കേരള രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകളും മുഖ്യമന്ത്രിയുടെ ശൈലിയും

image

മലപ്പുറത്തെ വെള്ളപ്പാച്ചിലിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കുവാനായി പറക്കുവാൻ ബെംഗളൂരിലെ ജോർജ്ജിന്റെ കൈവശമുള്ള ബീമാനം തന്നെ വേണമായിരുന്നോ ? . ഒരു ദിവസം കഴിഞ്ഞിട്ട് പോയാൽ പോരായിരുന്നോ ? കോൺഗ്രസ്സിനകത്തെ അതികഠിനമായ ഗ്രൂപ്പ് പോരിൽ വിഡിക്ക് എതിരായി നിന്നയാളിന്റെ കൂട്ടുകാരനാണ് ഇപ്പറഞ്ഞ ബെംഗളൂരിലെ ജോർജ്ജ് അച്ചായൻ .

അച്ചായൻ ഇഷ്ടം പോലെ പണം കേരളത്തിലേക്ക് സംഭാവനയായി കൊടുത്തിട്ടുമുണ്ട് . എന്നിട്ടും അങ്ങേര് മനസ്സിൽ കരുതിയ ആളിനെ മുഖ്യമന്ത്രി ആക്കുവാൻ കേരളജനത സമ്മതിച്ചില്ല . അപ്പോൾ പിന്നെ എങ്ങനെയെങ്കിലും ആ മുഖ്യമന്ത്രിക്ക് ഇട്ടു ഒന്ന് കൊടുത്തതാണോ ഈ ബീമാനം മുഖേന സംശയം ആരെങ്കിലും പറഞ്ഞാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല . മംഗലാപുരം ബീമാനം അത്ര പെട്ടെന്ന് അങ്ങ് മറന്നുവോ ? കൂടെയുള്ള ആരെങ്കിലും പണം വാങ്ങി പണിയുന്നതാണോ ?

മുഖ്യമന്ത്രി 25 കൊല്ലങ്ങളായി എംഎൽഎ ആയി മാത്രം ഇരുന്നുകൊണ്ട് കേരളത്തിലെ സകലമാന കമ്മ്യുണിസ്റ്റ് കളികളും , മാപ്രാക്കളുടെ കുത്തിത്തിരുപ്പും കോൺഗ്രസ്സുകാരുടെ കുതികാൽ വെട്ടും കണ്ടു തഴമ്പിച്ച ആളാണ് . പിന്നെ എങ്ങനെയാണ് ഈ വക അനാവശ്യ സ്പോൺസർ ഇടപാടുകളിൽ വശം വദരാകുന്നത് . ഒന്നുകിൽ മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്ന ആരോ പഴത്തിൽ സൂചി കയറ്റുന്നുണ്ട് .

അല്ലെങ്കിൽ മുഖ്യമന്ത്രി ഇപ്പോഴും മുഖ്യമന്ത്രി ആയ ആ ഷോക്കിൽ നിന്നും വിമുക്തമായിട്ടില്ല . എന്ത് തന്നെയായാലും ഡൽഹിക്കെന്നോ ബെംഗളൂർക്കെന്നോ പോകുന്നെന്ന് പറഞ്ഞുകൊണ്ട് ആരുമില്ലാത്ത എവിടെയെങ്കിലും മാറിനിന്നുകൊണ്ട് മനസ്സിനെയും തലച്ചോറിനെയും ശരീരത്തെയും ലേശം തണുപ്പിച്ചില്ലെങ്കിൽ ശത്രുക്കൾ പത്രസമ്മേളനങ്ങളിൽ വന്നിരുന്നു മെഴുകുന്നത് വീണ്ടും കാണേണ്ടി വരും .

അധികാര രാഷ്ട്രീയത്തിലെ തന്ത്രങ്ങളും വെല്ലുവിളികളും

ഈ അടവുനയങ്ങൾ 1991 ഇൽ കരുണാകരനെതിരെയും , 2001 ഇൽ ആന്റണിക്കെതിരെയും 2011 ഇൽ ഉമ്മൻചാണ്ടിക്ക് എതിരെയും ഇവന്മാർ പയറ്റി വിജയിപ്പിച്ചിട്ടുണ്ട് . നേരെ ചൊവ്വേ ഭരിക്കുവാൻ അനുവദിക്കാതെ , നേരെ ചൊവ്വേ വീട്ടിൽ അന്തിയുറങ്ങുവാൻ അനുവദിക്കാതെ കാർപ്പറ്റ് ബോംബിങ് രീതികളാണ് ഇവന്മാർ പയറ്റുന്നത് .

ശത്രുക്കൾ ഒരു ഭാഗത്തും കൂടെ നിൽക്കുന്നവർ മറുഭാഗത്തും കുതികാൽ വെട്ടുവാൻ ശ്രമിക്കുമ്പോൾ ഇട്ടെറിഞ്ഞു പോകുമെന്ന യാഥാർത്ഥ്യം അവർ നേരത്തെ മനസ്സിലാക്കിയിരിക്കുന്നു . മുഖ്യമന്ത്രി എന്നൊക്കെ പറയുമ്പോൾ പിണറായി വിജയൻറെ പരട്ട സ്വഭാവം കാണിച്ചില്ലെങ്കിലും ഇപ്പോൾ വിഡി സതീശൻ കാണിച്ചുകൂട്ടുന്ന എളിമ അഥവാ അമിത വിനയമാണ് പത്രക്കാർക്കും മറ്റുള്ള കീടങ്ങൾക്കും തന്റെ മെക്കട്ട് കയറുവാൻ പ്രചോദനമാകുന്നത് .

പത്രസമ്മേളനങ്ങൾ വളരെ ആസ്വദിച്ചു വിജയിച്ചു പോന്നിരുന്ന മുഖ്യമന്ത്രിയുടെ ചില വീക്ക്നെസ്സുകൾ കാലേക്കൂട്ടി മനസ്സിലാക്കി കൊണ്ട് ചാനലുകളുടെ പേരിൽ പഴയ എസ്എഫ്ഐ ഗുണ്ടകളെ ഇറക്കി വിടുമെന്നതൊക്കെ മനസിലാക്കുവാൻ മുഖ്യമന്ത്രി സ്വന്തം ഇന്റലിജൻസും സർക്കാരിന്റെ ഇന്റലിജൻസും ഉപയോഗിക്കണമായിരുന്നു .

വരുന്ന ഓരോരോ പത്രപ്രവർത്തകനും ചോദ്യങ്ങൾ ഓരോരുത്തരായി ചോദിക്കുന്ന രീതിയിൽ ടോക്കൺ അടിസ്ഥാനത്തിൽ പത്രസമ്മേളനങ്ങൾ ക്രമീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ തോളിൽ കയറിനിന്നുകൊണ്ട് അവന്മാർ അമ്മാനമാടി കളിക്കും എന്നത് തീർച്ചയാണ് . വളരെ ഭംഗിയായി മറുപടികൾ പറയുന്ന കെ മുരളീധരനും , ഇപ്പോൾ പുരോഗമനം കൈവരിച്ച രമേശ് ചെന്നിത്തലയും നന്നായി സംസാരിക്കുന്ന ജനീഷും ഒക്കെ ഈ മാപ്രാക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത് നമ്മുക്ക് കാണാം .

മാധ്യമങ്ങളുടെ സമീപനവും ഭരണകൂട ജാഗ്രതയും

മുഖ്യമന്ത്രിയുടെ മുഖഭാവങ്ങളും , ശരീര ഭാഷയും മാറുന്നത് കാണുമ്പോൾ മാപ്രാക്കൾക്ക് കൂടുതൽ എളുതരം ലഭിക്കുന്നത് പോലെ തോന്നുന്നു . അതുപോലെ മുഖ്യമന്ത്രി ജനങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ കുറച്ചുകൂടി ഗൗരവസ്വഭാവം നല്ലതാണ് . കമ്മ്യുണിസ്റ്റുകാരന്റെ ഗർവ് അല്ല ഉദ്ദേശിച്ചത് . സെൽഫി എടുക്കുവാൻ ആളുകൾ വരുമ്പോളും കുട്ടികളുമായി സംവദിക്കുമ്പോളും അമിത വിനയത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല .

അതുപോലെ ഇക്കഴിഞ്ഞ ആഴ്ച കണ്ടമാനം പണം മുഖ്യമന്ത്രിയെ തകർക്കാനായി റിപ്പോർട്ടർ ചാനൽ പത്തോളം ഓൺലൈൻ പത്രങ്ങൾക്കും ചാനൽ അന്തിചർച്ചക്കാർക്കും വീശിയിട്ടുണ്ട് . ദൂൾ ന്യൂസ് , സമകാലിക മലയാളം , എക്സ്പ്രസ്സ് കേരളം, സൗത്ത് ലൈവ് , കൈരളി , ദേശാഭിമാനി , ട്രൂ കോപ്പി എന്നിവർക്ക് ഈയിടെയായി നല്ല വരുമാനമാണ് . മരം മുറിക്കാർ ജീവന്മരണ പോരാട്ടമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് .

വിഡി യെ മുഖ്യമന്ത്രിയാക്കുവാനായി പോരാടിയ നല്ല യുഡിഎഫുകാർ ഒന്നടങ്കം മൗനത്തിലാണ് . അന്ന് വിഡി യെ കണ്ണടച്ചു സഹായിച്ച മാധ്യമങ്ങൾ കടുത്ത നിരാശയിലാണ് . കാരണം ഭരണം കിട്ടിയപ്പോൾ , കസേര കിട്ടിയപ്പോൾ അവർക്കൊക്കെ ഒരു നന്ദി പറയുവാൻ ആരും മുതിർന്നില്ല എന്നതുതന്നെ പ്രധാന കാരണം . ആ നല്ല പ്രവർത്തകർക്കോ മാധ്യമങ്ങൾക്കോ പണത്തിനോ മറ്റുള്ള അനുകൂല്യങ്ങൾക്കോ വേണ്ടിയല്ല വിഡി സതീശനെ കയ്യും മെയ്യും മറന്നു പിന്തുണച്ചത് .

പക്ഷെ അധികാരം കയ്യിൽ കിട്ടിയപ്പോൾ എല്ലാവരും പ്രൈവറ്റ് ജെറ്റുകാരുടെയും പ്രാഞ്ചിയേട്ടന്മാരുടെയും കൂടെ പോയി എന്നാണ് നല്ല പ്രവർത്തകരുടെ മനസ്സിനുള്ളിലെ വേദന . അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ എന്നാണ് പൊതുവെ സംസാരം . ആയതിനാൽ ആരെയും പെട്ടെന്ന് മറക്കാത്ത മുഖ്യമന്ത്രി കുറച്ചുകൂടി റിലാക്സ് മൂഡിൽ കാര്യങ്ങൾ നീക്കണമെന്ന് അഭ്യർത്ഥനയുണ്ട് .

രാഷ്ട്രീയ കേരളത്തിന്റെ പാഠങ്ങളും മുന്നറിയിപ്പുകളും

കഴിഞ്ഞ പത്തുകൊല്ലമായി കേരളത്തിൽ മരം വെട്ടും കടുംവെട്ടുമായി നീങ്ങിയ കുറെ കള്ളക്കൂട്ടങ്ങൾ ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ് . അല്ലെങ്കിൽ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു എന്നതുകൊണ്ട് അവർ എന്തും ചെയ്യും . അവർ കാരണഭൂതനായി കൊണ്ട് നടന്നിരുന്ന ആളിനെ വരെ എസ്ഐടി വിക്രമനെ കൊണ്ട് പൂട്ടും എന്ന് മനസ്സിലാക്കിയ കള്ളക്കൂട്ടങ്ങൾ ആദ്യമൊക്കെ കോമ്പ്രമൈസ് രാഷ്ട്രീയം കളിക്കാം എന്ന് വ്യാമോഹിച്ചിരുന്നു .

പക്ഷെ കാര്യങ്ങൾ നടക്കുന്നതും പൂട്ടുന്നതും പ്രതീക്ഷിച്ചതിലും നേരത്തെ ആയതുകൊണ്ട് അവർ എന്ത് തെണ്ടിത്തരവും ചെയ്തേക്കാം . അതിന്നായി പത്രസമ്മേളനങ്ങളിൽ ഗുണ്ടകൾ വരെ എത്തിയേക്കാം . മുഖ്യമന്ത്രി കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കുക . കൂടുതൽ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക . എല്ലാ ചന്തക്കും പോകാതിരിക്കുക . കാണുവാനും കൂടെ കൂടുവാനും വരുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാക്കുവാൻ പ്രത്യേക ടീമിനെ കൂടെ കൂട്ടുക . കൂടെയുള്ളവരിൽ ജോപ്പൻമാർ ഇല്ലാതിരിക്കുവാൻ ശ്രദ്ധിക്കുക . സരിതമാരും സ്വപ്നം കാണുന്നവരും മറ്റും കയറിക്കൂടുന്നില്ലെന്നു ഉറപ്പു വരുത്തുക .

ഭരണം നഷ്ടപെട്ട വേദനയിൽ കിണരേഷിനെ പ്പോലുള്ളവർ ഇപ്പോഴും എകെജി സെന്ററിലെ വരാന്തയിലിരുന്നു ഇപ്പോഴും കുനുഷ്ടുകൾ മെനഞ്ഞുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം മനസ്സിൽ ഉണ്ടായിരിക്കണം . ഒറ്റപ്പാലത്തെ ഡോക്ടർ ആകപ്പാടെ വിറളി പിടിച്ചു ഇരുന്നു എഴുത്താണ് . കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനാകുവാൻ പ്രതിജ്ഞ എടുത്തുനടക്കുന്ന മരംമുറി കള്ളന്മാർ പല പെണ്ണുങ്ങളെയും കെട്ടഴിച്ചു വിടുവാനും സെൽഫി എടുപ്പിക്കാനും കൂടെയുള്ളവരെ പൂട്ടുവാനും കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഉറങ്ങുമ്പോഴും ആവശ്യമാണ് .

ആയതിനാൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ട !! സാക്ഷാൽ കെ കരുണാകരനെ കരയിപ്പിച്ചു ഇറക്കി വിട്ട നാടാണ് . ഗൗരിയമ്മയെയും എവി രാഘവനെയും വഴിയാധാരമാക്കുവാൻ ശ്രമിച്ച നാടാണ് . വിഎസിനെ തോൽപ്പിച്ചു വെട്ടി വെയിലത്തുവെക്കാൻ നോക്കിയ നാടാണ് . ഉമ്മൻചാണ്ടിയെ രോഗിയാക്കിയ നാടാണ് . പിണറായി വിജയനെ കാരണഭൂതനാക്കിയ നാടാണ് . വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയ നാടാണ് !!

പിണറായി വിജയൻറെ കടക്കൂ പുറത്ത് ഇപ്പോഴാണ് ശരിയായി തോന്നുന്നത് എന്ന് ദാസനും
മുഖ്യമന്ത്രി ഗിയർ മാറ്റുവാൻ സമയമായി എന്നറിയിച്ചുകൊണ്ട് അഭ്യുദയകാംക്ഷി വിജയനും
image