സ്ഥലം: കോഴിക്കോട്ടെ ഒരു ആധുനിക എസി കഫേ (ബൈ മി കോഫി കട അല്ലാട്ടോ ) മേശപ്പുറത്ത് രണ്ടു കപ്പ് ചൂടുള്ള കാപ്പിയും രണ്ടു പ്ലേറ്റ് ചൂടുള്ള 'ഹോട്ട് ഡോഗും'.

image

(കടലാസ് പ്ലേറ്റിലിരിക്കുന്ന ഹോട്ട് ഡോഗിലേക്ക് ഭയത്തോടെയും സംശയത്തോടെയും നോക്കുന്നു)

കടലാസ്: അല്ല കന്നാസേ, നമ്മൾ ഈ ആസ്വദിച്ചു തിന്നുന്ന സാധനത്തിന്റെ പേരെന്താ പറഞ്ഞേ? 'ഹോട്ട് ഡോഗ്' എന്നല്ലേ? എന്റെ പൊന്നോ, ഏതെങ്കിലും ചാനൽ സിംഹം ഇതിന്റെ പടമെടുത്ത് നാളെ "കന്നാസും കടലാസും നഗരമധ്യത്തിൽ പച്ചപ്പട്ടിയെ കടിച്ചുകുടയുന്നു" എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തു കളയുമോടോ?

കന്നാസ്: (ഉറക്കെ ചിരിച്ചുകൊണ്ട്) ഹാ... നീ പേടിക്കേണ്ട കടലാസേ! അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. പണ്ട് അമേരിക്കയിലെ ജോയി ചെസ്റ്റ്നട്ട് 10 മിനിറ്റുകൊണ്ട് 68 ഹോട്ട് ഡോഗ് തിന്ന് ലോക റെക്കോർഡ് ഇട്ടപ്പോൾ, നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തിന്റെ മുൻപേജിൽ "അമേരിക്കക്കാരൻ 68 പട്ടികളെ പച്ചയ്ക്ക് തിന്നു" എന്ന് വാർത്തെഴുതിയ ചരിത്രമുള്ള നാടാണിത്! വിദേശത്തെ പ്രശസ്തമായ ഫാസ്റ്റ് ഫുഡ് വിഭവമായ 'ഹോട്ട് ഡോഗി'നെ തെരുവ് നായയുടെ ഇറച്ചിയാക്കി മാറ്റി എഴുതിയ അതേ അപാര ബുദ്ധിശക്തി തന്നെയാണ് ഇന്നും നമ്മുടെ പല ന്യൂസ് റൂമുകളെയും നയിക്കുന്നത്.

കടലാസ്: അളിയാ കന്നാസേ, അങ്ങനെയെങ്കിൽ ഈയിടെ ചാനലിൽ വലിയ ബഹളം കേട്ടല്ലോ! നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ നിന്ന് വയറുനിറയെ ഭക്ഷണവും കഴിച്ച് നേരെ കോഴിക്കോട്ടേക്ക് ഓടിയത് ഒരു നാടൻ കാപ്പിക്കട ഉദ്ഘാടനം ചെയ്യാനാണെന്ന് റിപ്പോർട്ടർ ചാനലിലെ അരുൺകുമാർ വിളിച്ചുകൂവിയത് നീ കേട്ടില്ലേ?

കന്നാസ്: കേൾക്കാതിരിക്കുമോ കടലാസേ! "നാട്ടിൽ മഴയും പ്രളയവും ഒക്കെ നടക്കുമ്പോൾ മുഖ്യമന്ത്രി കട്ടൻകാപ്പിയും പരിപ്പുവടയും വിൽക്കുന്ന ചായക്കട ഉദ്ഘാടനം ചെയ്യാൻ നെട്ടോട്ടമോടുന്നു" എന്ന മട്ടിലല്ലേ റിപ്പോർട്ടർ ചാനലിലെ 'മൊട്ട അരുൺകുമാർ' വലിയ 'ബിഗ് ന്യൂസ്' ആക്കി വിളമ്പിയത്! അവസാനം ആ ചാനൽ അവതാരകന് എന്തു പറ്റി എന്ന് അറിയാമോ?

കടലാസ്: എന്താ ഉണ്ടായേ?

കന്നാസ്: സംഭവം നാടൻ ചായക്കട ആയിരുന്നില്ല! കോഴിക്കോട് സ്വദേശികളായ ജിജോ സണ്ണിയും ജോസഫ് സണ്ണിയും അലീഷ ജോണും ചേർന്ന് നിർമ്മിച്ച BUY ME A COFFEE എന്ന ആഗോള ഫിൻടെക് സ്റ്റാർട്ടപ്പിന്റെ പുതിയ ഓഫീസായിരുന്നു! ലോകപ്രശസ്തമായ വൈ കോമ്പിനേറ്ററും സ്ട്രൈപ്പുമൊക്കെ കോടികൾ നിക്ഷേപിച്ച, 44 രാജ്യങ്ങളിലെ 20 ലക്ഷത്തിലധികം ഡിജിറ്റൽ സ്രഷ്ടാക്കൾ ഉപയോഗിക്കുന്ന, ₹400 കോടിയോളം തുകയുടെ ഇടപാട് നടത്തുന്ന വമ്പൻ പ്രസ്ഥാനം!

പേരിൽ 'COFFEE' എന്ന് കണ്ടപ്പോൾ അത് നാട്ടിലെ തട്ടുകടയാണെന്ന് വിചാരിച്ച മാധ്യമപണ്ഡിതന് സോഷ്യൽ മീഡിയയിൽ നിന്ന് ട്രോൾ വയറുനിറയെ കിട്ടിയപ്പോൾ ഒടുവിൽ ലൈവിൽ വന്ന് മാപ്പ് പറഞ്ഞ് വാർത്ത തിരുത്തേണ്ടി വന്നു.

കടലാസ്: (പൊട്ടിച്ചിരിച്ചുകൊണ്ട്) ഹാ ഹാ! അതിനിടയിൽ വേറൊരു കാര്യം കേട്ടത് ശരിയാണോ കന്നാസേ? ഈ 'ബൈ മീ എ കോഫി' കമ്പനിക്കാർ റിപ്പോർട്ടറിലെ മൊട്ട അരുൺകുമാറിന് അവരുടെ കമ്പനിയിൽ ഷെയർ കൊടുക്കുന്നുണ്ടെന്ന് കേട്ടല്ലോ!

കന്നാസ്: (വീണ്ടും ഉറക്കെ ചിരിച്ചുകൊണ്ട്) ഹാ... അത് പിന്നെ കൊടുക്കാതിരിക്കുമോ കടലാസേ! പാവം മനുഷ്യന്മാർ കോടികൾ മുടക്കി പണിയെടുത്തിട്ടും ആളുകൾ അറിയാതെ കിടന്നിരുന്ന ആ കമ്പനിയെ, മൊട്ട തന്റെ ഒരൊറ്റ 'വാർത്താ തള്ളുകൊണ്ട്' ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡ് ആക്കി മാറ്റിയില്ലേ! അതിനുള്ള ഉപകാരസ്മരണയായിട്ടാവും പുള്ളിക്ക് കമ്പനി ഷെയർ വെച്ചു നീട്ടുന്നത്!

കടലാസ്: അടപൊളി! പണ്ട് 'ഹോട്ട് ഡോഗി'നെ പട്ടിയിറച്ചിയാക്കിയ അതേ ഊളകൾ തന്നെയാണ് ഇപ്പോഴും വിവര സാങ്കേതിക വിദ്യയൊന്നും അറിയാതെ BUY ME A COFFEE എന്ന ആഗോള പ്രസ്ഥാനത്തെ ചായക്കടയാക്കി മുഖ്യമന്ത്രിയുടെ നെഞ്ചത്തേക്ക് കയറുന്നത്!
image

കന്നാസ്: അതത്രേ ഉള്ളൂ കടലാസേ! ഈ റിപ്പോർട്ടർ ചാനലിന്റെ സർവേ ബുദ്ധിയെക്കുറിച്ച് ഞാൻ വേറൊരു കഥ പറയാം. തെരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ സമയത്ത്, യു.ഡി.എഫ് ഇത്തവണ കേവല ഭൂരിപക്ഷവും കടന്ന് 102 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്ന് കണക്കുകൾ വന്നപ്പോൾ ഈ ചാനൽ എന്താ പറഞ്ഞതെന്ന് ഓർമ്മയുണ്ടോ?

കടലാസ്: എന്താ പറഞ്ഞേ?

കന്നാസ്: "ഏയ്... യു.ഡി.എഫിന് 102 സീറ്റോ? അതൊന്നും ഒരിക്കലും നടക്കില്ല! സാധ്യമേയല്ല! എൽ.ഡി.എഫ് വൻ മുന്നേറ്റം ഉണ്ടാക്കും" എന്നൊക്കെ പറഞ്ഞ് ചാനൽ മുറിയിലിരുന്ന് തള്ളി മറിക്കുകയായിരുന്നില്ലേ! അവസാനം ജനങ്ങൾ വോട്ട് ചെയ്ത് പെട്ടി എണ്ണിയപ്പോൾ യു.ഡി.എഫിന് കൃത്യമായി 102 സീറ്റ് കിട്ടി ഭരണം പിടിച്ച് വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ റിപ്പോർട്ടറിലെ പ്രവചന സിംഹങ്ങളുടെയും മുതലാളിമാരുടെയും കാറ്റ് മുഴുവൻ പോയില്ലേ!

കടലാസ് : എന്നാലും ഈ മൊട്ട എന്തിന്റെ ഡോക്ടർ ആയിരിക്കും ?

കന്നാസ് : മൃഗഡോക്ടർ ആവണമെങ്കിലും ബുദ്ധി വേണം , എന്നാ പിന്നെ എന്തായിരിക്കും ..

കടലാസ്: അതുമാത്രമാണോ കന്നാസേ, ഈ ചാനലുകാർ ഉണ്ടാക്കുന്ന മറ്റ് വാർത്ത തള്ളുകൾ കേട്ടില്ലേ! സ്വകാര്യ നിക്ഷേപകരുടെ പേര് രഹസ്യമാക്കി വെച്ചുകൊണ്ട് ഭരണനേതൃത്വം കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്രകളെയും, പ്രതിപക്ഷ സർവീസ് സംഘടനകളെ പേടിപ്പിക്കാൻ "പഴയ ഭരണകാലത്ത് ചെയ്തതൊന്നും ഞങ്ങൾ മറക്കില്ല, ആവശ്യമെങ്കിൽ കൂട്ട സ്ഥലംമാറ്റം തരും" എന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്ന ഭീഷണികളുമൊക്കെ ചാനലുകളിൽ വലിയ സംഭവമായി ആഘോഷിക്കപ്പെടുകയാണല്ലോ!
കടലാസ്: അല്ല കന്നാസേ, ഇത്രയൊക്കെ തിരിച്ചടി കിട്ടിയിട്ടും ഈ ചാനലുകാർക്ക് ഇത്രയും ധൈര്യം കൊടുക്കുന്നത് ആരായിരിക്കുംടോ?

കന്നാസ്: അതിലൂം വലിയ സംശയമുണ്ടോ കടലാസേ? സ്വന്തം പാർട്ടിയിലെ അസ്വസ്ഥരായ ചില നേതാക്കൾ തന്നെയാണ് ആ ധൈര്യം കൊടുക്കുന്നത്!

കടലാസ്: അത് എങ്ങനെ? വി.ഡി. സതീശൻ പാർട്ടിയിൽ ആരെയും പരിഗണിക്കുന്നില്ല എന്നാണല്ലോ കേൾക്കുന്നത്?

കന്നാസ്: അത് വെറുതെ പറയുന്നതാടോ! പാവം മനുഷ്യന് ഇപ്പോൾ രാവിലെയെഴുന്നേറ്റ് പല്ല് തേക്കാൻ പോലും സമയം കിട്ടുന്നില്ല! പഴയ ഉമ്മൻചാണ്ടിയുടെ അവസ്ഥയാണിപ്പോൾ പുള്ളിക്ക്! കേരളത്തിലെ സകലമാന കോൺഗ്രസ്സുകാരും, വോട്ട് ചെയ്ത സാധാരണക്കാരും പുള്ളിയെ ഒന്ന് കാണാൻ വലിയ ക്യൂവാണ് നിൽക്കുന്നത്! ഇതിനിടയിൽ സ്വന്തം പാർട്ടിയിലെ ചിലർക്ക് കിട്ടേണ്ട സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ അസ്വസ്ഥതയാണ് ചാനലുകാർക്ക് എരിവും പുളിയും കൂട്ടി തീറ്റയായി കൊടുക്കുന്നത്!

കടലാസ്: ഹഹാ! അതിനിടയിൽ വേറൊരു തമാശ കേട്ടോ കന്നാസേ! കഴിഞ്ഞ ദിവസം നമ്മുടെ പൂഞ്ഞാർ എം.എൽ.എ ആഭ്യന്തര മന്ത്രിയെ കാണാൻ ചെന്നപ്പോൾ ആഭ്യന്തര മന്ത്രിക്ക് പൂഞ്ഞാർ എം.എൽ.എയെ തിരിച്ചറിയാൻ പറ്റിയില്ലത്രേ!

കന്നാസ്: (പൊട്ടിച്ചിരിച്ചുകൊണ്ട്) അതിൽ മന്ത്രിയെ എന്ത് കുറ്റം പറയാനാ കടലാസേ! നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവുമൊക്കെ വന്ന് ജനങ്ങൾ വലയുമ്പോൾ പൂഞ്ഞാറിലെ ജനങ്ങളെ നോക്കാതെ അമേരിക്കയിൽ പോയി കറങ്ങി നടക്കാനല്ലേ നമ്മുടെ എം.എൽ.എക്ക് സമയം! മണ്ഡലത്തിലുള്ള സ്വന്തം നാട്ടുകാർക്ക് പോലും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത ആളെയല്ലേ പാവം ആഭ്യന്തര മന്ത്രിക്ക് തിരിച്ചറിയാൻ പറ്റാതിരുന്നത്!

കടലാസ്: എന്നാലും ഈ ചാനൽ വീരന്മാരെയും, മാധ്യമ മുതലാളിമാരെയും, എ.കെ.ജി സെന്ററിലെ പി.ആർ കളിക്ക് നേതൃത്വം കൊടുക്കുന്ന മാഫിയകളെയും പൂട്ടിക്കെട്ടാൻ യാതൊരു നിർവ്വാഹവുമില്ലേ?

കന്നാസ്: ഹേയ്... നീ വി.ഡി ആരാ മോൻ എന്ന് വിചാരിച്ചോ? 'മെല്ലെ തിന്നാൽ മലയും തിന്നാം' എന്ന് കൃത്യമായി അറിയാവുന്ന ആളാ പുള്ളി! ഭരണം അല്പം മുന്നോട്ട് പോകട്ടെ. ഈ ചാനൽ മുതലാളിമാരുടെയും മൊട്ട അരുൺകുമാറിന്റെയും കാര്യത്തിലും, ശബരിമലയിലെ സ്വർണ്ണക്കള്ളന്മാരുടെയും, എ.കെ.ജി സെന്റർ പി.ആർ കളിക്കാരുടെ കാര്യത്തിലും, കഴിഞ്ഞ പത്തുകൊല്ലത്തെ സകലമാന കള്ളന്മാരുടെയും കാര്യത്തിൽ പുള്ളി ഏതാണ്ടൊക്കെ തീരുമാനമാക്കും! കണ്ടോ നീ!

കടലാസ്: ഹഹാ! അതിരിക്കട്ടെ കന്നാസേ, ഈ സോഷ്യൽ മീഡിയയിൽ പോലീസിനെയും ആഭ്യന്തരമന്ത്രിയെയുമൊക്കെ വെല്ലുവിളിച്ചു നടന്ന നമ്മുടെ ഹീറോ അർജുൻ ആയങ്കിയുടെ അവസ്ഥ എന്താണ് ഇപ്പോൾ?

കന്നാസ്: അയ്യോ... ആ കഥ കേട്ടാൽ നീ ചിരിച്ചു മണ്ണുകപ്പും കടലാസേ! ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വന്ന് "ധൈര്യമുണ്ടെങ്കിൽ എന്നെ പിടിക്കെടാ, കൈയ്യിൽ കിട്ടില്ല" എന്നും പറഞ്ഞ് ആഭ്യന്തരമന്ത്രിയെ വൻ വെല്ലുവിളി നടത്തി നടക്കുവായിരുന്നു അവൻ! അവസാനം ഒളിവിൽ പോയി ഒളിച്ചിരുന്നത് എവിടെയാണെന്ന് അറിയാമോ? കണ്ണൂരിൽ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ!

കടലാസ്: എന്നിട്ടോ?

കന്നാസ്: അവിടെപ്പോകാൻ ഇയാൾ ഒരു ഓട്ടോവിളിച്ചു! പുള്ളിയുടെ പെരുമാറ്റം കണ്ട് സംശയം തോന്നിയ ഒരു ഒന്നാന്തരം ഓട്ടോ ഡ്രൈവർ കാര്യം മനസ്സിലാക്കി പോലീസിന് വിവരം കൊടുത്തു! സീൻ മാറിയത് അറിഞ്ഞ പോലീസ് വന്ന് അർധരാത്രി ഫ്ലാറ്റ് വളഞ്ഞ് ഇവനെ ഓടിച്ചിട്ട് പിടിച്ചകത്തിട്ടു! മാധ്യമങ്ങൾ വളഞ്ഞ് ചോദ്യങ്ങൾ ചോദിച്ചപ്പോൾ "കടലിൽ കാണാതായവരെ കിട്ടിയോ" എന്ന് ചോദിച്ച് തമാശ കളിച്ച് ഇളിക്കാനേ ആ പാവത്തിന് കഴിഞ്ഞുള്ളൂ!

കടലാസ്: എന്റെ പൊന്നോ! നോക്കണേ... അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും കോടി സുനിയുമൊക്കെ രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി ചൂടുചോറ് വാരുന്ന വെറും കുട്ടിക്കുരങ്ങന്മാരാണ്! കാര്യസാധ്യത്തിന് ഇവന്മാരെക്കൊണ്ട് സകല തല്ലിപ്പിടുത്തവും ക്വട്ടേഷൻ പണികളും കള്ളക്കടത്തും ചെയ്യിച്ചിട്ട്, കേസും പോലീസുമൊക്കെ വന്നപ്പോൾ 'ഞങ്ങൾക്ക് ഇവരുമായി യാതൊരു ബന്ധവുമില്ലേ' എന്ന് പറഞ്ഞ് യജമാനന്മാർ കൈ മലർത്തി ഊരിപ്പോയി! ഒടുവിൽ പണി മുഴുവൻ കിട്ടിയത് ഈ ഒന്നാംതരം പൊട്ടന്മാരായ കുട്ടിക്കുരങ്ങന്മാർക്ക്!

കന്നാസ്: കൃത്യമായി പറഞ്ഞു കടലാസേ! യജമാനന്മാർക്ക് വേണ്ടി ചൂടുചോറ് വാരിക്ക്, ഒടുവിൽ കൈ പൊള്ളുമ്പോൾ യജമാനന്മാർ എസിയിലിരുന്ന് കാപ്പി കുടിക്കും, ഈ കുട്ടിക്കുരങ്ങന്മാർ ജയിലിൽ കിടന്ന് എണ്ണ എണ്ണും!

കടലാസ്: അല്ല കന്നാസേ, അതിനിടയിൽ പഴയ 'ടീച്ചറമ്മ' സഖാക്കൾക്കൊക്കെ പെട്ടെന്ന് വലിയ ജീവൻ വെച്ചു എന്ന് കേട്ടല്ലോ? എന്താണ് കാര്യം?

കന്നാസ്: (പൊട്ടിച്ചിരിച്ചുകൊണ്ട്) ഹാ... അത് പിന്നെ അങ്ങനെയായിരിക്കുമല്ലോ കടലാസേ! കഴിഞ്ഞ പത്ത് കൊല്ലമായി മാളത്തിൽ ഒളിച്ചു കിടന്നിരുന്ന 'സൈബർ ബുദ്ധിജീവി' സഖാക്കളാണ് ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റ് വന്നിരിക്കുന്നത്!

കടലാസ്: അതെന്താ പത്തു കൊല്ലം അവർ പുറത്തിറങ്ങാതിരുന്നേ?

കന്നാസ്: കഴിഞ്ഞ പത്തു കൊല്ലം ഇവിടെ നടന്നതൊന്നും ഈ സൈബർ ബുദ്ധിജീവികൾ അറിഞ്ഞിരുന്നില്ലടോ! പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതും തട്ടിപ്പുകളും ഇവർ അറിഞ്ഞില്ല, സ്വർണ്ണക്കടത്തും സ്വർണ്ണക്കൊള്ളയും അറിഞ്ഞില്ല, കരിമണൽ കർത്തായുടെ മാസപ്പടിയും പണമിടപാടും അറിഞ്ഞില്ല, സ്പ്രിങ്ക്ലർ ഡാറ്റാ കച്ചവടം അറിഞ്ഞില്ല, കടൽക്കൊള്ള അറിഞ്ഞില്ല, സഖാക്കൾ കരുവന്നൂർ ബാങ്കിൽ കയറി പാവപ്പെട്ടവരുടെ കാശ് കൊള്ളയടിച്ചതൊന്നും ഇവർ അറിഞ്ഞില്ല!

സ്വന്തക്കാർക്ക് വാരിക്കോരി കൊടുത്ത ബന്ധുനിയമനങ്ങളും സഖാക്കന്മാർ ചേർന്ന് കേരളം കട്ടുമുടിച്ചതും ഒന്നും അറിഞ്ഞ ഭാവം നടിക്കാതെ മാളത്തിൽ കിടന്ന സകലമാന ഊളകളും ഇതാ ഇപ്പോൾ സടകുടഞ്ഞെണീറ്റ് വന്ന് സൈബർ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്!

കടലാസ്: ഹാ ഹാ! പുതിയ ഭരണം വന്ന് കാര്യങ്ങളൊക്കെ നന്നായി നടക്കുമ്പോഴുള്ള പച്ച അസൂയ അല്ലാതെ വേറന്താ കന്നാസേ ഇത്!

കന്നാസ്: അത് തന്നെ കടലാസേ! ഈ അസൂയയും വിഡ്ഢിത്തങ്ങൾ വിളമ്പുന്ന മാധ്യമങ്ങളും വിവരമില്ലാത്ത കുട്ടിക്കുരങ്ങന്മാരും ഉള്ളിടത്തോളം കാലം നമുക്ക് സുഖമായി ചിരിച്ചു ജീവിക്കാം! വാടോ പോവാം!

മോഹൻദാസ് അപ്പ : കടലാസും കന്നാസും

image