എ.ഐ.സി.സി.യുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിലെ പരാജയങ്ങളും സംഘടനാപരമായ വീഴ്ചകളും:

പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ ജാഗ്രതപോലുമില്ലാത്ത എ.ഐ.സി.സി. നേതൃത്വം

ഒരു സാധാരണ ഗ്രാമപഞ്ചായത്ത് വാർഡിൽ മെമ്പറായി മത്സരിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരു പാർട്ടി പ്രവർത്തകൻ പോലും തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അതീവ ജാഗ്രതയും ശ്രദ്ധയും പുലർത്താറുണ്ട്. പത്രികയിലെ ഒരു ചെറിയ പിഴവ് പോലും തന്റെ രാഷ്ട്രീയ ഭാവിയെയും പാർട്ടിയുടെ വിജയസാധ്യതകളെയും ബാധിക്കുമെന്ന് ആ താഴേത്തട്ടിലുള്ള പ്രവർത്തകന് കൃത്യമായി അറിയാം.

എന്നാൽ, രാജ്യത്തെ ഭരിക്കുന്ന പ്രബലമായ രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയോട് ദേശീയതലത്തിൽ പോരാടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമായ എ.ഐ.സി.സി. രാജ്യസഭാ തിരഞ്ഞെടുപ്പ് പോലുള്ള അതീവ പ്രാധാന്യമുള്ള വേദികളിൽപ്പോലും ഇത്തരമൊരു പ്രാഥമിക ജാഗ്രത പുലർത്തുന്നില്ല എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. ഒരു രാജ്യസഭാ എം.പി. സീറ്റ് എന്നത് രാഷ്ട്രീയ സമവാക്യങ്ങളിൽ ഒട്ടും നിസ്സാരമായ ഒന്നല്ല.

എന്നിട്ടും ഇത്തരം തന്ത്രപ്രധാനമായ കാര്യങ്ങളിൽ കാതലായ ശ്രദ്ധയോ ഉത്തരവാദിത്തബോധമോ കാണിക്കാതെ, വീഴ്ചകൾ സംഭവിക്കുമ്പോൾ കേവലം എതിർകക്ഷികളെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും നടപടങ്ങൾ ഇന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് ദേശീയതലത്തിൽ വലിയ നാണക്കേടും അപമാനവും മാത്രമാണ് സമ്മാനിക്കുന്നത്.

മീനാക്ഷി നടരാജന്റെ പത്രിക തള്ളലും ആഭ്യന്തര കറുത്ത കരങ്ങളും

2026 ജൂൺ 18-ന് മധ്യപ്രദേശിൽ നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏക സ്ഥാനാർത്ഥിയായിരുന്ന മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക ജൂൺ 9-ന് സൂക്ഷ്മപരിശോധന വേളയിൽ തള്ളപ്പെട്ടത് കോൺഗ്രസ് നിയമവിഭാഗത്തിന്റെയും നേതൃത്വത്തിന്റെയും തികഞ്ഞ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്.

തെലങ്കാന കോൺഗ്രസിന്റെ എ.ഐ.സി.സി. ഇൻ-ചാർജ് ആയിരുന്ന സമയത്ത് മീനാക്ഷി നടരാജനെതിരെ സമർപ്പിക്കപ്പെട്ട ഒരു സ്വകാര്യ ക്രിമിനൽ പരാതിയിൽ ഹൈദരാബാദ് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ വിവരം നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കേണ്ട ഫോം 26 സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താൻ മീനാക്ഷി നടരാജനും അവരെ സഹായിക്കേണ്ട എ.ഐ.സി.സി. സ്ക്രീനിംഗ് കമ്മിറ്റിക്കും സാധിച്ചില്ല. 

ഈ നിയമപരമായ പഴുത് മനസ്സിലാക്കിയ ബി.ജെ.പി. നിയമവിഭാഗം വെറും നാല് മണിക്കൂറിനുള്ളിൽ കൃത്യമായ രേഖകൾ ശേഖരിച്ച് റിട്ടേണിങ് ഓഫീസറായ മധ്യപ്രദേശ് അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് ശർമ്മയ്ക്ക് മുന്നിൽ ഹാജരാക്കുകയും പത്രിക അസാധുവാക്കിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബി.ജെ.പി. സ്ഥാനാർത്ഥി മഹേഷ് കേവത് ഉൾപ്പെടെയുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും കോൺഗ്രസിന് ഒരു സീറ്റ് പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. 

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിന് പിന്നിൽ എ.ഐ.സി.സി.യിലെ തന്നെ ചില തത്പരകക്ഷികളുടെ 'കറുത്ത കരങ്ങൾ' പ്രവർത്തിച്ചിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തന്നെ ഇതിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പരസ്യമായി രംഗത്തുവന്നിരുന്നു.

കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഈ രാജ്യസഭാ സീറ്റ് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവരാണ് എന്നും, എന്നാൽ പത്രിക സമർപ്പിക്കാൻ തങ്ങൾക്ക് അവസരം ലഭിക്കാതെ വന്നപ്പോൾ അവർ ബോധപൂർവ്വം മീനാക്ഷി നടരാജന്റെ ഫോം തെറ്റിക്കാൻ പിന്നിൽ നിന്ന് കരുക്കൾ നീക്കി കളി നശിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു. 'സ്വന്തം വീട്ടിലെ ആൾക്കാർ തന്നെ ലങ്ക ദഹിപ്പിച്ചു' എന്ന അർത്ഥത്തിൽ ബി.ജെ.പി.

നേതാക്കൾ ഈ ആഭ്യന്തര ശത്രുതയെ പരിഹസിക്കുകയുണ്ടായി. തങ്ങൾക്ക് ലഭിക്കുന്ന ആഭ്യന്തര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ നീങ്ങിയതെന്ന് ബി.ജെ.പി. നേതൃത്വം വെളിപ്പെടുത്തിയത് എ.ഐ.സി.സി.യിലെ ഈ കറുത്ത കരങ്ങളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. 

അതുപോലെതന്നെ പത്രിക തള്ളിയയുടൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലും ഭോപ്പാലിലും റോട്ടിൽ കുത്തിയിരുന്നുള്ള സമരങ്ങൾക്കും പട്ടിണി സമരങ്ങൾക്കും എ.ഐ.സി.സി. നേതാക്കൾ മുതിർന്നു.

എന്നാൽ, ഇത്തരത്തിൽ വൈകി ഓടിയെത്തി തെരുവിൽ ബഹളം വെക്കുന്നതിന് പകരം, പത്രിക തള്ളാതിരിക്കാനുള്ള മുൻകരുതലുകളും അതീവ ജാഗ്രതയോടുള്ള സൂക്ഷ്മനിരീക്ഷണവുമായിരുന്നു സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ എ.ഐ.സി.സി.യുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്.

പ്രാഥമികമായ നിയമപരിശോധന പോലും മുൻകൂട്ടി നടത്താൻ കഴിയാത്ത എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാർ പരാജയം സംഭവിച്ച ശേഷം തെരുവിൽ സമരം നയിക്കുന്നത് കേവലം നാടകം മാത്രമാണ്. 

ഈ പരാജയം സംഭവിച്ചയുടൻ സ്വയം തിരുത്തലുകൾ നടത്തുന്നതിന് പകരം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് നേതാക്കളും ഈ നടപടിയെ ബി.ജെ.പി.യുടെ 'സീറ്റ് മോഷണം' എന്നും 'ഭരണഘടനാപരമായ ഗൂഢാലോചന' എന്നും വിളിച്ച് രംഗത്തെത്തി.

ഇത്തരം വിലകുറഞ്ഞ ന്യായീകരണങ്ങൾ ഉന്നയിച്ച് തടിയൂരാൻ ശ്രമിക്കുന്ന ജനറൽ സെക്രട്ടറിയുടെയും കൂട്ടരുടെയും നടപടി കോൺഗ്രസ് അണികൾക്കിടയിൽപ്പോലും ശക്തമായ അമർഷത്തിന് കാരണമായിട്ടുണ്ട്. ഒരു സാധാരണ സ്ഥാനാർത്ഥി പോലും കാണിക്കുന്ന പ്രാഥമികമായ നിയമപരിശോധന തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നടത്താൻ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ ഭരണപരമായ കെടുകാര്യസ്ഥതയെയാണ് കാണിക്കുന്നത്. 

ഹൈക്കമാൻഡിന്റെ കടുത്ത അസംതൃപ്തിയും സോണിയാ ഗാന്ധി, ഖാർഗെ, രാഹുൽ, പ്രിയങ്ക എന്നിവരുടെ നിലപാടും

ആവർത്തിച്ചുണ്ടാകുന്ന സംഘടനാപരമായ പരാജയങ്ങളിലും നിയമപരമായ വീഴ്ചകളിലും കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ ഈ സംഭവങ്ങളിൽ അതീവ അസംതൃപ്തരും ക്രുദ്ധരുമാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പാർട്ടി നേരിടുന്ന ദയനീയ പരാജയങ്ങൾ എ.ഐ.സി.സി. സെക്രട്ടറിമാരുടെ ഏകോപനമില്ലായ്മ കൊണ്ടാണെന്ന് അവർ വിലയിരുത്തുന്നു. ജാഗ്രതയില്ലാതെയും തെറ്റായ സ്ഥാനാർത്ഥി നിർണ്ണയം വഴിയും ബി.ജെ.പി.ക്ക് മുന്നിൽ വിജയങ്ങൾ വെറുതെ എറിഞ്ഞുകൊടുക്കുന്ന സംഘടനാ രീതി ഇനിയും അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ.

സച്ചിൻ പൈലറ്റിനെയും ശശി തരൂരിനെയും മുന്നിൽ നിർത്തിയുള്ള നേതൃമാറ്റ ചർച്ചകൾ

ഈ സംഘടനാ തകർച്ചയ്ക്ക് തടയിടാൻ എ.ഐ.സി.സി.യുടെ തലപ്പത്ത് അടിയന്തരമായി ശക്തമായ നേതൃമാറ്റവും യുവരക്തത്തിന്റെ സാന്നിധ്യവും ഉണ്ടാകണമെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ ആവശ്യം. ജനപ്രിയനും ഊർജ്ജസ്വലനുമായ സച്ചിൻ പൈലറ്റിനെപ്പോലെയുള്ള മികച്ച അടിത്തറയുള്ള നേതാക്കളെ എ.ഐ.സി.സി.യുടെ സംഘടനാപരമായ തലപ്പത്തേക്ക് എത്രയും വേഗം കൊണ്ടുവരണമെന്ന് പ്രിയങ്കാ ഗാന്ധി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം തന്നെ, വിശ്വപൗരനായ ഡോ. ശശി തരൂരിനെ എത്രയും വേഗം എ.ഐ.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന ആവശ്യവും പാർട്ടിയിലെ ഒരു വലിയ വിഭാഗം യുവപ്രവർത്തകർക്കിടയിൽ ശക്തമാണ്. നിലവിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമില്ലാതെ വഴിതെറ്റി നീങ്ങുകയും ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരെ കോൺഗ്രസിലേക്ക് ആകെ ആകർഷിക്കാൻ തരൂരിന്റെ ബൗദ്ധികമായ വ്യക്തിത്വത്തിനും ആഗോള പ്രതിച്ഛായയ്ക്കും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രവർത്തകരുടെ പ്രതീക്ഷ: ശശി തരൂരിനെപ്പോലൊരു നേതാവ് അമരത്തെത്തിയാൽ ചെറുപ്പക്കാർ ഒന്നടങ്കം കോൺഗ്രസിലേക്ക് ഒഴുകിയെത്തുമെന്നും, ഇത് പാർട്ടിയുടെ യുവജന അടിത്തറയെ അടിമുടി പരിഷ്കരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

സച്ചിൻ പൈലറ്റിനെപ്പോലെ സംഘടനാ മികവുള്ള യുവനേതാക്കളുടെയും, ശശി തരൂരിനെപ്പോലെ ജനപ്രിയരായ ആഗോള നേതാക്കളുടെയും കടന്നുവരവ് മാത്രമേ കോൺഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുനൽകാൻ സഹായിക്കൂ എന്ന് ഉന്നത നേതൃത്വവും ഇപ്പോൾ ഗൗരവമായി ചിന്തിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷങ്ങളിലെ എ.ഐ.സി.സി.യുടെ പരാജയങ്ങളും ആവർത്തിക്കുന്ന തെറ്റുകളും

കോൺഗ്രസ് നേരിടുന്ന സംഘടനാ പരാജയങ്ങൾക്ക് ഒരു ദശകത്തോളം നീണ്ട ചരിത്രമുണ്ട്. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുടെയും നിരന്തരമായ പിഴവുകൾ കാരണമാണ് കോൺഗ്രസ് അധികാരത്തിൽ നിന്നും രാജ്യസഭാ സീറ്റുകളിൽ നിന്നും അപ്രത്യക്ഷമായത്.

ജയന്തി നടരാജന്റെ രാജി (2015)

യു.പി.എ. രണ്ടാം സർക്കാരിന്റെ കാലത്ത് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ജയന്തി നടരാജന്റെ രാജി എ.ഐ.സി.സി.യുടെ ആഭ്യന്തര ആശയവിനിമയ തകർച്ചയുടെ വലിയ ഉദാഹരണമായിരുന്നു. തന്റെ മന്ത്രാലയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നും, പരിസ്ഥിതി അനുമതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പാർട്ടി നേതൃത്വവും സോണിയാ ഗാന്ധിയും തനിക്ക് യാതൊരു പ്രതിരോധവും നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി 2015 ജനുവരി 30-നാണ് അവർ കോൺഗ്രസ് വിട്ടത്. മുതിർന്ന നേതാക്കൾക്ക് നീതി നൽകുന്നതിൽ എ.ഐ.സി.സി. കാണിച്ച അനാസ്ഥയ്ക്ക് കോൺഗ്രസിന് വലിയ വില നൽകേണ്ടിവന്നു. 

രാജ്യസഭാ തിരഞ്ഞെടുപ്പുകളിലെ ഗുരുതര വീഴ്ചകൾ (2022-2026)

അടുത്ത കാലത്തായി വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ എ.ഐ.സി.സി. വരുത്തിയ വീഴ്ചകൾ അതിഭീകരമാണ്:

  • ഹരിയാന (ജൂൺ 2022): കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കന്റെ പരാജയം എ.ഐ.സി.സി. ഇൻ-ചാർജ് വിവേക് ബൻസാലിന്റെ വീഴ്ചയുടെ തെളിവാണ്. കുൽദീപ് ബിഷ്ണോയിയുടെ ക്രോസ് വോട്ട് തടയാൻ എ.ഐ.സി.സി.ക്ക് കഴിഞ്ഞില്ല. കൂടാതെ ഒരു കോൺഗ്രസ് എം.എൽ.എ. വോട്ട് രേഖപ്പെടുത്തിയതിലെ പിഴവ് മൂലം വോട്ട് അസാധുവായി. തന്നെ എം.എ.എൽ.എ. വഞ്ചിക്കുകയായിരുന്നു എന്ന് ബൻസാൽ പിന്നീട് ഏറ്റുപറഞ്ഞു.
  • ഹിമാചൽ പ്രദേശ് (ഫെബ്രുവരി 2024): ഭൂരിപക്ഷമുണ്ടായിട്ടും ആറ് വിമത കോൺഗ്രസ് എം.എൽ.എ.മാരും മൂന്ന് സ്വതന്ത്രരും ബി.ജെ.പി.ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ സ്ഥാനാർത്ഥിയായ അഭിഷേക് മനു സിങ്‌വി ദയനീയമായി പരാജയപ്പെട്ടു. എ.ഐ.സി.സി. നിരീക്ഷകരായ ഭൂപീന്ദർ സിങ് ഹൂഡ, ഭൂപേഷ് ബാഗേൽ, ഡി.കെ. ശിവകുമാർ എന്നിവർക്ക് ഭിന്നതകൾ മുൻകൂട്ടി പരിഹരിക്കാൻ സാധിച്ചില്ല. 
  • ഹരിയാന (മാർച്ച് 2026): കരംവീർ സിങ് ബൗദ്ധിന്റെ വിജയത്തിനായി 37 എം.എ.എൽ.എ.മാരുടെ പിന്തുണയുണ്ടായിട്ടും എ.ഐ.സി.സി.യുടെ ഏകോപനമില്ലായ്മ കാരണം 4 കോൺഗ്രസ് വോട്ടുകൾ അസാധുവാകുകയും ചിലർ ക്രോസ് വോട്ട് ചെയ്യുകയും ചെയ്തു. വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് സ്ഥാനാർത്ഥി രക്ഷപ്പെട്ടത്. ഇതിനെത്തുടർന്ന് അഞ്ച് എം.എൽ.എ.മാരെ പാർട്ടിക്ക് സസ്പെൻഡ് ചെയ്യേണ്ടിവന്നു. 

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രപരമായ പരാജയങ്ങൾ

  • ഗോവ, മണിപ്പൂർ (2017) & മേഘാലയ (2018): ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാർ വരുത്തിയ അനാവശ്യ കാലതാമസം കാരണം ബി.ജെ.പി. പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിച്ചെടുത്തു.
  • മധ്യപ്രദേശ് (2020): ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ എ.ഐ.സി.സി. അവഗണിച്ചതിനെ തുടർന്ന് അദ്ദേഹം 22 എം.എൽ.എ.മാരുമായി ബി.ജെ.പി.യിലേക്ക് ചേക്കേറുകയും കമൽനാഥ് സർക്കാർ തകരുകയും ചെയ്തു. 
  • ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് (2024): ഭൂപീന്ദർ സിങ് ഹൂഡ പക്ഷത്തിന് എ.ഐ.സി.സി. അമിത പ്രാധാന്യം നൽകിയപ്പോൾ അസംതൃപ്തരായ കുമാരി സെൽജയും രൺദീപ് സുർജേവാലയും എ.ഐ.സി.സി. ഇൻ-ചാർജ് ദീപക് ബാബരിയയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയിട്ടും ഹൈക്കമാൻഡ് ഇടപെട്ടില്ല. ഇത് ദളിത് വോട്ടുകൾ പാർട്ടിയിൽ നിന്നകറ്റുകയും വലിയ തോൽവിക്ക് കാരണമാവുകയും ചെയ്തു. 

അടിയന്തര തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഗതി ഗോവിന്ദ’ തന്നെ

രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ വിജയസാധ്യതകൾ നിർണ്ണയിക്കുന്നത് അതീവ സങ്കീർണ്ണവും എന്നാൽ കൃത്യവുമായ വോട്ടിങ് ക്വോട്ട കണക്കുകളെ അടിസ്ഥാനമാക്കിയാണ്.

ആകെ പോൾ ചെയ്യുന്ന സാധുവായ വോട്ട് മൂല്യത്തെ തെരഞ്ഞെടുക്കേണ്ട ആകെ സീറ്റുകളുടെ എണ്ണത്തോട് ഒന്ന് കൂട്ടിയ സംഖ്യ കൊണ്ട് ഹരിക്കുകയും, അതിൽ കിട്ടുന്ന ഫലത്തോട് വീണ്ടും ഒന്ന് കൂട്ടുകയും ചെയ്താണ് ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആവശ്യമായ കുറഞ്ഞ ക്വോട്ട വോട്ടുകൾ നിശ്ചയിക്കുന്നത്.

വോട്ടുകൾക്ക് വലിയ മൂല്യമുള്ള ഇത്തരം തിരഞ്ഞെടുപ്പുകളിൽ ഓരോ സിംഗിൾ വോട്ടും അതീവ നിർണ്ണായകമാണ്. എന്നാൽ ഇത്തരം സങ്കീർണ്ണമായ വോട്ടിങ് പ്രക്രിയകളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരും ഇൻ-ചാർജ്ജുമാരും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.

പരാജയങ്ങൾക്ക് ശേഷം ഇ.വി.എം. ക്രമക്കേടുകളെയോ ബി.ജെ.പി.യുടെ 'സീറ്റ് മോഷണത്തെയോ' മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാൻ നോക്കുന്നത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും മറ്റ് നേതാക്കളുടെയും പരാജയം മറച്ചുവെക്കാനുള്ള തന്ത്രം മാത്രമാണ്. 

പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നതുപോലെ സച്ചിൻ പൈലറ്റിനെപ്പോലെയുള്ള സമർത്ഥരും അടിത്തട്ടിൽ സ്വാധീനമുള്ളവരുമായ യുവനേതാക്കൾ എ.ഐ.സി.സി.യുടെ നിർണായക പദവികളിലേക്ക് കടന്നുവന്നില്ലെങ്കിൽ, വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ 'ഗതി ഗോവിന്ദ തന്നെയായിരിക്കും' എന്നതിൽ യാതൊരു സംശയവുമില്ല. തികഞ്ഞ ജാഗ്രതയോടും ദീർഘവീക്ഷണത്തോടും കൂടി സംഘടനയെ പുനർനിർമ്മിച്ചാൽ മാത്രമേ കോൺഗ്രസിന് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽപ്പുള്ളൂ.

ദൽഹി വായനയിൽ ആർ ജെ: