്ച്' തീർത്തത് ആ ധീരസ്മരണകളോടുള്ള അവഹേളനമായിരുന്നു. ശ്രീ എമ്മുമായി നടത്തിയ രഹസ്യ ഡീലുകളും, കേന്ദ്രത്തെ പ്രീതിപ്പെടുത്താൻ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതും അണികളോടുള്ള കൊടുംചതിയാണ്.

രാഷ്ട്രീയ പകപോക്കലിനായി ഉമ്മൻചാണ്ടിയെയും ഇബ്രാഹിം കുഞ്ഞിനെയും കള്ളക്കേസുകളിൽ കുടുക്കിയതിനും, ആശാ വർക്കർമാരെ അവഗണിച്ചതിനും ഞങ്ങൾ പശ്ചാത്തപിക്കുന്നു.

ശബരിമലയിലെ കൊള്ളയും അയ്യപ്പകോപവും

കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച ശബരിമലയിലെ നടപടികൾക്ക് കാലം മാപ്പുതരില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഭക്തരെ ദ്രോഹിച്ചതിനും, സന്നിധാനത്തെ വരുമാനത്തിൽ കണ്ണുവെച്ച് നടത്തിയ ശബരിമല കൊള്ളയ്ക്കും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആചാരലംഘനങ്ങൾക്ക് കൂട്ടുനിന്നതിനും പൊന്നമ്പലമേടിന് സാക്ഷിയായി ഭഗവാൻ അയ്യപ്പസ്വാമിയുടെ തിരുനടയിൽ ഞങ്ങൾ വിഴുപ്പലക്കി മാപ്പിരക്കുന്നു.

അയ്യപ്പാ, ഞങ്ങളുടെ അഹങ്കാരത്തിന് ഈ നാടിനെ ശിക്ഷിക്കരുതേ എന്ന് ഞങ്ങൾ കൈകൂപ്പി പ്രാർത്ഥിക്കുന്നു.

പരസ്യധൂർത്തിലെ പരിഹാസവും അന്ത്യയാമവും

ഏറ്റവും അവസാനമായി, നിസ്സഹായരായ ജനങ്ങളോട് ഞങ്ങൾ മറ്റൊരു സത്യം കൂടി തുറന്നു പറയട്ടെ. ഇപ്പോൾ ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ വമ്പൻ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി ചിലവഴിക്കുന്ന കോടികൾ നിങ്ങളുടെ തന്നെ നികുതിപ്പണമാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഖജനാവ് ശൂന്യമാണെങ്കിലും, ഇതെങ്കിലും ചെയ്തില്ലെങ്കിൽ നിങ്ങൾ ഞങ്ങളെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ഭയമാണ് ഈ ധൂർത്തിന് പിന്നിൽ.

'എല്ലാം ശരിയാക്കി' എന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ നിങ്ങളുടെ തന്നെ പണമെടുത്ത് ഞങ്ങൾ നടത്തുന്ന ഈ അവസാന നാടകത്തിനും കൂടി ഞങ്ങൾ വിനീതരായി മാപ്പിരക്കുന്നു. അധികാരം ശാശ്വതമല്ലെന്നും ജനഹിതമാണ് പരമമെന്നും വൈകിയ തിരിച്ചറിവിൽ പശ്ചാത്തപിച്ചുകൊണ്ട്, ഈ മാപ്പിരക്കൽ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

പാച്ചുവും കോവാലനും: