*ഭാവിയെ പണയപ്പെടുത്തുന്ന മൊബൈൽ ലോൺ ആപ്പ് പതിക്കുഴികൾ*

സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന് നൽകിയ സൗകര്യങ്ങൾ ചെറുതല്ല. വിരൽത്തുമ്പിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ, കടലാസ് പണികളോ ബാങ്കുകൾ കയറിയിറങ്ങലോ ഇല്ലാതെ മിനിറ്റുകൾക്കകം വായ്പ നൽകുന്ന മൊബൈൽ ആപ്പുകൾ ഇന്ന് സജീവമാണ്. എന്നാൽ, പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി ഈ ആപ്പുകളെ ആശ്രയിക്കുന്ന പലരും ചെന്നുചാടുന്നത് സ്വന്തം ജീവിതവും ഭാവിയും തകർക്കുന്ന വലിയൊരു ചതിക്കുഴിയിലാണ്.

ആകർഷിക്കുന്ന പരസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന കെണികളും

"ഈസി ലോൺ", "ഉടനടി പണം" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിലൂടെയാണ് ഈ ആപ്പുകൾ ഉപഭോക്താക്കളെ വലയിലാക്കുന്നത്. യാതൊരുവിധ ഈടുമില്ലാതെ, പാൻ കാർഡും ആധാർ കാർഡും മാത്രം നൽകി മിനിറ്റുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തുന്നു. എന്നാൽ, ഈ എളുപ്പവഴിയുടെ പിന്നിലെ ക്രൂരമായ യാഥാർത്ഥ്യം പലരും തിരിച്ചറിയുന്നത് വായ്പയെടുത്തു കഴിഞ്ഞാണ്.

*അമിതമായ പലിശ നിരക്ക്:

സാധാരണ ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ നാലും അഞ്ചും ഇരട്ടി പലിശയാണ് ഇത്തരം ആപ്പുകൾ ഈടാക്കുന്നത്. ഇതിന് പുറമെ വൻ തുക പ്രോസസിംഗ് ഫീസിനത്തിലും പിടിച്ചെടുക്കുന്നു.

*ഡിജിറ്റൽ വിവരങ്ങൾ ചോർത്തൽ: 

ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഫോണിലെ കോൺടാക്റ്റുകൾ, ഗാലറി, ലൊക്കേഷൻ എന്നിവ ആക്സസ് ചെയ്യാനുള്ള അനുമതി (Permissions) നാം നൽകാറുണ്ട്. ഇത് ഉപഭോക്താവിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

*ഭീഷണിയും ബ്ലാക്ക്‌മെയിലിംഗും: മാനസിക സമ്മർദ്ദത്തിന്റെ നാളുകൾ*

കൃത്യസമയത്ത് തിരിച്ചടവ് സാധ്യമാകാതെ വരുമ്പോഴാണ് ഈ ലോൺ ആപ്പുകളുടെ യഥാർത്ഥ മുഖം പുറത്തുവരുന്നത്. പണം പലിശ സഹിതം പെരുകുമ്പോൾ സാധാരണക്കാരന് അത് താങ്ങാൻ കഴിയാതെ വരുന്നു. ഈ ഘട്ടത്തിൽ കമ്പനികൾ ക്രൂരമായ പീഡനമുറകളാണ് സ്വീകരിക്കുന്നത്.

ഫോണിൽ നിന്ന് ചോർത്തിയെടുത്ത കോൺടാക്റ്റ് നമ്പറുകളിലേക്ക് വിളിച്ച് ഉപഭോക്താവ് ഒരു സാമ്പത്തിക കുറ്റവാളിയാണെന്ന് വരുത്തിത്തീർക്കുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോശമായ സന്ദേശങ്ങൾ അയക്കുക, ഗാലറിയിൽ നിന്ന് മോഷ്ടിച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ ഇവരുടെ സ്ഥിരം ശൈലിയാണ്. ഇത്തരം മാനസിക പീഡനങ്ങൾ താങ്ങാനാവാതെ നിരവധി ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞിട്ടുള്ളത്.

ഇത് ഭാവിയെ ബാധിക്കുന്നതെങ്ങനെ ?

മൊബൈൽ ലോൺ ആപ്പുകളുടെ കെണിയിൽ പെടുന്നത് നിങ്ങളുടെ ഇന്നത്തെ സമാധാനം മാത്രമല്ല, നാളത്തെ ഭാവിയെയും ഇല്ലാതാക്കുന്നു.

   1. സിബിൽ സ്കോർ തകരുന്നു: 

അനധികൃത ലോൺ ആപ്പുകളിലെ തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. ഭാവിയിൽ വീടോ, വാഹനമോ വാങ്ങാനോ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി ഒരു അംഗീകൃത ബാങ്കിൽ നിന്ന് വായ്പ ആവശ്യമായി വരുമ്പോൾ നിങ്ങൾക്ക് അത് നിഷേധിക്കപ്പെടാൻ ഇത് കാരണമാകും.

   2. സാമ്പത്തിക തകർച്ച: 

ഒരു ലോൺ അടച്ചുതീർക്കാൻ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുക്കുന്ന രീതിയിലേക്ക് ആളുകൾ മാറുന്നു. ഇത് ഒടുവിൽ ഒരിക്കലും രക്ഷപെടാൻ കഴിയാത്ത കടക്കെണിയിലേക്ക് വഴിമാറുന്നു.

   3. സാമൂഹികമായ ഒറ്റപ്പെടൽ: 

ബ്ലാക്ക്‌മെയിലിംഗ് കാരണം സമൂഹത്തിലും ജോലിസ്ഥലത്തും മാനക്കേട് ഉണ്ടാവുകയും, ഇത് വ്യക്തിപരമായ കരിയറിനെയും ജീവിതത്തെയും പൂർണ്ണമായി തകർക്കുകയും ചെയ്യുന്നു.

എങ്ങനെ സുരക്ഷിതരാകാം ?

അല്പം ജാഗ്രത പുലർത്തിയാൽ ഈ ഡിജിറ്റൽ ചതിക്കുഴികളിൽ വീഴാതെ നമുക്ക് രക്ഷപെടാം.

* അംഗീകാരം പരിശോധിക്കുക: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അംഗീകാരമുള്ള ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ (NBFC) നടത്തുന്ന ആപ്പുകളിൽ നിന്ന് മാത്രം വായ്പയെടുക്കുക.

* അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക: ഒരു ലോൺ ആപ്പിന് നിങ്ങളുടെ കോൺടാക്റ്റുകളോ വ്യക്തിപരമായ ചിത്രങ്ങളോ കാണേണ്ട ആവശ്യമില്ല. അത്തരം അനുമതികൾ ചോദിക്കുന്ന ആപ്പുകൾ ഒഴിവാക്കുക.

* അടിയന്തിര ഘട്ടങ്ങളിൽ നിയമസഹായം തേടുക: ഇത്തരം ആപ്പുകളിൽ നിന്ന് ഭീഷണിയുണ്ടായാൽ ഭയന്ന് ഒളിച്ചോടാതെ ഉടൻ തന്നെ പോലീസിലോ സൈബർ സെല്ലിലോ (Cyber Crime Helpline: 1930) പരാതിപ്പെടുക.

ഈ എഴുത്തു ഉപസംഹരിക്കുമ്പോൾ പറഞ്ഞുവെയ്ക്കാനുള്ളത് , പെട്ടെന്നുള്ള പണത്തിന്റെ ആവശ്യങ്ങൾക്കായി മൊബൈൽ ആപ്പുകളെ ആശ്രയിക്കുമ്പോൾ, നമ്മൾ പണയപ്പെടുത്തുന്നത് നമ്മുടെ സ്വകാര്യതയും സമാധാനവും കൂടിയാണെന്ന് ഓർക്കുക. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ജീവിതവും ഭാവിയും ഇത്തരം പതിക്കുഴികളിൽ ഹോമിക്കാതിരിക്കാൻ ജാഗ്രത മാത്രമാണ് ഏക വഴി. സാമ്പത്തിക അച്ചടക്കവും ഡിജിറ്റൽ സാക്ഷരതയും വഴി മാത്രമേ ഈ കെണികളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കൂ.

എം എസ് ഷെബീർ , വടക്കേക്കാട്-