ഇന്ദിരാ ഭവനിലെ 'മയക്കുമരുന്നില്ലാത്ത പോസ്റ്റ്‌മോർട്ടം'

സ്ഥലം: പാലക്കാട്ടെ റോഡുവക്കിലെ ഒരു ചായക്കട.
കഥാപാത്രങ്ങൾ: രാഷ്ട്രീയ നിരീക്ഷകരായ കന്നാസും കടലാസും.
കടലാസ്: (ചായക്കപ്പിലേക്ക് നോക്കി ദീർഘനിശ്വാസം വിട്ട്) എടാ കന്നാസേ, ഈ രാഷ്ട്രീയ ജിംനാസ്റ്റിക്കാർക്ക് ഇപ്പോൾ ഒരു മില്യൺ ഡോളർ ചോദ്യമുണ്ടല്ലോ. വിഎസിനെ കാട്ടി പിണറായി വോട്ട് പിടിച്ചില്ലേ, അതുപോലെ സതീശനെ കാട്ടി കെ.സി. മുഖ്യമന്ത്രിയായാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന്!

കന്നാസ്: (ചായ ഊതിക്കുടിച്ച് പരിഹാസത്തോടെ) അത് കേട്ടാൽ തോന്നും കേരള രാഷ്ട്രീയം മുഴുവൻ ഒരു മിമിക്രി സ്റ്റേജാണെന്ന്! ഒരാൾ വിഎസ് ആയി വേദിയിൽ കൈവീശും, കർട്ടൻ വീഴുമ്പോൾ പിണറായി കസേരയിൽ ഇരിക്കും. കാണികൾ കയ്യടിക്കുകയും ചെയ്യും. അതേ കളി ഇവിടെ കോൺഗ്രസിൽ ആവർത്തിക്കാം എന്ന് കരുതുന്നവൻ്റെ ബുദ്ധി സമ്മതിക്കണം. രാഷ്ട്രീയത്തിൽ കോപ്പിയടിച്ചാൽ ചിലപ്പോൾ മാർക്ക് കിട്ടില്ല, ഡീബാർ കിട്ടും!

കടലാസ്: അത് ശരിയാ. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഇവിടുത്തെ ചാനലുകളിൽ 'അന്തംസ്' കുടിയേറി കഴിഞ്ഞിരുന്നു. ചോദ്യം ചോദിക്കേണ്ട മൈക്കുകൾക്ക് തന്നെ അന്ന് ചെറിയൊരു വിറയൽ ഉണ്ടായിരുന്നു. പക്ഷേ കോൺഗ്രസിന് ആ ഭാഗ്യം കിട്ടില്ല.

കന്നാസ്: കിട്ടില്ലെന്ന് മാത്രമല്ല, പണി പാളുകയും ചെയ്യും. സതീശൻ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണ്. കെ.സി. വരുമ്പോൾ അതേ കണ്ണിൽ ഇവർ മുളകുപൊടി ഇടും. പിന്നെ ലൈവ് ടെലികാസ്റ്റുകളുടെ പൂരമായിരിക്കും. രാവിലെ ബ്രേക്കിംഗ്, ഉച്ചയ്ക്ക് എക്സ്ക്ലൂസീവ്, രാത്രിയിൽ "കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്" എന്ന ഗ്രാഫിക്സ്! ടി.ആർ.പിക്ക് വേണ്ടി മാധ്യമങ്ങൾ പായസം പാകം ചെയ്യും, പക്ഷേ അടിയിൽ കത്തുന്നത് കോൺഗ്രസിൻ്റെ അടുപ്പായിരിക്കും.

കടലാസ്: (ചിരിച്ചുകൊണ്ട്) "ഇന്ദിര ഗ്യാരന്റി ഉടൻ നടപ്പാക്കാം, ആറ് മാസം കൊണ്ട് ബിൽഡപ്പ് ഉണ്ടാക്കാം" എന്നൊക്കെ പറയുന്നത് കേൾക്കാൻ നല്ലതാണ്. പക്ഷേ ഇത് രാഷ്ട്രീയ തന്ത്രമല്ല, സിനിമാ ട്രെയിലറാണ്. തിയേറ്ററിൽ കയറിയാൽ പടം ഓടുമോ എന്നതാണ് ചോദ്യം.

കന്നാസ്: എടാ, സി.പി.എമ്മിൽ സഖാക്കൾ തല കുനിക്കും. കോൺഗ്രസിൽ പാർട്ടി തീരുമാനിച്ചാൽ പത്തു നേതാക്കൾ തല ഉയർത്തും, ഇരുപത് പേർ മൈക്ക് തേടും, മുപ്പത് പേർ ചാനലിൽ പോകും! പാലിൽ ഒരു തുള്ളി സയനൈഡ് മതി കളി തീരാൻ. കോൺഗ്രസിൽ ആ ഒരു തുള്ളി സയനൈഡ് ആവാാൻ ഇവിടെ ഇഷ്ടം പോലെ ആൾക്കാരുണ്ട്. ബാക്കി ജോലി മാധ്യമങ്ങളും ഗ്രൂപ്പുകളും ചെയ്തോളും.

കടലാസ്: ഇപ്പോഴത്തെ ജനവിധി നോക്ക്. ആളുകളെ വെറുപ്പിച്ചാൽ തളിപ്പറമ്പും പയ്യന്നൂരും ഇളകും. പിന്നെയാണോ ഇരിക്കൂറും ആലപ്പുഴയും! ജനങ്ങൾ പിണറായിസം അവസാനിപ്പിക്കാൻ വോട്ട് ചെയ്തത് ആരെ കണ്ടാണ്? ആ ഫ്രെയിമിൽ സതീശനാണ് ഉള്ളത്. ആ മുഖം മാറ്റി മറ്റൊരാളെ വെക്കുന്നത് പോസ്റ്റർ കീറി ഒട്ടിക്കുന്ന പണി മാത്രമാകും.

കന്നാസ്: കെ.സിക്ക് ആറുമാസം മുഖ്യമന്ത്രിയായി ഇരിക്കാൻ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഈ നീക്കം കൊള്ളാം. പത്തു വർഷത്തെ വിവാദവും മുപ്പത് വർഷത്തെ ഗ്രൂപ്പ് പകയും ബോണസായി കിട്ടും. ഇതൊരു രാഷ്ട്രീയ സർജറി ഒന്നുമല്ല, വെറും മയക്കുമരുന്നില്ലാത്ത പോസ്റ്റ്‌മോർട്ടം ആയിരിക്കും!

കടലാസ്: അപ്പോൾ ഇനി എന്തായിരിക്കും ക്ലൈമാക്സ്?

കന്നാസ്: തിരക്കഥ ഇങ്ങനെയാകാനാണ് സാധ്യത. ഹൈക്കമാൻഡ് വരും, 63 എം.എൽ.എമാരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. റിപ്പോർട്ട് ഖാർഗെയ്ക്കും രാഹുലിനും നൽകും. ഭൂരിപക്ഷം കെ.സിക്ക് ഒപ്പമാണെന്ന് വരും. അപ്പോഴാണ് 'ത്യാഗമനസ്കനായ' കെ.സി. രംഗപ്രവേശം ചെയ്യുന്നത്! "ജനവികാരം എനിക്കൊപ്പമല്ല, അതിനാൽ എനിക്ക് കസേര വേണ്ട" എന്ന് അദ്ദേഹം അറിയിക്കും. കെ.സിയുടെ സേവനം ഡൽഹിയിൽ ഒഴിച്ചുകൂടാനാവാത്തതാണെന്ന് പറഞ്ഞ് ഹൈക്കമാൻഡ് അത് ശരിവെക്കും. എല്ലാം ശുഭപര്യവസായിയായി സതീശനിൽ എത്തും!

കടലാസ്: (എഴുന്നേറ്റ് കൊണ്ട്) ഇത് കേവലം മലർപ്പൊടിക്കാരൻ്റെ സ്വപ്നമല്ലല്ലേ, കാലാകാലങ്ങളായി ഇന്ദിരാ ഭവനിൽ നടക്കുന്ന തിരക്കഥയുടെ പുതിയ പതിപ്പ് മാത്രം! വാ, നമുക്ക് പോയി അടുത്ത ചർച്ച നോക്കാം.

ഒരു നോക്കുകൂലിക്കാരന്റെ പര്യവസാനം

കന്നാസും കടലാസും: