“മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചതിക്കുഴിയിൽ വീഴരുത്”: ജി. ശക്തിധരന്റെ വിമർശനം

ജി. ശക്തിധരൻ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനം അദ്ദേഹം ആ ചുമതല ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും മോശപ്പെട്ട ഒന്നായിരുന്നു. മുഖ്യമന്ത്രിയെ തുടർച്ചയായി അപമാനിക്കുകയായിരുന്നു തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ. ഒരു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഇത്രത്തോളം താഴരുതായിരുന്നു. അലങ്കോലമാക്കാൻ കച്ചകെട്ടിയിറങ്ങിയവർ ഉണ്ടെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അവസരത്തിനൊത്തുയരാത്തത്? ഇത്തരമൊരു രീതി ഇനി അനുവദിച്ചുകൂടാ. എന്തെങ്കിലും അടുക്കും ചിട്ടയും ആ ഹാളിലുണ്ടോ? ആർക്കും എന്തും എപ്പോഴും കയറി ചോദിക്കാമെന്നുവന്നാൽ ഇതിന്റെ യഥാർത്ഥ ഉദ്ദേശലക്ഷ്യം തന്നെ പരാജയപ്പെടും.
നേരിട്ടുള്ള വാർത്താവിനിമയം പിള്ളേരുകളിയാക്കരുത്
മാധ്യമങ്ങളുടെ വളയ്ക്കലും തിരിക്കലുമില്ലാതെ പൊതുജനത്തിന് ഭരണകാര്യങ്ങൾ നേരിട്ട് തത്സമയം അറിയാൻ അവസരം ലഭിക്കുന്ന സുപ്രധാന വേദിയാണിത്. അതിന്റെ അന്തസ്സും മേന്മയും നഷ്ടപ്പെടുത്തരുത്. മുൻ മുഖ്യമന്ത്രിയാണ് ഇത്രത്തോളം വിവരങ്ങൾ കൈമാറാൻ ശ്രമിച്ചിരുന്നതെങ്കിൽ ഇതുപോലെ കോലാഹലം അവിടെ ഉണ്ടാക്കാൻ അനുവദിക്കുമായിരുന്നോ? നിർഭാഗ്യവശാൽ ഇപ്പോഴത്തെ പത്രസമ്മേളനങ്ങൾ വെറും പിള്ളേരുകളിയായി അധഃപതിച്ചിരിക്കുകയാണ്.
പ്രതികരണങ്ങളെ വക്രീകരിക്കുന്ന ടെലിവിഷൻ ശൈലി
മാധ്യമങ്ങൾ മുൻകൂട്ടി കരുതിവെച്ചിരിക്കുന്ന മറുപടിയല്ല മുഖ്യമന്ത്രിയിൽ നിന്ന് കിട്ടുന്നതെങ്കിൽ അതിനെ വക്രീകരിച്ച് സ്വന്തം കമന്റുകൾ വാർത്തയാക്കുന്ന ശൈലിയിലേക്ക് ടെലിവിഷൻ ചാനലുകൾ അപഥസഞ്ചാരം നടത്തുകയാണ്. മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന വാദമുഖങ്ങൾ പലതും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്; സംശയമില്ല. പക്ഷേ, തന്റെ ഭാഗം ജനങ്ങളോട് പറയാനുള്ള അവകാശം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇല്ലേ?
തലസ്ഥാനത്തെ മാധ്യമ അഹങ്കാരവും മാറിയ മാധ്യമസംസ്കാരവും
മുഖ്യമന്ത്രിയോട് നേർക്കുനേർ ഇരുന്ന് സംസാരിക്കുന്നത് എത്ര അഹങ്കാരത്തോടെയാണ്! നിയമത്തിനും ചട്ടങ്ങൾക്കും അതീതരാണോ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ? സെക്രട്ടേറിയറ്റിലെ പത്രസമ്മേളനങ്ങളിൽ—കാബിനറ്റിന് ശേഷമുള്ളവയിലായാലും സാധാരണ വാർത്താസമ്മേളനങ്ങളിലായാലും—അതിനിശിതമായി ഇടപെട്ടിരുന്ന ഒരാളായിരുന്നു ഞാൻ. അക്കാലത്ത് കാബിനറ്റ് കഴിഞ്ഞുള്ള പത്രസമ്മേളനങ്ങളിൽ എന്നെ തള്ളിത്തള്ളി മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇരിപ്പിടത്തിനടുത്തേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് ചിലരുടെ കുതന്ത്രമായിരുന്നു. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയും ഞാനും തമ്മിൽ പൊരിഞ്ഞ തല്ല് നടക്കട്ടെ എന്നതായിരുന്നു അവരുടെ ആഗ്രഹം; കാരണം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചുണ്ടാക്കുന്ന ഒന്നായിരിക്കും അന്നത്തെ എന്റെ ലീഡ് വാർത്ത.
"ഇപ്പോൾ പൊട്ടും വെടി" എന്ന് സഹലേഖകർ പ്രവചിക്കുന്നത് കേൾക്കുമ്പോൾ കണ്ണിറുക്കിക്കാട്ടി ആ സംഘർഷത്തിൽ അയവുണ്ടാക്കുന്ന കെ. കരുണാകരന്റെ പതിവ് രാഷ്ട്രീയ തന്ത്രം എങ്ങനെ മറക്കാൻ പറ്റും? എന്തെങ്കിലും അലോസരമുണ്ടായാൽ അത് എന്റെ തൊഴിലിനെയും സ്ഥാനത്തെയുമാകും ബാധിക്കുക എന്ന ബോധ്യവും, ഒപ്പം അതികായരായ സീനിയർ മാധ്യമപ്രവർത്തകരുടെ സാന്നിധ്യവും എന്റെ മുന്നിലും കർശനമായ ഒരു ലക്ഷ്മണരേഖ വരച്ചിരുന്നു.
മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയെ ചവിട്ടിയരക്കുമ്പോൾ
ഇപ്പോഴാകട്ടെ മാധ്യമരംഗത്ത് സർവ്വത്ര അലങ്കോലമാണ്. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയെ അല്ലേ ഏതാനും പേർ ചേർന്ന് ഇത്തരത്തിൽ ചവിട്ടിയരക്കുന്നത്! നിർഭാഗ്യവശാൽ മറ്റു സഹമാധ്യമങ്ങൾ ഇതിന് കണ്ണടച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാധ്യമങ്ങൾ ഒരുക്കുന്ന ഇത്തരം ചതിക്കുഴികളിൽ മുഖ്യമന്ത്രി വീണുപോകരുത്.





